
വയനാട്: മുത്തങ്ങ ഭൂസമരത്തിലെ മുറിപ്പാടുകൾക്ക് ഇന്ന് 23 വർഷം. ജനിച്ച മണ്ണിൽ അഭയാർത്ഥികളാകേണ്ടി വന്നവരെ അതിക്രൂരമായി അടിച്ചമർത്തിയെങ്കിലും മുത്തങ്ങയിൽ ഉയർന്ന ചോദ്യങ്ങൾ ഇന്നും അന്തരീക്ഷത്തിലുണ്ട്. ആദിവാസികളോടുള്ള സമീപനത്തിൽ മാറി മാറി വന്ന സർക്കാരുകൾക്ക് ഒരു മാറ്റവുമുണ്ടായില്ല. 2003 ഫെബ്രുവരി 19. ആദിവാസികളുടെ ചരിത്രത്തിലെ ഏറ്റവും വലിയ സംഘടിത ഭൂസമരം. മണ്ണിന് വേണ്ടി പോരാടിയവർക്ക് നേരെ പൊലീസ് വെടിയുതിർത്തു. സമരമുഖത്തുണ്ടായിരുന്ന ജോഗി വെടിയേറ്റു മരിച്ചു. പിഞ്ചുകുഞ്ഞുങ്ങളെ മാറോടടുക്കി സ്ത്രീകൾ കാട്ടിലലഞ്ഞു. വസ്ത്രവും ഭക്ഷണവും ഇല്ലാതെ ഒട്ടേറെ പേർ കൊടിയ മർദനങ്ങൾക്കിരയായി. ജനാധിപത്യത്തിന്‍റെ കറുത്ത ദിനം.
825-ഓളം കുടുംബങ്ങളാണ് ഐതിഹാസിക സമരത്തില്‍ പങ്കെടുത്തത്. ഭൂരഹിതരായി ജീവിക്കേണ്ടി വരികയും എന്നാല്‍ അര്‍ഹതപ്പെട്ട ഭൂമി വന്‍കിട തോട്ടം ഉടമകളും മറ്റും വൈവശം വെക്കുന്നതുമൊക്കെ ചൂണ്ടിക്കാട്ടിയായിരുന്നു ഗോത്രസമൂഹത്തിന്റെ സമരം. ഒരടിപോലും പിന്നോട്ടില്ലാതെ ശക്തമായ പ്രതിഷേധം തുടരവെ വനഭൂമിയില്‍ നിന്ന് പുറത്തുപോകണമെന്ന് അധികൃതര്‍ സമരക്കാരെ അറിയിച്ചെങ്കിലും ജാനുവും ഗീതാനന്ദനുമടക്കമുള്ള നേതാക്കള്‍ പോലീസ് നിര്‍ദ്ദേശം നിരാകരിച്ചു. പോരാട്ടത്തില്‍നിന്ന് ഒരിഞ്ചുപോലും പുറകോട്ടുപോകാന്‍ സമരക്കാര്‍ തയ്യാറായില്ല.
തുടര്‍ന്ന് 2003 ഫെബ്രുവരി 19-ന് രാവിലെ എട്ട് മണിയോടെ പൊലീസും വനപാലകരും സമരഭൂമി വളഞ്ഞു. വയനാടോ കേരളമോ അന്ന് വരെ കണ്ടിട്ടില്ലാത്ത വലിയ അതിക്രമങ്ങളാണ് സമരഭൂമിയില്‍ പൊലീസ് നടത്തിയത്. കുടിലുകളടക്കം പൊലീസ് പൊളിച്ചുനീക്കാന്‍ തുടങ്ങി. പൊലീസ് അതിക്രമം അതിരുവിട്ടതോടെ അമ്പും വില്ലും വടികളുമായി ചെറുത്തുനില്‍പ്പിനായി സമരക്കാരും ശ്രമം തുടങ്ങി. ആദിവാസികളെ തോക്കും ലാത്തിയുമായി പൊലീസ് സേന നേരിട്ടു. നരനായാട്ടായിരുന്നു പിന്നീട് നടന്നത്.
ഒളിവില്‍പോയ നേതാക്കള്‍ക്കായി പൊലീസ് ആദിവാസി ഊരുകള്‍ അരിച്ചുപെറുക്കി. രണ്ടുദിവസങ്ങള്‍ക്ക് ശേഷം എം. ഗീതാനന്ദനും സി.കെ. ജാനുവും പൊലീസ് പിടിയിലായി. അതിക്രൂരമായ മര്‍ദനമാണ് ഇരുവരും പൊലീസ് കസ്റ്റഡിയില്‍ നേരിട്ടത്. എങ്കില്‍പോലും മുത്തങ്ങസമരം ആദിവാസികള്‍ക്ക് തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ വലിയ പ്രചോദനം നല്‍കിയ സംഭവമായിരുന്നു. അതേസമയം 21 വര്‍ഷം പിന്നിടുമ്പോഴും ജില്ലയിലെ ആദിവാസി ഭൂമിപ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ സര്‍ക്കാരുകള്‍ ആരും ഇതുവരെ ശ്രമിച്ചിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam