'പബ്ലിസിറ്റി അത്ര പോര', എക്സൈസ് മന്ത്രിക്ക് ലക്ഷങ്ങൾ ചെലവാക്കി നവമാധ്യമസെൽ

By Web TeamFirst Published Feb 28, 2022, 7:11 AM IST
Highlights

നവമാധ്യമ ഇടപെടലിനായി മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലേക്ക് കുറച്ചു പേരെ നിയോഗിച്ചിരുന്നു. എന്നിട്ടും വകുപ്പിൻറെ പ്രചാരണം പോരെന്നാണ് വിലയിരുത്തൽ 

തിരുവനന്തപുരം: നവമാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണം ശക്തമാക്കാൻ എക്സൈസ്-തദ്ദേശ മന്ത്രി എം.വി.ഗോവിന്ദനും (M V Govindan). മന്ത്രിയുടെ ഓഫീസിൽ നവമാധ്യമസംഘത്തിനായി അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ 1,70,000 രൂപ പൊതുഭരണ വകുപ്പ് അനുവദിച്ചു. പ്രധാനപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടും സിപിഎമ്മിലെ (CPM) മുതിർന്ന നേതാവായ മന്ത്രിക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കാത്തിനാലാണ് നവമാധ്യമങ്ങളിൽ കൂടുതൽ സജീവമാകാനുള്ള തീരുമാനമെന്നാണ് വിവരം

ലക്ഷങ്ങള്‍ ചെലവാക്കി മുഖ്യമന്ത്രിയുടെ നവമാധ്യമ പ്രചാരണം ഏറെ വിവാദമായി നിൽക്കേയാണ് മുതിർന്ന സിപിഎം നേതാവ് എം.വി.ഗോവിന്ദനും നവമാധ്യപ്രചാരണത്തിൽ ശകത്മായി ഇടപെടൽ നടത്താനായി ഇറങ്ങുന്നത്. എക്സൈസ്-തദ്ദേശ സ്വയംഭരണ തുടങ്ങി രണ്ടു പ്രധാനപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടും മന്ത്രിക്ക് വേണ്ടത്ര പബ്ലിസിറ്റി കിട്ടുന്നില്ലെന്നാണ് ഓഫീസിൻറെ വിലയിരുത്തൽ. അതാണ് പുതിയ ട്രെൻഡിലേക്ക് ശക്തമായ ചുവടുവയ്ക്കാനുള്ള നീക്കം. 

നവമാധ്യമ ഇടപെടലിനായി മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലേക്ക് കുറച്ചു പേരെ നിയോഗിച്ചിരുന്നു. എന്നിട്ടും വകുപ്പിൻറെ പ്രചാരണം പോരെന്നാണ് വിലയിരുത്തൽ ഇതേ തുടർന്നാണ് നവമാധ്യമ സംഘത്തിന് കൂടുതൽ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാൻ മന്ത്രി പൊതുഭാരണവകുപ്പിനോട് ആവശ്യപ്പെട്ടത്. പ്രത്യേക മുറി തന്നെ തയ്യാറാക്കുകയാണ്. എ.സിയും ഇലക്ട്രിക്കൽ പോർട്ടലുകളും വാങ്ങാനാണ് 1,70,000രൂപ അനുവദിച്ചിരിക്കുന്നത്. സ്റ്റാഫിലുള്ള 23 പേരിൽ മൂന്നു പേരെ സമൂഹമാധ്യമ ഇടപെടലിനായാണ് ചുമതലപ്പെടുത്തിയത്. 

ഇനി സിഡിറ്റ് വഴിയോ നേരിട്ടോ കൂടുതൽ പേരെ മന്ത്രി ഓഫീസിലേക്ക് നവമാധ്യ സെല്ലിലേക്കോ നിയമിക്കുമോയെന്നാണ് അറിയേണ്ടത്.. പാർട്ടിക്കായി നവമാധ്യമങ്ങളിൽ ഇടപെട്ട് കുറച്ചുകൂടി പരിചയം ഉള്ളവരെയും കൊണ്ട് വരാനും നീക്കമുണ്ട്. രണ്ടാം പിണറായി സർക്കാരിൻെറ ഒന്നാം വാർഷികം അടുത്തു, കൂടാതെ മദ്യ നയമവും വരുന്നു. മന്ത്രിക്ക് കൂടുതൽ പിന്തുണയും, ആക്ഷേപങ്ങള്‍ക്ക് പ്രതിരോധവും തീ‍ക്കാനാണ് എല്ലാ സജീകരണങ്ങളോടും കൂടിയുള്ള സംവിധാനങ്ങള്‍ വരുന്നത്. 

മന്ത്രിമാരുടെ പേഴ്സസണ്‍ സ്റ്റാഫുകളുടെ പെൻഷനിൽ ഗവർണർ ഇടപെടൽ നടത്തിയതിന് പിന്നാലെ മുൻസിപ്പിൽ ചെയർമാൻമാർക്ക് പേഴ്സണൽ സ്റ്റാഫിനെ നിയമിക്കാൻ അനുമതി നൽകി ഉത്തരവിറക്കിയതും തദ്ദേശ മന്ത്രിമായായിരുന്നു. സർക്കാരിന് ലക്ഷങ്ങള്‍ ബാധ്യതവരുന്ന പുതിയ തീരുമാനത്തിന് പിന്നാലെയാണ് ലക്ഷങ്ങള്‍ ചെലവാക്കിയുള്ള നവമാധ്യമ സെല്ലും.

click me!