'റിമാന്‍ഡ് പ്രതിയെ പൊലീസ് മര്‍ദ്ദിച്ചു', കോടതിക്കു മുന്നില്‍ പ്രതിഷേധവുമായി അഭിഭാഷകര്‍

By Web TeamFirst Published Sep 20, 2022, 2:36 PM IST
Highlights

മർദ്ദനമേറ്റ പ്രതിയുടെ മൊഴി രേഖപ്പെടുത്തണമെന്ന് അഭിഭാഷകർ ആവശ്യപ്പെടുകയും പ്രതിയെ കയറ്റിയ പൊലീസ് വാഹനം തടയുകയുമായിരുന്നു. 

കോട്ടയം: കോടതിയിൽ നിന്ന് ഇറക്കി കൊണ്ട് പോകുന്നതിനിടെ പൊലീസുകാർ റിമാൻഡ് പ്രതിയെ മര്‍ദിച്ചെന്നാരോപിച്ച് കാഞ്ഞിരപ്പളളി കോടതിക്കു മുന്നില്‍ അഭിഭാഷകരുടെ പ്രതിഷേധം. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കൊല്ലത്ത് അഭിഭാഷകന് പൊലീസ് മർദ്ദനമേറ്റതിൽ സംസ്ഥാന വ്യാപകമായി കോടതികൾ ബഹിഷ്ക്കരിച്ച് അഭിഭാഷകർ പ്രതിക്ഷേധിച്ചിരുന്നു.ഇതിൻ്റെ ഭാഗമായി കാഞ്ഞിരപ്പള്ളി കോടതിയുടെ പരിസരത്തും അഭിഭാഷകർ യോഗം ചേർന്നു. ഇതിനിടെയാണ് റിമാൻ്റ് പ്രതിയായ ഇടുക്കി തങ്കമണി സ്വദേശിയായ സുഭാഷ് എന്ന പ്രതിയുമായി പോലീസ് ഇതുവഴി കടന്നു പോയത്.

ഈ സമയം പോലീസുകാർ പ്രതിയെ അഭിഭാഷകരുടെ മുൻപിലിട്ട് മർദിച്ചു എന്നായിരുന്നു ആരോപണം. മർദ്ദനമേറ്റ പ്രതിയുടെ മൊഴി രേഖപ്പെടുത്തണമെന്ന് അഭിഭാഷകർ ആവശ്യപ്പെടുകയും പ്രതിയെ കയറ്റിയ പൊലീസ് വാഹനം തടയുകയുമായിരുന്നു. പിന്നീട് കാഞ്ഞിരപ്പള്ളി, പൊൻകുന്നം സിഐമാരെത്തി അഭിഭാഷകരുമാരുമായി ചർച്ച ചെയ്ത് പ്രശ്നം പരിഹരിച്ചാണ് പ്രതിയുമായി മടങ്ങിയത്. റിമാന്‍റിലായ പ്രതി കോടതിയിൽ നിന്ന്  മടങ്ങാൻ വിസമ്മതിച്ചപ്പോൾ ബലമായി വാഹനത്തിൽ കയറ്റുക മാത്രമാണ് ഉണ്ടായതെന്ന് പൊലീസ് വിശദീകരിച്ചു.

അതേസമയം കൊല്ലത്ത് അഭിഭാഷകനെ പൊലീസ് മര്‍ദ്ദിച്ചുവെന്നാരോപിച്ച് ബാർ കൗണ്‍സിൽ നടത്തി വന്ന സമരം അവസാനിപ്പിച്ചു. നിയമ മന്ത്രി പി രാജീവുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ബാർ കൗണ്‍സിലിന്‍റെ തീരുമാനം. കരുനാഗപ്പള്ളി സി ഐ ഗോപകുമാർ അടക്കം നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാമെന്ന് സര്‍ക്കാ‍ർ ഉറപ്പ് നൽകിയെന്ന് അഭിഭാഷകർ അവകാശപ്പെട്ടു. കൊല്ലം ബാറിലെ അഭിഭാഷകനായ ജയകുമാറിനെ സെപ്റ്റംബർ അഞ്ചിന് കരുനാഗപ്പള്ളി പൊലീസ് മര്‍ദ്ദിച്ചുവെന്നും വിലങ്ങ് വെച്ചുവെന്നും ആരോപിച്ചാണ് ബാർ കൗൺസിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഒരാഴ്ചയില്‍ അധികമായി കോടതി നടപടികൾ ബഹിഷ്‍കരിച്ച് കൊല്ലം ബാ‍ർ അസോസിയേഷൻ സമരത്തിലായിരുന്നു. സംഭവത്തിൽ ബാർ കൗൺസിൽ ചെയർമാൻ അടക്കമുള്ളവരുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം എറണാകുളത്തും ചർച്ച നടന്നിരുന്നു. അതിന്‍റെ തുടർച്ചയായാണ് ഇന്ന് മന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച നടന്നത്. 

 

click me!