'വിഴിഞ്ഞം സംഘര്‍ഷം സര്‍ക്കാരിന്‍റെ ആസൂത്രിത നീക്കത്തിന്‍റെ ഫലം', ലത്തീന്‍ അതിരൂപത

By Web TeamFirst Published Nov 27, 2022, 3:16 PM IST
Highlights

വധശ്രമം, ഗൂഢാലോചന, കലാപാഹ്വാനം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങി വകുപ്പുകളിട്ടാണ് സമരസമിതി ജനറൽ കൺവീനറും ലത്തീൻ അതിരൂപതാ വികാരി ജനറലുമായ ഫാ. യൂജിൻ പെരേര അടക്കമുള്ളവര്‍ക്കെതിരെ കേസ്. 

തിരുവനന്തപുരം: വിഴിഞ്ഞത്തുണ്ടായ സംഘര്‍ഷം സര്‍ക്കാരിന്‍റെ ആസൂത്രിത നീക്കത്തിന്‍റെ ഫലമെന്ന് ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാദര്‍ യൂജിന്‍ പെരേര. വൈദികര്‍ക്ക് എതിരെ ഗൂഢനീക്കം നടക്കുന്നതായും യൂജിന്‍ പെരേര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വധശ്രമം, ഗൂഢാലോചന, കലാപാഹ്വാനം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങി വകുപ്പുകളിട്ടാണ് സമരസമിതി ജനറൽ കൺവീനറും ലത്തീൻ അതിരൂപതാ വികാരി ജനറലുമായ ഫാ. യൂജിൻ പെരേര അടക്കമുള്ളവര്‍ക്കെതിരെ കേസ്. എട്ട് കേസുകളാണ് വിഴിഞ്ഞം പൊലീസ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. സംഘം ചേര്‍ന്നതിനും പൊതുമുതൽ നശിപ്പിച്ചതിനും തുറമുഖത്തെ അനുകൂലിക്കുന്നവര്‍ക്കെതിരെ രണ്ട് കേസും എടുത്തിട്ടുണ്ട്.

വിഴിഞ്ഞം സംഘര്‍ഷത്തില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോ ആണ് ഒന്നാം പ്രതി. സഹായമെത്രാന്‍ ഡോ. ആര്‍ ക്രിസ്തുദാസ് ഉള്‍പ്പടെ അമ്പതോളം വൈദികര്‍ പ്രതിപ്പട്ടികയിലുണ്ട്. ആര്‍ച്ച് ബിഷപ്പും വൈദികരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആര്‍. രണ്ടുലക്ഷത്തിലേറെ രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചതിനും പൊലീസ് കേസെടുത്തു. 

അതേസമയം വിഴിഞ്ഞം സമരം മൂലം തുറമുഖ പദ്ധതിക്കുണ്ടായ നഷ്ടം ലത്തീൻ അതിരൂപതയിൽ നിന്നും ഈടാക്കാനാണ് സർക്കാർ തീരുമാനം. അദാനി പറഞ്ഞ നഷ്ടപരിഹാരത്തുക ലത്തീൻ സഭയിൽ നിന്നും ഈടാക്കാൻ സർക്കാർ തീരുമാനിച്ചു.104 ദിവസം പിന്നിട്ട സമരം വഴി 200 കോടിയുടെ നഷ്ടമുണ്ടായെന്നാണ് അദാനിയുടെ കണക്ക്. ലത്തീൻ സഭയിൽ നിന്നും തുക ഈടാക്കണമെന്ന് നേരത്തെ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ കമ്പനി ആവശ്യപ്പെട്ടപ്പോൾ എരിതീയിൽ എണ്ണയൊഴിക്കേണ്ടെന്നായിരുന്നു സർക്കാരിന്‍റെ മുൻ നിലപാട്. പൊതുമുതൽ നശിപ്പിച്ചാൽ നഷ്ടം സമരക്കാരിൽ നിന്ന് ഈടാക്കണമെന്ന ഹൈക്കോടതി വിധിയുടെ ചുവട് പിടിച്ചാണ് പുതിയ നീക്കം. 

click me!