
തിരുവനന്തപുരം: കുവൈറ്റില്‍ കുടുങ്ങിയ മലയാളി യുവതിയുടെ മോചനത്തിന് നോര്‍ക്ക റൂട്ട്‌സ് കുവൈറ്റിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ശ്രമം ഉർജിതമാക്കി. ഗാര്‍ഹിക ജോലിക്കായി കുവൈറ്റിലെത്തിയ എറണാകുളം ചേറായി സ്വദേശി അജിതയാണ് കടുത്ത തൊഴില്‍ പീഡനത്തിന് ഇരയായിരിക്കുന്നത്.
ജോലി സ്ഥലത്ത് തടവിലാക്കപ്പെട്ട അജിതയെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് നോർക്ക എംബസിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു. ദിവസവും 16 മണിക്കൂറോളമായിരുന്നു ജോലി. ഇത് ചോദ്യം ചെയ്തതിന് യുവതി ശാരീരിക പീഡനത്തിന് ഇരയാകേണ്ടി വന്നൂ. കുവൈറ്റ് എംബസിയുമായി നിരന്തരം ബന്ധപ്പെട്ടു വരികയാണെന്ന് നോര്‍ക്ക റൂട്ട്‌സ് സി ഇ ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു.
കുവൈറ്റ് മനുഷ്യക്കടത്ത്: കാഴ്ചവസ്തുവാക്കി വിലപേശിയെന്ന വെളിപ്പെടുത്തലുമായി ഒരു യുവതി കൂടെ രംഗത്ത്
മനുഷ്യക്കടത്തിൽ പരാതി പിൻവലിക്കാൻ സമ്മർദ്ദമെന്ന് ഫോർട്ട് കൊച്ചിയിലെ പരാതിക്കാരിയുടെ കുടുംബം. കുവൈറ്റിൽ നിന്നും കൊച്ചിയിൽ നിന്നും ഇടപെടൽ ഉണ്ടായതായി ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. കുവൈറ്റിൽ മലയാളി യുവതികളെ കാഴ്ചവസ്തുവാക്കി വിലപേശി വിൽപന നടത്തിയെന്ന വെളിപ്പെടുത്തലുമായി മറ്റൊരു യുവതി രംഗത്തെത്തി.
കുവൈറ്റ് മനുഷ്യക്കടത്തിൽ ഇതുവരെ മൂന്ന് യുവതികളാണ് പൊലീസിൽ പരാതി നൽകിയത്. ഇതിൽ ആദ്യം പരാതി നൽകിയത് ഫോർട്ട് കൊച്ചി സ്വദേശിയാണ്. 35കാരി പൊലീസിനെ സമീപിച്ചതോടെയാണ് ഞെട്ടിക്കുന്ന ചൂഷണം പുറത്തായത്. പരാതി പിൻവലിക്കാൻ പല രീതിയിൽ സമ്മർദ്ദമുണ്ടെന്ന് പരാതിക്കാരിയുടെ ഭർത്താവ് പറഞ്ഞു.
കുവൈറ്റിൽ അറബികളുടെ വീട്ടിലും ഏജന്‍റിന്‍റെ ക്യാമ്പിലും യുവതികൾ നേരിട്ട ദുരിതത്തിന്‍റെ ഓഡിയോ ക്ലിപ്പുകളും ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. അടിമക്കച്ചവടത്തിന് സമാനമായാണ് തങ്ങളെ കൈമാറിയതെന്ന വെളിപ്പെടുത്തലുമായി തൃക്കാക്കരയിലെ യുവതി പറഞ്ഞു. മനുഷ്യക്കടത്തിലെ പ്രധാനി കണ്ണൂർ സ്വദേശിയായ മജീദാണ്. വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ മജീദിന്‍റെ സ്ഥാപനം കുവൈറ്റ് സർക്കാർ സീൽ വച്ചു. എന്നാൽ മജീദിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. പത്തനംതിട്ട സ്വദേശി അജുമോന്‍റെ അറസ്റ്റിനപ്പുറം വിദേശത്തുള്ള മജീദിനെ കേരളത്തിലെത്തിക്കുകയാണ് അന്വേഷണത്തിൽ നിർണ്ണായകമാവുക.