
തിരുവനന്തപുരം: മുത്തൂറ്റ് ഫിനാൻസിന്റെ 43 ശാഖകളിൽ നിന്ന് 166 തൊഴിലാളികളെ പിരിച്ചുവിട്ട സംഭവത്തിൽ വീണ്ടും സമരം പ്രഖ്യാപിച്ച് സിഐടിയു. മാനേജ്മെന്റ് ഒത്തുതീർപ്പ് വ്യവസ്ഥകൾ ലംഘിച്ചെന്നും സർക്കാർ അനുമതിയില്ലാതെയാണ് പിരിച്ചുവിട്ടതെന്നും ആരോപിച്ചാണ് സമരം പ്രഖ്യാപിച്ചത്. ജനുവരി രണ്ട് മുതലാണ് അനിശ്ചിതകാല സമരം.
സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീമാണ് സമരം പ്രഖ്യാപിച്ചത്. മുത്തൂറ്റ് ഫിനാൻസിന്റെ ഒരൊറ്റ ഓഫീസ് പോലും പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നാണ് സിഐടിയു പ്രഖ്യാപിച്ചിരിക്കുന്നത്.
മാനേജ്മെന്റുമായുണ്ടാക്കിയ സേവന വേതന കരാർ നടപ്പിലാക്കാതെ വന്നതോടെയാണ് സിഐടിയു നേരത്തെ സമരം പ്രഖ്യാപിച്ചത്. ആഗസ്റ്റ് 20 ന് ആരംഭിച്ച സമരം 52 ദിവസം നീണ്ടുനിന്നു. ഒക്ടോബർ പത്തിനാണ് സമരം അവസാനിച്ചത്. ഹൈക്കോടതി നിരീക്ഷകന്‍റെ നേതൃത്വത്തിൽ എറണാകുളം ഗസ്റ്റ് ഹൗസിൽ വെച്ച് നടത്തിയ ചർച്ചയിലാണ് ധാരണയായത്. വേതന വർദ്ധനവ് എന്ന ആവശ്യം മാനേജ്മെന്റ് അംഗീകരിച്ചു.
ശമ്പളപരിഷ്കരണം ഉടൻ നടപ്പാക്കുക, പിരിച്ചു വിട്ട എട്ട് തൊഴിലാളികളെ തിരിച്ചെടുക്കുക, 41 പേരുടെ സസ്പെൻഷൻ പിൻവലിക്കുക, താൽക്കാലികമായി 500 രൂപ ശമ്പളം വർധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.
കഴിഞ്ഞ ശനിയാഴ്ചയാണ് ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് ഇമെയിൽ വഴി നൽകിയത്. ഇതിന് പിന്നാലെ ജീവനക്കാർക്ക് ജോലി ചെയ്ത കാലയളവിലേക്കുള്ള തുക അക്കൗണ്ടിൽ നൽകുകയും ചെയ്തു. 611 ശാഖകളിലും 11 റീജണൽ ഓഫീസുകളിലും 1800 ജീവനക്കാരാണ് മുത്തൂറ്റിലുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam