സെക്രട്ടേറിയറ്റ് പരിസരം യുദ്ധക്കളം, കെഎസ്‍യു മാർച്ചിന് നേരെ ടിയർ ഗ്യാസ്, ജലപീരങ്കി

By Web TeamFirst Published Jul 22, 2019, 12:55 PM IST
Highlights

സെക്രട്ടേറിയറ്റ് പരിസരത്ത് പൂർണമായി ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. യൂണിവേഴ്‍സിറ്റി കോളേജ് ഇന്ന് വീണ്ടും തുറന്നതോടെ വലിയ പ്രതിഷേധ പരമ്പര അഴിച്ചു വിടുകയാണ് കെഎസ്‍യുവും യൂത്ത് കോൺഗ്രസും. നഗരം കനത്ത പൊലീസ് കാവലിൽ.

തിരുവനന്തപുരം: കെഎസ്‍യുവിന്‍റെയും യൂത്ത് കോൺഗ്രസിന്‍റെയും പ്രതിഷേധത്തെത്തുടർന്ന് സെക്രട്ടേറിയറ്റും പരിസരവും സംഘർഷഭൂമിയായി. സെക്രട്ടേറിയറ്റ് പരിസരത്ത് പൊലീസും സമരക്കാരും തമ്മിൽ കനത്ത സംഘ‍ർഷമാണ്. സമരക്കാർക്ക് നേരെ പൊലീസ് ടിയർഗ്യാസും, ലാത്തിച്ചാർജും, ജലപീരങ്കിയും പ്രയോഗിച്ചു. പൊലീസിന് നേരെ സമരക്കാർ കല്ലും കുപ്പികളും എറിയുന്നു. സെക്രട്ടേറിയറ്റ് പരിസരം അക്ഷരാർത്ഥത്തിൽ യുദ്ധക്കളമാവുകയാണ്.

തുടക്കത്തിൽ പൊലീസ് സംയമനം പാലിച്ചെങ്കിലും പിന്നീട്, കല്ലേറ് ശക്തമായതോടെ പൊലീസ് നടപടി തുടങ്ങുകയായിരുന്നു.

തത്സമയദൃശ്യങ്ങൾ:

സെക്രട്ടേറിയറ്റിന് മുന്നിൽ കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് കെ എം അഭിജിത്ത് നടത്തുന്ന നിരാഹാരസമരം ഇന്ന് എട്ടാം ദിവസമായിരുന്നു. രാവിലെ സെക്രട്ടേറിയറ്റ് പരിസരത്ത് സമാധാനപരമായിരുന്നു. എന്നാൽ യൂണിവേഴ്‍‍സിറ്റി കോളേജിൽ ഇന്ന് ക്ലാസ് തുടങ്ങുന്നതിനാൽ കനത്ത കാവലിലായിരുന്നു പൊലീസ്. സെക്രട്ടേറിയറ്റ് പരിസരത്തിന് ചുറ്റും പൊലീസ് കനത്ത കാവലേർപ്പെടുത്തി.

ഇന്ന് യൂണിവേഴ്‍സിറ്റി കോളേജിൽ കെഎസ്‍യു യൂണിറ്റ് രൂപീകരിക്കുമെന്ന് പ്രഖ്യാപനം വന്നു. രാവിലെ പത്ത് മണിയോടെ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിലെ കെഎസ്‍യു സമരപ്പന്തലിന് മുന്നിൽ തടിച്ചു കൂടി. യൂണിറ്റ് പ്രഖ്യാപിച്ചു. അമല്‍ ചന്ദ്രന്‍ യൂണിറ്റ് പ്രസിഡന്‍റും ആര്യ എസ് നായര്‍ വൈസ് പ്രസിഡന്‍റുമായ ഏഴംഗ കമ്മിറ്റിക്കാണ് രൂപം നല്‍കിയത്.  ആരോഗ്യകരമായ ക്യാംപസ് രാഷ്ട്രീയത്തിനായി പോരാടുമെന്ന് കെഎസ്‍യു യൂണിറ്റ് പ്രസിഡന്‍റ് പറഞ്ഞു. നേരത്തെ താനടക്കമുള്ളവരെ ഭയപ്പെടുത്തി എസ്എഫ്‍ഐക്ക് വേണ്ടി ജയ് വിളിക്കാന്‍ നിര്‍ബന്ധിതരാക്കിയിട്ടുണ്ടെന്നും  അമല്‍ ചന്ദ്രന്‍ പറഞ്ഞു.

ഇതിന് പിന്നാലെ പുതിയ യൂണിറ്റംഗങ്ങളേയും കൂട്ടി മാർച്ചായി കെഎസ്‍യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോളേജിന് മുൻവശത്തേക്ക്. അവിടെ വച്ച് പൊലീസ് തടഞ്ഞു. യൂണിറ്റംഗങ്ങളെ മാത്രം അകത്തേക്ക് കയറ്റി. ബാക്കിയുള്ളവരെ പുറത്ത് തന്നെ നിർത്തി. കൊടിതോരണങ്ങളടക്കം അകത്തേക്ക് കൊണ്ടുപോകാൻ അനുവദിച്ചതുമില്ല. 

ഇതിന് പിന്നാലെയാണ്, സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺഗ്രസും കെഎസ്‍യുവും പ്രതിഷേധ മാർച്ച് നടത്തിയത്. പൊലീസ് തയ്യാറായി നിന്നു. ആദ്യമൊക്കെ പൊലീസ് സംയമനം പാലിച്ചു. ആദ്യം മാർച്ചായി എത്തിയ പ്രവർത്തകർ സെക്രട്ടേറിയറ്റ് ഗേറ്റ് തള്ളിക്കയറാൻ ശ്രമിച്ചു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസിന്‍റെ ജലപീരങ്കി, ലാത്തിച്ചാർജ്. സംഘർഷം.

ഇതൊന്ന് അടങ്ങിയപ്പോൾ, പിന്നീട്, യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് ഡീൻ കുര്യാക്കോസിന്‍റെയും ജ്യോതികുമാർ ചാമക്കാലയുടെയും നേതൃത്വത്തിൽ പ്രവർത്തകർ സെക്രട്ടേറിയറ്റ് ഗേറ്റിൽ കുത്തിയിരുന്നു. ഡീൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ മറ്റൊരു ഭാഗത്ത് ലാത്തിച്ചാർജുണ്ടായി. പ്രവർത്തകർ മറുഭാഗത്തുള്ള ഗേറ്റിലൂടെ അകത്തേക്ക് കയറാൻ ശ്രമിച്ചപ്പോഴാണ് പൊലീസ് തടഞ്ഞത്. 

ഇതിന് ശേഷം പിന്നീട് സെക്രട്ടേറിയറ്റ് പരിസരം അക്ഷരാർത്ഥത്തിൽ യുദ്ധക്കളമാകുന്ന ദൃശ്യങ്ങളാണ് കണ്ടത്. പല തവണ പൊലീസ് ലാത്തിച്ചാർജ് നടത്തി. ടിയർ ഗ്യാസ് പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗിച്ചു. ഗ്രനേഡും പ്രയോഗിച്ചു. പ്രവർത്തകർ വ്യാപകമായി കൂട്ടം കൂടി നിന്ന് പൊലീസിന് നേരെ കല്ലെറിഞ്ഞു, കുപ്പിയെറിഞ്ഞു. സ്ഥലത്ത് വൻ സംഘർഷമായി.

സംഘർഷത്തിൽ നിരവധി പൊലീസുകാർക്കും, കെഎസ്‍യു, യൂത്ത് കോൺഗ്രസ് പരിക്കേറ്റിട്ടുണ്ട്. സ്ഥലത്തേക്ക് ആംബുലൻസുകൾ ഇരച്ചെത്തി. 

ഇതിനിടെ സമരപ്പന്തലിലേക്ക്, മഹിളാ കോൺഗ്രസ് പ്രവർത്തകരും എത്തി. ഇവർക്ക് നേരെയും അക്രമമുണ്ടായതായി നേതാക്കൾ ആരോപിച്ചു. 

tags
click me!