
തിരുവനന്തപുരം: എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യവുമായാണ് റവന്യൂ വകുപ്പ് കഴിഞ്ഞ അഞ്ച് വർഷക്കാലം പ്രവർത്തിച്ചതെന്ന് മന്ത്രി കെ രാജൻ. കേരളത്തിൽ പട്ടയ മിഷൻ എന്ന ആശയം കൊണ്ടുവരാനായി. അഞ്ച് ലക്ഷത്തോളം പട്ടയങ്ങൾ കഴിഞ്ഞ 10 വർഷത്തിൽ വിതരണം ചെയ്യാനായി. കാൽ ചവിട്ടാൻ സ്വന്തമായി മണ്ണ് കിട്ടിയ ജനതയുടെ സന്തോഷവും ആത്മാഭിമാനവും പട്ടയ വിതരണ ചടങ്ങുകളിൽ കണ്ടെന്നും മന്ത്രി പറഞ്ഞു. വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന ടൗൺഷിപ്പിലെ ആദ്യ ഘട്ട വീടുകൾ ഫെബ്രുവരിയിൽ തന്നെ കൈമാറുമെന്ന് മന്ത്രി ഉറപ്പു നൽകി.
ഭൂമി ഏറ്റെടുക്കലിൽ കിഫ്ബി ഏറെ സഹായിച്ചിട്ടുണ്ട്. കിഫ്ബിക്ക് രണ്ടര പതിറ്റാണ്ടിന്‍റെ പാരമ്പര്യമുണ്ടെങ്കിലും 10 വർഷം മുൻപാണ് പുനരുജ്ജീവിപ്പിക്കപ്പെട്ടത്. 20 വർഷക്കാലം കഴിഞ്ഞുള്ള കേരളം എങ്ങനെയായിരിക്കുമെന്ന് ചിന്തിക്കുകയും 20 വർഷം കഴിഞ്ഞുള്ള കേരളത്തെ ഇപ്പോൾത്തന്നെ നിർമിക്കുകയും ചെയ്യുക എന്നതാണ് കിഫ്ബിയിലൂടെ നടത്തുന്നത്. കേരളത്തിന്‍റെ വികസനത്തിന് കിഫ്ബി നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. തന്‍റെ മണ്ഡലത്തിലെ പുത്തൂർ സുവോളജിക്കൽ പാർക്ക് മന്ത്രി എടുത്തുപറഞ്ഞു. 360 ഏക്കർ ഭൂമിയിൽ 371 കോടി രൂപ ഇതിനകം ചെലവാക്കി കഴിഞ്ഞു. മലയാളിയുടെ ആത്മാഭിമാനത്തെ പതിന്മടങ്ങ് വർദ്ധിപ്പിച്ച വിശ്വാസ കേന്ദ്രവും പിന്തുണയുമെല്ലാമാണ് കിഫ്ബി നൽകിയത്.
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പദ്ധതിയിലെ തുക വീതംവച്ചു കൊടുത്താൽ പോരേയെന്ന് പലരും ചോദിച്ചു. അങ്ങനെ അനാഥരാക്കി വിടേണ്ടവരാണോ 298 പ്രിയപ്പെട്ടവർ മരണപ്പെട്ട ആളുകൾ? അല്ല എന്നാണ് ഈ സർക്കാരിന്‍റെ തീരുമാനം. ആ ദുരന്തത്തിന്‍റെ വേദന മലയാളികൾക്ക് വിട്ടുമാറിയിട്ടില്ല. ഇനിയും ഒരുമിച്ച് താമസിക്കണം എന്നാണ് ആ മനുഷ്യർ ആഗ്രഹിച്ചത്. അതുകൊണ്ടാണ് അവർക്കായി വീടുകൾക്കൊപ്പം ആശുപത്രിയും മാർക്കറ്റും സ്കൂളും കളിക്കളവുമെല്ലാം അടങ്ങിയ പുതിയ നഗരം നിർമിക്കാൻ സർക്കാർ തീരുമാനിച്ചത്.
കേരളത്തിലെ ഭൂമി അളന്നു തിട്ടപ്പെടുത്തുന്ന ഡിജിറ്റൽ റീ-സർവ്വേ അതിവേഗം പുരോഗമിക്കുകയാണ്. ഇതിനകം ഏകദേശം 10 ലക്ഷം ഹെക്ടർ ഭൂമി ഡിജിറ്റലൈസ് ചെയ്തു കഴിഞ്ഞു. റവന്യു ഓഫീസുകളെ 'സ്മാർട്ട്' ആക്കാൻ കഴിഞ്ഞു എന്നതാണ് മറ്റൊരു നേട്ടമെന്ന് മന്ത്രി പറഞ്ഞു. പിഎംശ്രീ കേരളത്തിൽ നടപ്പിലാക്കേണ്ടതില്ല എന്ന നിലപാട് മന്ത്രി കെ രാജൻ ആവർത്തിച്ചു. പാർലമെന്‍റിൽ പോലും ചർച്ച ചെയ്യാത്ത ദേശീയ വിദ്യാഭ്യാസ പദ്ധതി കേരളത്തിൽ നടപ്പിലാക്കണമെന്ന വാശിയുടെ പേരിൽ കേരളത്തിന് അർഹതപ്പെട്ട ഫണ്ട് നൽകില്ലെന്ന് പറയുന്നത് ഫെഡറൽ സർക്കാരിന് ചേർന്നതല്ല. ചൂര മീൻ വിവാദം സംബന്ധിച്ച ചോദ്യത്തിന് പിണറായി വിജയനെ ആക്രമിക്കാനായി അഭിപ്രായം പറയുന്നയാളാണ് സി ദിവാകരനെന്ന് താൻ കരുതുന്നില്ലെന്ന് കെ രാജൻ മറുപടി നൽകി. ഇതൊന്നും മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ട വിഷയങ്ങൾ അല്ലെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam