തിരുവനന്തപുരം: സിപിഐ സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ച് യുഡിഎഫ്. ഭരണത്തിന്‍റെ തണലില്‍ സിപിഐ ഉല്ലസിക്കുകയാണെന്നും അതുകൊണ്ടാണ് സ്വന്തം എംഎല്‍എയെ പൊലീസ് തല്ലിയിട്ടും പാര്‍ട്ടിക്ക് പ്രശ്നമില്ലാത്തതെന്നും യുഡിഎഫ് യോഗം ആരോപിച്ചു. സംസ്ഥാനത്ത് നിലവിലുള്ളത് പൊലീസ് രാജ് ആണ്. സര്‍ക്കാര്‍ പൊലീസിനെ കയറൂരി വിട്ടിരിക്കുകയാണെന്നും യോഗത്തില്‍ ആക്ഷേപമുയര്‍ന്നു.
പ്രളയാനന്തര ദുരിതാശ്വാസത്തില്‍ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. കസ്റ്റഡി മരണംത്തില്‍ പൊലീസ് അന്വേഷണം മരവിച്ച അവസ്ഥയാണ്. എല്‍ഡിഎഫ് ഭരണത്തിനു കീഴില്‍ പിഎസ്‍സി പരീക്ഷയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു. പരീക്ഷാ ക്രമക്കേടില്‍ അന്വേഷണം വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട് കേസ് അട്ടിമറിക്കാനാണ്. ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തെ എതിർക്കാൻ ഖജനാവിൽ നിന്ന് പണം മുടക്കുന്നത് അധികാര ദുർവിനിയോഗമാണെന്നും യുഡിഎഫ് കുറ്റപ്പെടുത്തി.
പി ജെ ജോസഫിന്റെ അതൃപ്തിപരിഹരിക്കാൻ അദ്ദേഹവുമായി ചർച്ച നടത്തുമെന്ന് യുഡിഎഫ് നേതാക്കള്‍ അറിയിച്ചു. കേരള കോൺഗ്രസിലെ ഇരു വിഭാഗത്തേയും ഒരുമിച്ച് കൊണ്ടു പോകണമെന്നാണ് യു.ഡി.എഫിന്റെ ആഗ്രഹം. ഉപതെരഞ്ഞെടുപ്പിൽ
ആറിടത്തും യുഡിഎഫിന് ജയസാധ്യതയാണുള്ളതെന്നും നേതാക്കള്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam