
വയനാട്: ''എല്ലാരും പ്രാർഥിക്ക്യാ, അല്ലാതെന്താ, വേറൊന്നും പറയാനില്ല. നോക്കട്ടെ അവിടെപ്പോയിട്ട് എന്താണെന്നറിയത്തില്ല. അവിടെപ്പോയിട്ട് നോക്കാം'', നിറഞ്ഞ ചിരിയോടെ ഈ വീഡിയോയിൽ സംസാരിക്കുന്നത് അശ്വതിയാണ്. കഴിഞ്ഞ ദിവസം കൊവിഡിന് കീഴടങ്ങിയ വയനാട്ടിലെ ആരോഗ്യപ്രവർത്തക.
കൂട്ടുകാരിലൊരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് അശ്വതിയോട് സംസാരിച്ചതിന്‍റെ ദൃശ്യം വീഡിയോയിൽ പകർത്തിയിരുന്നു. സൗമ്യമായി, ചുറുചുറുക്കോടെ നിൽക്കുന്ന അശ്വതിയെ കാണാം ഈ വീഡിയോയിൽ.
രണ്ട് ഡോസ് വാക്സീനും സ്വീകരിച്ചതാണ്. ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡോക്ടർമാർ ഉൾപ്പടെ പരിചരിക്കാനുണ്ടായിരുന്നു. എന്നിട്ടും അശ്വതിക്ക് മരണത്തിന് കീഴടങ്ങേണ്ടി വന്നതിന്‍റെ ഞെട്ടൽ വീട്ടുകാർക്കും നാട്ടുകാർക്കും കൂട്ടുകാർക്കും വിട്ടുമാറിയിട്ടില്ല. ബത്തേരി സർക്കാർ ആശുപത്രിയിലെ ലാബ് ടെക്നീഷ്യനായ അശ്വതിയെ രോഗം ഗുരുതരമായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നത് വഴിയാണ് മരണം സംഭവിച്ചത്.
അശ്വതിയുടെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കണമെന്ന ആവശ്യമാണ് ബന്ധുക്കളും നാട്ടുകാരും ഉന്നയിക്കുന്നത്. ആരോഗ്യമേഖലയില്‍ വയനാട്ടിലുള്ള സൗകര്യങ്ങളുടെ കുറവ് മരണത്തിന് കാരണമാക്കിയെന്നാണ് ബന്ധുക്കൾ പറയുന്നത്.
ലാബ് ടെക്നീഷ്യനായ അശ്വതിക്ക് ബത്തേരി താലൂക്കാശുപത്രിയിലെ കൊവിഡ് ലാബില്‍വെച്ചാകാം രോഗം പിടികൂടിയിരിക്കുക എന്നാണ് ആരോഗ്യവകുപ്പിന്‍റെ നിഗമനം. വയനാട്ടില്‍ ആവശ്യത്തിന് ആംബുലന്‍സ് സേവനമില്ലാത്തതിനാല്‍ മെഡിക്കല്‍ കോളേജിലെത്താന്‍ വൈകിയത് മരണത്തിന് കാരണമായി ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
തോട്ടം തോഴിലാളിയായ അശ്വതിയുടെ പിതാവ് ഉണ്ണികൃഷ്ണനെയും കുടുംബത്തെയും സര്‍ക്കാര്‍ സംരക്ഷിക്കണമെന്നാണ് ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെടുന്നത്. അശ്വതി രണ്ടുവര്‍ഷം മുമ്പാണ് മാനന്തവാടിയിലെ വയനാട് ജില്ലാ ആശുപത്രിയില്‍ ലാബ് ടെക്നീഷ്യനായി ജോലിയില്‍ പ്രവേശിച്ചത്. മികച്ച സേവനം പരിഗണിച്ചായിരുന്നു ബത്തേരിയിലേക്കുള്ള സ്ഥലം മാറ്റം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam