
തിരുവനന്തപുരം: ടൈറ്റാനിയത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്. സ്ഥിരം നിയമനത്തിനായി പണം തട്ടിയെടുത്തതിന് ടൈറ്റാനിയത്തിലെ ലീഗൽ എജിഎമ്മും ഇടനിലക്കാരിയായ യുവതിയും അടക്കം അഞ്ച് പേർക്കെതിരെ കേസെടുത്തു. കന്‍റോണ്‍മെന്‍റ് പൊലീസും വെഞ്ഞാറമൂട് പൊലീസുമാണ് കേസെടുത്തത്. 29 പേരിൽ നിന്നും ഒരു കോടി 85 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. നിയമനത്തിന്‍റെ പേരിൽ ടൈറ്റാനിയത്തിൽ നടന്ന വൻ തട്ടിപ്പിനെ കുറിച്ചുള്ള കൃത്യമായ സൂചനയാണ് എഫ്ഐആറില്‍ ഉള്ളത്. ഇക്കഴിഞ്ഞ ഒക്ടോബർ ആറിനാണ് കന്‍റോണ്‍മെന്‍റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതത്.
ടൈറ്റാനിയം ലീഗൽ എജിഎം ശശി കുമാരൻ തമ്പി അഞ്ചാം പ്രതിയാണ്. പണം നേരിട്ട് വാങ്ങിയ ദിവ്യ ജ്യോതി എന്ന ദിവ്യാ നായർ ഒന്നാം പ്രതി, ദിവ്യ ജ്യോതിയുടെ ഭർത്താവ് രാജേഷും പ്രതിയാണ്. പ്രേം കുമാർ, ശ്യാം ലാൽ എന്നിവരാണ് മറ്റുപ്രതികൾ. പണം നൽകി ജോലി കിട്ടാതെ കബളിക്കപ്പെട്ട തിരുവനന്തപുരം സ്വദേശികളുടെ പരാതികളിലാണ് കേസുകൾ എടുത്തിരിക്കുന്നത്. മാസം 75000 രൂപ ശമ്പളത്തിൽ ട്രാവൻ കൂർ ടൈറ്റാനിയത്തിൽ അസിസ്ൻ്ൻറ് കെമിസ്റ്റ് തസ്തികയിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ട് തവണയായി 10 ലക്ഷം 2018 ഡിസംബറിൽ വാങ്ങിയെന്നാണ് കൻറോൺമെൻറ് പൊലീസ് എടുത്ത കേസ്. പണം കൊടുത്തിട്ടും ജോലി കിട്ടാതെ വന്നപ്പോഴാണ് യുവതി പൊലീസിനെ സമീപിച്ചത്. സമാന പരാതിയിലാണ് വെഞ്ഞാറമൂട് പൊലീസും കേസെടുത്തത്.
2018 മുതൽ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് പൊലീസിന്‍റെ വിവരം. ദിവ്യ ജ്യോതി എന്ന ദിവ്യ നായരാണ് ഇടനിലക്കാരി. ഇവർ വിവിധ ഫേസ് ബുക്ക് ഗ്രൂപ്പുകളിൽ ടൈറ്റാനിയത്തിൽ ഒഴിവുകൾ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ച് പോസ്റ്റുകളിടും. വിവരം ചോദിച്ച് വരുന്നവർക്ക് ഇൻബോക്സിലൂടെ മറുപടി നൽകും. ഒപ്പം പണവും ആവശ്യപ്പെടും. ദിവ്യ ജ്യോതിയുടെ പാളയത്തെ വീട്ടിലെത്തി ഭർത്താവ് രാജേഷിന്‍റെ സാന്നിധ്യത്തിൽ ആണ് പരാതിക്കാരി പണം നൽകിയത്. പ്രേം കുമാര്‍ എന്ന മൂന്നാം പ്രതിയുടെ സഹായത്തോടെ ശ്യാം ലാല്‍ എന്നയാളാണ് പണം നൽകിയവരെ സമീപിക്കുന്നത്. ശ്യാം ലാലിന്‍റെ വാഹനത്തിലാണ് ടൈറ്റാനിയത്തിലേക്ക് ഇന്‍റര്‍വ്യൂവിന് കൊണ്ടുപോയത്. ടൈറ്റാനിയം ലീഗല്‍ അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ ശശി കുമാരന്‍ തമ്പിയാണ് ഇന്‍റര്‍വ്യൂ നടത്തുന്നത്. 15 ദിവസത്തിനകം അപ്പോയിന്‍റ്മെന്‍റ് ലെറ്റര്‍ കിട്ടുമെന്നായിരുന്നു വാഗ്ദാനം. പക്ഷെ പണം പോയത് മാത്രം മിച്ചം. ടൈറ്റാനിയത്തിലെ നിയമനം ഇതുവരെ പിഎസ്‍സിക്ക് വിട്ടിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam