
കണ്ണൂർ: ജനവാസ കേന്ദ്രങ്ങളെ പൂർണമായി ഒഴിവാക്കി ബഫർ സോൺ നിശ്ചയിക്കുന്നതിനാവശ്യമായ ശുപാർശ നൽകാൻ കേരള സർക്കാർ തയ്യാറാകണമെന്ന് ലാറ്റിൻ കാത്തലിക് കൗൺസിൽ ആവശ്യപ്പെട്ടു. പുനർഗേഹം പദ്ധതി നിർത്തി വച്ച് കേരളതീരം സമ്പൂർണമായി സംരക്ഷിക്കാൻ യുദ്ധകാല അടിസ്ഥാനത്തിൽ നടപടിയെടുക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.
ജനാധിപത്യ രീതിയിലുള്ള സമരങ്ങളെ പൊലീസ് അടിച്ചമർത്തുന്നത് സമഗ്രാധിപത്യ പ്രവണതയുടെ അടയാളമാണ്. അഗ്നിപഥ് പോലെയുള്ള പദ്ധതികൾ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കേന്ദ്ര സർക്കാർ തിരിച്ചറിയണമെന്നും ലാറ്റിൻ കാത്തലിക് കൗൺസിൽ അഭിപ്രായപ്പെട്ടു.
ബഫർസോൺ വിഷയത്തില്‍ സംസ്ഥാനങ്ങളുമായി ചർച്ചയ്ക്ക് തയാറാകാതെ കേന്ദ്രം മുഖം തിരിക്കുന്നുവെന്നാണ് കേരളം പറയുന്നത്. സംസ്ഥാനങ്ങൾ നേരിട്ട് സുപ്രീംകോടതിയെ സമീപിക്കട്ടെയെന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ നിലപാട്. അതേസമയം, കേരള ചീഫ് സെക്രട്ടറി തന്നോട് ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നായിരുന്നു വിഷയത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന്‍റെ പ്രതികരണം.
സംരക്ഷിത വനമേഖലയുടെ ഒരു കിലോമീററർ ചുറ്റളവ് ബഫർസോണായി പ്രഖ്യാപിച്ച സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിന്‍റെ ആശങ്കയേറ്റുന്നതാണ് കേന്ദ്ര നിലപാട്. വിധിയില്‍ ആശങ്കയുള്ള സംസ്ഥാനങ്ങൾ നേരിട്ട് സുപ്രീം കോടതിയെ സമീപിക്കട്ടെയെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ ഉന്നതർ പറയുന്നത്. സുപ്രീം കോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആലോചന തുടരുകയാണ്. വിധി മറികടക്കാന്‍ കേന്ദ്രം നിയമനിർമാണം നടത്തണമെന്നതടക്കമുള്ള ആവശ്യമുന്നയിച്ച് കേരള നിയമസഭ പ്രമേയവും പാസാക്കിയിരുന്നു. എന്നാല്‍ ആശങ്കകൾ പരിഹരിക്കുമെന്ന് പറയുമ്പോഴും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കൂടികാഴ്ചയ്ക്ക് കേന്ദ്രം തയാറാകുന്നില്ല.
ബഫർസോൺ വിധി സംസ്ഥാനത്ത് വലിയ ആശങ്കയും പ്രതിഷേധവും ഉയർത്തുമ്പോൾ പന്ത് അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിക്കുകയാണ് കേന്ദ്രവും സംസ്ഥാനവും. പശ്ചിമഘട്ട കരട് വിജ്ഞാപനുമായി ബന്ധപ്പട്ട് ചീഫ് സെക്രട്ടിറിമാരുമായി ജൂലൈ 11ന് കേന്ദ്രം നടത്തുന്ന ചർച്ചയിലെങ്കിലും തുടർനടപടികളുമായി ബന്ധപ്പെട്ട് ഒരു വ്യക്തത വരുമെന്നാണ് പ്രതീക്ഷ.