
കൊച്ചി: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ഒഡിഷ സ്വദേശി തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വി.വിനോദിന്‍റെ അമ്മ ലളിത അന്തരിച്ചു. ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം. വിനോദിന്‍റെ മരണം രോഗിയായ ലളിതയെ ശാരീരികമായും മാനസികമായും ഉലച്ചിരുന്നു. വിനോദ് മരിച്ച് നാല് മാസം പൂർത്തിയാകുമ്പോഴാണ് അമ്മയും അന്ത്യശ്വാസം വലിച്ചത്. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത് ഒഡിഷ സ്വദേശി രജനീകാന്തയാണ് എറണാകുളം പാട്ന സൂപ്പർ ഫാസ്റ്റ് ട്രെയിനിൽ നിന്ന് വിനോദിനെ തള്ളിയിട്ട് കൊലപ്പെടുത്തിയത്.
എസ് 11 കോച്ചിന്റെ വലതുഭാഗത്തെ വാതിലിന് സമീപം നിന്നിരുന്ന വിനോദ്, ചവിട്ടേറ്റ് വീണത് എതിർവശത്തെ ട്രാക്കിലേക്കാണ്. അതിലൂടെ വന്ന ട്രെയിൻ കയറിയാണ് കലാകാരൻ കൂടിയായ വിനോദ് കൊല്ലപ്പെട്ടത്. തലയ്ക്ക് ഏറ്റ ആഴത്തിലുള്ള പരിക്കാണ് മരണകാരണം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. അപകടത്തിൽ വിനോദിന്റെ കാലുകളും അറ്റുപോയിരുന്നു.
തിരുവനന്തപുരം സ്വദേശിയായ വിനോദ്, എറണാകുളം മഞ്ഞുമ്മലിൽ പുതിയ വീട്ടിൽ താമസം തുടങ്ങി ഏഴാം നാളാണ് കൊല്ലപ്പെട്ടത്. സഹപ്രവർത്തകരെയെല്ലാം ഗൃഹപ്രവേശനത്തിന് വിളിച്ചിരുന്നു. എല്ലാവരുമായും നല്ല രീതിയിൽ ഇടപഴകിയിരുന്ന വിനോദിന്റെ ദുര്യോഗം അമ്മയെ തളര്‍ത്തി. സർവീസിലിരിക്കെ മരിച്ച അച്ചന്റെ ജോലിയാണ് വിനോദിനെ തേടിയെത്തിയത്. മെക്കാനിക്കൽ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന വിനോദ് ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് ടിക്കറ്റ് ചെക്കിംഗ് വിഭാഗത്തിലേക്ക് മാറിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam