
നിലമ്പൂർ: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നത് പലയിടത്തും ജനജീവിതം ദുസ്സഹമാക്കി. ഇടുക്കിയിലും കോഴിക്കോടും വിവിധ സ്ഥലങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. വയനാട്ടിലെ കനത്ത മഴയെ തുടർന്ന് ചാലിയാർ പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായി. വിവിധ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി വെള്ളം തുറന്നുവിട്ടു.
ഇടുക്കി പീരുമേട്ടിൽ മൂന്നിടത്തും മേലെ ചിന്നാർ പന്തംമാക്കൽപടിയിലും ഉരുൾപൊട്ടി. പീരുമേട്ടിൽ കോഴിക്കാനം, അണ്ണൻതമ്പിമല, ഏലപ്പാറ- മേമല റോഡ് എന്നിവിങ്ങളിലെ തോട്ടങ്ങളിൽ ആണ് ഉരുൾപൊട്ടിയത്. ഇതോടെ തൊട് കരകവിഞ്ഞു ഏലപ്പാറ ജങ്ഷനിൽ വെള്ളപൊക്കമുണ്ടായി. നിരവധി വീടുകളിൽ വെള്ളം കയറി. ഇവിടെ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു.
മേലെ ചിന്നാർ പന്തംമാക്കൽപടിയിൽ ഉരുൾപൊട്ടലിൽ കൃഷി നാശം സംഭവിച്ചിട്ടുണ്ട്. ആളപായം ഉണ്ടായിട്ടില്ല. ഇനിയും ഉരുൾപൊട്ടാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ഏഴ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ബഥേലിൽ മണ്ണിടിച്ചിലിൽ രണ്ട് വീടുകൾക്ക് കേടുപാടുണ്ടായി. നെല്ലിയാമ്പതി ചുരത്തിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. മണ്ണ് നീക്കം ചെയ്യാനുള്ള പ്രവർത്തി പുരോഗമിക്കുന്നു. നെല്ലിയാമ്പതിയിൽ മഴ തുടരുകയാണ്.
കോഴിക്കോട് വിലങ്ങാട് മലയിൽ വാനപ്രദേശത്ത് ഉരുൾപൊട്ടലുണ്ടായി. പുഴയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കാൻ പഞ്ചായത്ത് ദുരന്തനിവാരണ സേന അറിയിച്ചു. വിലങ്ങാട് അടിച്ചിപ്പാറ- മഞച്ചീളി റോഡിലുൾപൊട്ടി കുടുംബങ്ങൾ പ്രദേശത്ത് ഒറ്റപ്പെട്ട് കിടക്കുകയാണ്. വയനാട് ജില്ലയിലെ വൈത്തിരിയിലുണ്ടായ കനത്ത മഴയെ തുടർന്ന് ചാലിയാർ പുഴയിൽ മലവെള്ളപ്പാച്ചിൽ. നിലമ്പൂർ ചാലിയാർ പുഴയിലാണ് വീണ്ടും മലവെള്ളപാച്ചിൽ ഉണ്ടായത്. പുഴയുടെ തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം. വയനാട് വൈത്തിരിയിലെ കനത്ത മഴയാണ് മലവെള്ളപ്പാച്ചിലിന് കാരണമെന്നും അധികൃതർ പറഞ്ഞു.
കോതമംഗലം കടവൂരിലെ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കുളിൽ രണ്ട് ക്യാമ്പുകൾ തുറന്നു. 60 വയസിനു മുകളിൽ ഉള്ളവർക്ക് മാത്രമായി ഒരു ക്യാമ്പ് പ്രവർത്തിക്കും. 30 കുടുംബങ്ങൾ ക്യാമ്പിൽ രജിസ്റ്റർ ചെയ്തു. മൂഴിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്തി. 30 സെന്റീമീറ്ററാണ് ഉയർത്തിയത്. 51.36 ക്യൂമെക്സ് നിരക്കിൽ കക്കാട് ആറിലേക്ക് ജലം ഒഴുക്കി വിടും. അണക്കെട്ടിൽ ജലനിരപ്പ് 192.63 മീറ്ററായി. മഴ ശക്തമായ സാഹചര്യത്തിൽ കല്ലാർകുട്ടി, ലോവർപെരിയാർ (പാംബ്ല) ഡാമുകളുടെ മുഴുവൻ ഷട്ടറുകളും തുറന്നു. 800 ക്യുമെക്സ്, 1200 ക്യൂമെക്സ് വീതം വെള്ളം പുറത്തുവിടുന്നു. മുതിരപ്പുഴയാർ, പെരിയാർ എന്നിവയുടെ കരകളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam