
മഞ്ചേശ്വരം: ശങ്കര്‍ റൈയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ മഞ്ചേശ്വരത്തെ ബിജെപി കോട്ടകളില്‍ വിളളലുണ്ടാക്കാമെന്ന കണക്കുകൂട്ടലിലാണ് സിപിഎം. ബിജെപിക്ക് വ്യക്തമായ മേല്‍ക്കൈയുള്ള എന്‍മകജെ പഞ്ചായത്തില്‍ ക്ഷേത്രദര്‍ശനം നടത്തിയാണ് ശങ്കര്‍ റൈ പ്രചാരണത്തിന് തുടക്കമിട്ടത്. ലോക്സഭാ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി വ്യക്തമായ ഭൂരിപക്ഷം നേടിയ പഞ്ചായത്താണ് എന്‍മകജെ.
26,824 വോട്ടര്‍മാരുള്ള ഈ പഞ്ചായത്തില്‍ തുളു, കന്നട ഭാഷകള്‍ സംസാരിക്കുന്നവരാണ് ഏറെയും. പഞ്ചായത്തിലെ പ്രധാന ക്ഷേത്രമായ കാട്ടുകുക്കൈ സുബ്രമണ്യ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് ശങ്കര്‍ റൈ പ്രചാരണത്തിന് തുടക്കമിട്ടത്. ക്ഷേത്രദര്‍ശനത്തിന് പിന്നാലെ തൊട്ടടുത്ത സ്കൂളിലെത്തിയ ശങ്കര്‍ റൈ കുട്ടികളെയും കൈയിലെടുത്തു. ബിജെപി ഭരിച്ചിരുന്ന എന്‍മകജെ പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ കോണ്‍ഗ്രസ് ഭരണം പിടിച്ചത് കഴിഞ്ഞ വര്‍ഷമാണ്.
പഞ്ചായത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഏഴ് അംഗങ്ങള്‍ വീതവും എല്‍ഡിഎഫിന് മൂന്ന് അംഗങ്ങളുമാണുളളത്. മഞ്ചേശ്വരം മണ്ഡലത്തിലെ 200000 പരം വോട്ടര്‍മാരില്‍ ശങ്കര്‍ റൈ ഉള്‍പ്പെടുന്ന റൈ വിഭാഗത്തിനൊപ്പം ഇതേ പട്ടികയില്‍ വരുന്ന ഷെട്ടി, ഭാണ്ഡാരി വിഭാഗങ്ങള്‍ കൂടി ചേരുമ്പോള്‍ 32000 പേര്‍ വരുമെന്നാണ് കണക്ക്. ബിജെപിക്ക് കാര്യമായ സ്വാധീനമുളള ഈ വിഭാഗങ്ങള്‍ക്കിടയില്‍ ഇളക്കം തട്ടിക്കാനാണ് സിപിഎം ശ്രമം.
മഞ്ചേശ്വരത്ത് സിപിഎം സംസ്ഥാന സമിതിയംഗം സിഎച്ച് കുഞ്ഞമ്പു സ്ഥാനാര്‍ത്ഥിയാവും എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ അവസാനനിമിഷം ഭാഷാന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ശങ്കര്‍ റൈയെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ജില്ലാ കമ്മിറ്റികളിലും മണ്ഡലം കമ്മിറ്റികളിലും ചര്‍ച്ച ചെയ്ത ശേഷമാണ് ശങ്കര്‍ റൈയെ നിശ്ചയിച്ചതെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam