പാവപ്പെട്ട കുട്ടികൾക്ക് കുറഞ്ഞ വിലയ്ക്ക് ലാപ്‍ടോപ്പുകൾ, എവിടെപ്പോയി ആ പ്രഖ്യാപനം?

By Web TeamFirst Published Oct 10, 2020, 9:56 AM IST
Highlights

ഓണ്‍ലൈൻ പഠനത്തിൽ പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം ഇല്ലാതാക്കാനാണ് ഇക്കഴിഞ്ഞ ജൂണ്‍ 26-ന് സംസ്ഥാന സർക്കാർ ലാപ്ടോപ്പ് പദ്ധതി പ്രഖ്യാപിച്ചത്. സൗജന്യ ലാപ്ടോപ്പായിരുന്നില്ല അത്.

തിരുവനന്തപുരം: പ്രഖ്യാപിച്ചിട്ട് നാല് മാസത്തോളമായി. ഇനിയും സർക്കാരിന്‍റെ ലാപ്ടോപ്പ് പദ്ധതിക്ക് അനക്കമില്ല. പാവപ്പെട്ട വിദ്യാർത്ഥികളുടെ ഓണ്‍ലൈൻ പഠനത്തിന് കുടുംബശ്രീയും കെഎസ്എഫഇയും ഐടിമിഷനും സഹകരിച്ച് രണ്ട് ലക്ഷം ലാപ്ടോപ്പ് നൽകുമെന്നാണ് ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചത്. ജൂണ്‍ മാസം പ്രഖ്യാപനം നടത്തിയെങ്കിലും ഒക്ടോബറായിട്ടും ഒരു ലാപ്ടോപ്പ് പോലും നൽകിയിട്ടില്ല.

പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം ഓണ്‍ലൈൻ പഠനത്തിൽ ഇല്ലാതാക്കാനാണ് ജൂണ്‍ 26-ന് സംസ്ഥാന സർക്കാർ ലാപ്ടോപ്പ് പദ്ധതി പ്രഖ്യാപിച്ചത്. സൗജന്യ ലാപ്ടോപ്പല്ല, പകരം കുടുംബശ്രീ അംഗങ്ങളെ കെഎസ്എഫ്ഇ ചിട്ടിയിൽ ചേർത്തുകൊണ്ടാണ് ലാപ്ടോപ്പ് നൽകാൻ തീരുമാനിച്ചത്. അംഗങ്ങൾ ചിട്ടിയിൽ ചേർന്ന് മൂന്നാം മാസം ലാപ്ടോപ്പ് -  ഇതായിരുന്നു പ്രഖ്യാപനം. 

വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി പ്രത്യേകം വിഭാവനം ചെയ്ത 15000 രൂപയുടെ ലാപ്ടോപ്പാണ് വിദ്യാർത്ഥികളുടെ കൈയ്യിൽ എത്തേണ്ടിയിരുന്നത്. 9000-ത്തോളം അയൽക്കൂട്ടങ്ങളിലെ നാൽപത്തയ്യായിരം അംഗങ്ങൾ പദ്ധതിയിൽ ചേർന്നു. എന്നാൽ ഈ ഒക്ടോബർ മാസവും ലാപ്ടോപ്പ് നൽകുന്നത് പോയിട്ട് വിതരണം ചെയ്യാനോ, ലാപ്ടോപ്പ് വാങ്ങാനോ ഏത് കമ്പനിയെ തെരഞ്ഞെടുത്തു എന്ന് പോലും സർക്കാർ വ്യക്തമാക്കുന്നില്ല.

''ആദ്യഘട്ടത്തിൽ വരുന്ന രണ്ട് ലക്ഷം പേർക്ക് വരെയുള്ളവർക്കുള്ള പണം നൽകാൻ ഞങ്ങൾ ഒരുക്കമാണ്. പക്ഷേ അതിന്‍റെ സാങ്കേതികകാര്യങ്ങളും സപ്ലൈ സൈഡും നോക്കുന്നത് ഐടി മിഷനും ഐടി@സ്കൂളുമാണ്'', എന്ന് കെഎസ്എഫ്ഇ ചെയർമാൻ പീലിപ്പോസ് തോമസ് പറയുന്നു. 

കെഎസ്എഫ്ഇ മാത്രമല്ല കുടുംബശ്രീയും കാത്തിരിക്കുകയാണ്. ഐടി മിഷൻ പ്രവർത്തനങ്ങൾ ഒച്ചിഴയും വേഗത്തിലാണ്. ടെൻഡറിംഗ് നടപടികൾ പൂർത്തിയാക്കി തെരഞ്ഞെടുക്കപ്പെടുന്ന കമ്പനി, ലാപ്ടോപ്പുകൾ തയ്യാറാക്കിയിട്ട് വേണം തുടർനടപടികൾ നടക്കാൻ. ഇതിനി വിദ്യാർത്ഥികളുടെ കൈയ്യിൽ ഏത് കാലത്ത് എത്താനാണ്? അനിശ്ചിതത്വമേറെ. 

ഓണ്‍ലൈൻ ക്ലാസ് തുടങ്ങിയിട്ട് മാസം അഞ്ചാകുന്നു. കൊവിഡ് കാലത്ത് സർക്കാറിന്‍റെ ഏറ്റവും തിളക്കമേറിയ പ്രഖ്യാപനങ്ങളിൽ ഒന്നാണ് സാങ്കേതിക പ്രശ്നങ്ങളിൽ ചുറ്റി ഇഴയുന്നത്. അധ്യായന വർഷം പകുതി പിന്നിടുമ്പോഴെങ്കിലും സാധാരണക്കാരുടെ മക്കൾക്ക് ലാപ്ടോപ്പ് കിട്ടുമോ?

click me!