പിപിഇ കിറ്റ് നിര്‍മ്മാണത്തിലെ അവശിഷ്ടങ്ങളില്‍നിന്ന് കിടക്ക നെയ്ത് ലക്ഷ്മി മേനോനും സംഘവും

By Web TeamFirst Published Aug 2, 2020, 9:12 AM IST
Highlights

മെത്തകളുടെ ക്ഷാമം തിരിച്ചറിഞ്ഞ ലക്ഷ്മിയുടെ കണ്ണുടക്കിയത് പിപിഈ കിറ്റ് നിര്‍മ്മാണ യൂണിറ്റുകളില്‍ കുന്നുകൂടിക്കിടക്കുന്ന അവശിഷ്ടങ്ങളിലാണ്.
 

കൊച്ചി: പിപിഇ കിറ്റ് നിര്‍മ്മിക്കുമ്പോള്‍ ബാക്കിയാകുന്ന അവശിഷ്ടങ്ങള്‍ കൊണ്ട് കൊവിഡ് രോഗികള്‍ക്കുള്ള കിടക്കകള്‍ നെയ്യുകയാണ് എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയായ ലക്ഷ്മി മേനോനും കൂട്ടരും. കൊവിഡ് താത്കാലിക ആശുപത്രികളിലേക്ക് ചെലവു കുറഞ്ഞ കിടക്കകള്‍ നിര്‍മ്മിച്ചു നല്‍കുമ്പോള്‍ ഇവര്‍ മുന്നോട്ട് വയ്ക്കുന്നത് കൊവിഡ് അതിജീവനത്തിന്റെ പുതിയൊരു കേരള മോഡലാണ്.

തൊട്ടടുത്തുള്ള കൊവിഡ് ആശുപത്രിയിലേക്ക് എങ്ങനെ സഹായം എത്തിക്കാമെന്നായിരുന്നു ലക്ഷ്മിയുടെ ആദ്യ ചിന്ത. മെത്തകളുടെ ക്ഷാമം തിരിച്ചറിഞ്ഞ ലക്ഷ്മിയുടെ കണ്ണുടക്കിയത് പിപിഈ കിറ്റ് നിര്‍മ്മാണ യൂണിറ്റുകളില്‍ കുന്നുകൂടിക്കിടക്കുന്ന അവശിഷ്ടങ്ങളിലാണ്. അങ്ങനെയാണ് കൈകൊണ്ട് മെടഞ്ഞെടുത്ത് തയ്യാറാക്കിയ ശയ്യയുടെ തുടക്കം.

തലമുടി മെടയുന്നതുപോലെ മെടഞ്ഞാണ് ശയ്യ നിര്‍മ്മിക്കുന്നത്. തയ്യല്‍ അറിയണമെന്നില്ല. സൂചിയോ നൂലോ വേണ്ട. ശയ്യയുടെ സുരക്ഷയിലും ആശങ്കവേണ്ടെന്ന് ലക്ഷ്മി പറയുന്നു.

ലോക്ക്ഡൗണില്‍ വരുമാനം നഷ്ടമായ നിരവധി സ്ത്രികള്‍ക്ക് ശയ്യ നിര്‍മ്മാണം ഉപജീവനമാര്‍ഗ്ഗമായി മാറിക്കഴിഞ്ഞു. കൊവിഡ് ആശുപത്രികളിലേക്ക് സൗജന്യമായാണ് ലക്ഷ്മി മെത്തകള്‍ നല്‍കുന്നത്. പ്രളയത്തെ അതിജീവിച്ച കേരളത്തിന്റെ പ്രതീകമായ ചേക്കുട്ടി പാവയ്ക്കു പിന്നിലുമുണ്ടായിരുന്നത് ലക്ഷ്മി തന്നെ.

click me!