
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ചേരുന്ന എൽഡിഎഫ് യോഗത്തിന് ശേഷമാകും സ്ഥാനാർത്ഥി പ്രഖ്യാപനം. സ്ഥാനാർത്ഥി നിർണയത്തിൽ അന്തിമതീരുമാനമെടുക്കാനായി എൻസിപിയും യോഗം ചേരും. മാണി സി കാപ്പന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യത.
സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കി മത്സരരംഗത്ത് എത്രയും വേഗം ചുവടുറപ്പിക്കാനാണ് എൽഡിഎഫ് നീക്കം. രാവിലെ 11 മണിക്കാണ് എൻസിപി യോഗം. സംസ്ഥാനഭാരവാഹികളും ജില്ലാ അധ്യക്ഷന്മാരും പങ്കെടുക്കുന്ന യോഗം മാണി സി കാപ്പനെ തന്നെ സ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കാനാണ് സാധ്യത. 2016ൽ കെ.എം.മാണിയുടെ ഭൂരിപക്ഷം 5000ൽ താഴെ ഒതുക്കാനായതാണ് ഇടതുമുന്നണിക്ക് പ്രതീക്ഷ നൽകുന്നത്.
കഴിഞ്ഞ തവണ ശക്തമായ മത്സരം കാഴ്ചവയ്ക്കാനായത് മാണി സി കാപ്പന് അനുകൂല ഘടകമാണ്. സിപിഎമ്മിനും മാണി സി കാപ്പനോട് താത്പര്യമുണ്ട്. വൈകീട്ട് മൂന്ന് മണിക്കാണ് ഇടതുമുന്നണി യോഗം. എൻസിപി മുന്നോട്ട് വയ്ക്കുന്ന സ്ഥാനാർത്ഥിയുടെ പേര് എൽഡിഎഫ് യോഗം അംഗീകരിക്കും. ഇതിന് ശേഷമാകും സ്ഥാനാർത്ഥി പ്രഖ്യാപനം. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍റെ തീയതിയും പ്രചരണപരിപാടികളും ഇന്നത്തെ ഇടത് മുന്നണി യോഗത്തില്‍ തീരുമാനിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam