ലോ കോളേജിൽ ക്ലാസ് മുടങ്ങിയിട്ട് ഒരാഴ്ച: ഇന്ന് ചേര്‍ന്ന സമാധാനയോഗം പരാജയപ്പെട്ടു, വിട്ടുവീഴ്ച ചെയ്യാതെ എസ്എഫ്ഐ

By Web TeamFirst Published Mar 20, 2023, 8:53 PM IST
Highlights

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൻറെ ഭാഗമായി കെ‍എസ്‍യു സ്ഥാപിച്ച കൊടി എസ്എഫ്ഐ കൂട്ടിയിട്ട് കത്തിച്ചതിന് പിന്നാലെ ഈ മാസം 14 നാണ് ലോ കോളേജിൽ സംഘർഷമുണ്ടായത്

തിരുവനന്തപുരം: വിദ്യാർത്ഥി യൂണിയൻ സംഘർഷത്തിന് പിന്നാലെ ക്ലാസുകൾ അടച്ച തിരുവനന്തപുരം ലോ കോളേജിൽ റെഗുലർ ക്ലാസുകൾ മുടങ്ങിയിട്ട് ഒരാഴ്ചയാവുന്നു. പ്രിൻസിപ്പാൾ ഇന്ന് വിളിച്ച സമാധാന യോഗം തീരുമാനമാകാതെ പിരിഞ്ഞു. നാളെ വീണ്ടും യോഗം ചേരുന്നുണ്ട്.  വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിന്ന എസ്എഫ്ഐ കൊടിമരം ക്യാംപസിൽ നിന്ന് നീക്കണമെന്ന അധ്യാപകരുടെ നിർദ്ദേശവും നിരസിച്ചു

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൻറെ ഭാഗമായി കെ‍എസ്‍യു സ്ഥാപിച്ച കൊടി എസ്എഫ്ഐ കൂട്ടിയിട്ട് കത്തിച്ചതിന് പിന്നാലെ ഈ മാസം 14 നാണ് ലോ കോളേജിൽ സംഘർഷമുണ്ടായത്. കൊടി നശിപ്പിച്ച 24 പ്രവർത്തകരെ സസ്പെൻഡ് ചെയ്തതോടെ അധ്യാപകരെ 10 മണിക്കൂർ ഓഫീസ് മുറിയിൽ ബന്ധിയാക്കിയും എസ്എഫ്ഐ പ്രതിഷേധിച്ചു. അധ്യാപികക്കെതിരെയും അതിക്രമമുണ്ടായി. ഇതിന് പിന്നാലെയാണ് ക്ലാസുകൾ പൂട്ടി ഓൺലൈൻ ക്ലാസ് തുടങ്ങിയത്. പ്രശ്നം പരിഹരിക്കാൻ ഇരു വിദ്യാർത്ഥി യൂണിയനുകളുടേയും ജില്ലാ ഭാരവാഹികളെ പ്രിൻസിപ്പാൾ ചർച്ചയ്ക്ക് വിളിച്ചെങ്കിലും എസ്എഫ്ഐയുടെ കടുംപിടിത്തം കാരണം പരാജയപ്പെട്ടു

സംഘർഷക്കേസുകളും പരാതിയും പരസ്പരം പിൻവലിക്കാമെന്ന് കെഎസ്‍യുവും എസ്എഫ്ഐയും സമ്മതിച്ചെങ്കിലും സസ്പെൻഷൻ പിൻവലിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് എസ്എഫ്ഐ. ഹൈക്കോടതി വിധിപ്രകാരം ക്യാന്പസിനകത്ത് കൊടിമരം പാടില്ലെന്ന് അധ്യാപകരിൽ നിന്ന് അഭിപ്രായമുയർന്നു. എസ്ഫ്ഐ കൊടിമരം മാറ്റിയാൽ സമ്മതമെന്നായിരുന്നു കെഎസ്‍യു നിലപാട്. ഇല്ലെങ്കിൽ നാളെ ക്യാന്പസിനകത്ത് കൊടി ഉയർത്താനാണ് കെഎസ്‍യു തീരുമാനം. അതിനിടെ അധ്യാപികയെ അതിക്രമിച്ച കേസിൽ പരാതി നൽകി മൂന്നുദിവസമായിട്ടും എസ്എഫ്ഐ പ്രവർത്തകരെ കണ്ടെത്താൻ പൊലീസിനായില്ല. ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ പ്രവർത്തിക്കുന്നില്ലെന്നും കൂടുതൽ അധ്യാപകരുടെ മൊഴിയെടുക്കണമെന്നുമാണ് പൊലീസ് വിശദീകരണം

click me!