ലക്ഷദ്വീപിൽ പിരിച്ചു വിടൽ തുടരുന്നു, ടൂറിസം വകുപ്പിലെ 42 താത്കാലിക ജീവനക്കാരെ പിരിച്ചു വിട്ടു

By Web TeamFirst Published Jul 4, 2021, 11:04 AM IST
Highlights

സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് താത്കാലിക ജീവനക്കാരെ പിരിച്ചു വിടുന്നത്. നേരത്തെ പിരിച്ചുവിട്ട 191 ജീവനക്കാരെ തിരിച്ചെടുക്കുമെന്ന് അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും പരാതിയുണ്ട്.

കവരത്തി: ലക്ഷദ്വീപിൽ താത്കാലിക ജീവനക്കാരെ പിരിച്ചു വിടുന്നത് തുടരുന്നു. ടൂറിസം വകുപ്പിലെ 42 താത്ക്കാലിക ജീവനക്കാരെ കഴിഞ്ഞ ദിവസം പിരിച്ചുവിട്ടു. 151 പേരെ പിരിച്ചു വിട്ടുള്ള ഉത്തരവ് രണ്ട് ദിവസം മുൻപ് ഇറങ്ങിയിരുന്നു.  ടൂറിസം കായികം വകുപ്പിലെ 151 താത്കാലിക ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. കൊച്ചി അഡ്മിനിസ്ട്രേഷൻ ഓഫീസിലെ 27 ജീവനക്കാരും ഇതിൽ ഉൾപ്പെടും. ടൂറിസം വകുപ്പിലെ താത്ക്കാലിക ജീവനക്കാരെ നേരത്തെയും കൂട്ടത്തോടെ പിരിച്ചു വിട്ടിരുന്നു. ഭാവി സമര പരിപാടികൾ ആലോചിക്കാൻ സേവ് ലക്ഷദ്വീപ് ഫോറത്തിന്‍റെ നേതൃത്യത്തിൽ ഉടൻ സർവകക്ഷി യോഗം ചേരും. 

സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് താത്കാലിക ജീവനക്കാരെ പിരിച്ചു വിടുന്നത്. നേരത്തെ പിരിച്ചുവിട്ട 191 ജീവനക്കാരെ തിരിച്ചെടുക്കുമെന്ന് അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും പരാതിയുണ്ട്. അതേസമയം ഈ മാസം 14-ന് അഡ്മിനിസട്രേറ്റർ പ്രഫുൽ പട്ടേൽ ലക്ഷദ്വീപിലെത്തുന്ന സാഹചര്യത്തിൽ സുരക്ഷ ചുമതലയുള്ള ഉദ്യോഗസ്ഥർ ഇന്ന് ദ്വീപിലെത്തും. പ്രഫുൽ പട്ടേലിന് കേന്ദ്ര സർക്കാർ വൈ കാറ്റഗറി സുരക്ഷ അനുവദിച്ചിരുന്നു.

അതേസമയം കൊച്ചിയിലെ ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പിൻ്റെ ഓഫീസ് അടിയന്തരമായി അടച്ചുപൂട്ടാൻ ഭരണകൂടം ഉത്തരവിറക്കി. കേരളവുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള നടപടികളുടെ തുടർച്ചയാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻറെ പുതിയ നീക്കമെന്നാണ് ആരോപണം. ലക്ഷദ്വീപിൽ നിന്ന് കേരളത്തിലേക്ക് പഠിക്കാൻ വരുന്ന വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് വിദ്യാഭ്യാസ വകുപ്പ് കൊച്ചിയിൽ ഓഫീസ് തുടങ്ങിയത്. ജൂലൈ 9 നുളളിൽ ജീവനക്കാരോട് കവരത്തിയിൽ റിപ്പോർട്ട് ചെയ്യാനാണ് നിർദേശം നൽകിയത്. ഓഫീസിലെ എല്ലാ ഉപകരണങ്ങളും കവരത്തിയിലേക്ക് മാറ്റാനും നിർദേശമുണ്ട്.  

ലക്ഷദ്വീപിലേക്ക് യാത്രാനുമതി തേടി കേരളത്തിലെ എംപിമാർ നൽകിയ അപേക്ഷയും  ലക്ഷദ്വീപ് കളക്ടർ തള്ളിയിട്ടുണ്ട്. എംപിമാരുടെ സന്ദർശനം ബോധപൂർവം ലക്ഷദ്വീപിലെ സമാധാന അന്തരീക്ഷം തകർക്കാൻ ലക്ഷ്യമിട്ടതാണെന്ന് ദ്വീപ് കളക്റ്റർ അസ്ക്കറലി യാത്രാനുമതി നിഷേധിച്ചു കൊണ്ട് വ്യക്തമാക്കുന്നു . കോൺഗ്രസ് എംപിമാരായ ടി.എൻ പ്രതാപൻ, ഹൈബി ഈഡൻ എന്നിവരാണ് സന്ദർശനാനുമതി തേടി ലക്ഷദ്വീപ് കളക്റ്റർ അസ്ക്കറലിക്ക് അപേക്ഷ നൽകിയത്. എന്നാൽ ദ്വീപിലേക്ക് വരുന്നതിന് അനുമതി നൽകാനാവില്ലെന്ന്  കളക്ടർ മറുപടി നൽകി. എംപിമാർ ലക്ഷദ്വീപിലെത്തിയാൽ ഗുരുതരമായ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റും. എംപിമാരുടെ നീക്കം രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്നും ദ്വീപ് കളക്റ്റർ ആരോപിക്കുന്നു

click me!