സെക്രട്ടേറിയേറ്റിന് മുന്നിലെ സമരപ്പന്തലിൽ പൊട്ടിക്കരഞ്ഞ യുവതിക്ക് സർക്കാരിന്റെ നിയമന ഉത്തരവ്

By Web TeamFirst Published Jul 8, 2021, 7:29 AM IST
Highlights

സെക്രട്ടേറിയറ്റിനു മുന്നിൽ പി എസ് സി റാങ്ക് ഹോൾഡർമാരുടെ സമരവേദിയിൽ കെട്ടി പിടിച്ച് പൊട്ടിക്കരഞ്ഞ രണ്ടു യുവതികളെ മലയാളികൾ ഇന്നും മറന്നു കാണില്ല

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിലെ പിഎസ്സി സമരവേദിയിൽ പൊട്ടിക്കരഞ്ഞ യുവതിയെ തേടി നിയമന ഉത്തരവെത്തി. തൃശൂർ എരുമപ്പെട്ടി സ്വദേശി ഡെൻസി ടിഡിയ്ക്ക് ലാസ്റ്റ് ഗ്രേഡ് സർവന്റായാണ് ഉത്തരവ് ലഭിച്ചത്. സമരത്തിനൊപ്പം ഉണ്ടായിരുന്ന മറ്റെല്ലാവർക്കും ജോലി കിട്ടിയാലാണ് കൂടുതൽ സന്തോഷമെന്ന് ഡെൻസി പറഞ്ഞു.

സെക്രട്ടേറിയറ്റിനു മുന്നിൽ പി എസ് സി റാങ്ക് ഹോൾഡർമാരുടെ സമരവേദിയിൽ കെട്ടി പിടിച്ച് പൊട്ടിക്കരഞ്ഞ രണ്ടു യുവതികളെ മലയാളികൾ ഇന്നും മറന്നു കാണില്ല. സമര നേതാവ് ലയ രാജേഷിനൊപ്പം ഉണ്ടായിരുന്ന യുവതിയാണ് ഡെൻസി. റാങ്ക് ലിസ്റ്റിൽ 497 സ്ഥാനത്തുണ്ടായിരുന്ന ഡെൻസിയ്ക്ക് ഇന്നലെയാണ് നിയമന ഉത്തരവ് ലഭിച്ചത്.

'ജോലി ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. ലാന്റ് റവന്യു കമ്മീഷനിലാണ് നിയമനം. അപ്പോയ്ൻമെന്റ് വന്നിട്ടില്ല. അത് വന്നാലേ കൂടുതൽ വിവരങ്ങൾ അറിയൂ,' എന്നും ഡെൻസി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ജോലി ലഭിച്ചതിൽ സന്തോഷമുണ്ടെങ്കിലും ഒപ്പം സമരം ചെയ്ത ലയ രാജേഷ് ഉൾപ്പെടെയുള്ളവരുടെ കാര്യത്തിൽ ഡെൻസിക്ക് ആശങ്കയുണ്ട്. ഇപ്പോൾ നാല് മാസം ഗർഭിണിയാണ് ഡെൻസി. അതിനാൽ പ്രത്യേക അപേക്ഷ പ്രകാരം വീടിനടുത്തുള്ള താലൂക്ക് ഓഫീസിൽ തന്നെ നിയമനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!