'ശബരിമല വിധി'യിൽ സാമ്പത്തിക നഷ്ടം മാത്രം: നൂറു കോടി വരുമാനനഷ്ടമെന്ന് എ പദ്മകുമാർ

By Web TeamFirst Published Sep 28, 2019, 3:15 PM IST
Highlights

ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ച സുപ്രീംകോടതി വിധി വന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷം. ഏറെ വിവാദം സൃഷ്ടിച്ച വിധി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് പ്രസിഡന്‍റ്  എ പദ്മകുമാര്‍. 

തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശന വിധിയെത്തുടര്‍ന്നുള്ള പ്രതിഷേധം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സാമ്പത്തികമായി വലിയ തിരിച്ചടിയായെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്  എ പദ്മകുമാര്‍ പറഞ്ഞു. നൂറ് കോടിയോളം രൂപയുടെ വരുമാന നഷ്ടമുണ്ടായെന്നാണ് അദ്ദേഹം പറഞ്ഞത്. കരുതല്‍ ഫണ്ടില്‍ നിന്ന് 35 കോടി രൂപ വായ്പയെടുത്തെന്നും പദ്മകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

സുപ്രീംകോടതിയുടെ യുവതീ പ്രവേശന വിധിയെത്തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് സ്വീകരിച്ച  സര്‍ക്കാര്‍ അനുകൂല നിലപാട് ഏറെ വിവാദമായിരുന്നു.  കാണിക്ക വഞ്ചി ചലഞ്ചുമായി വലിയൊരു വിഭാഗം ഭക്തര്‍ രംഗത്ത് വന്നതോടെയാണ് ബോര്‍ഡിന്‍റെ വരുമാനം ഇടിഞ്ഞത്. ഇതോടെയാണ് മരാമത്ത് ജോലികള്‍ക്കുള്ള പണം നല്‍കാനായിദേവസ്വം ബോര്‍ഡ്  കരുതല്‍ ഫണ്ടില്‍ നിന്ന് 35 കോടി രൂപ വായ്പ എടുത്തത്.

യുവതി പ്രവേശനത്തില്‍ സര്‍ക്കാരും സിപിഎമ്മും കടുത്ത നിലപാട് വേണ്ടെന്ന് വച്ചതോടെ ഇപ്പോള്‍ സാഹചര്യത്തില്‍ മാറ്റം വന്നിട്ടുണ്ട്.വിധി വന്ന ശേഷം ഇതാദ്യമായി കഴിഞ്ഞ മാസപൂജക്കാലത്ത് മുന്‍ വര്‍ഷത്തേക്കാള്‍ ഒരു കോടിയോളം വരുമാനം കൂടിയെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കുന്നു. യുവതി പ്രവേശന വിധിയില്‍ സുപ്രീംകോടതിയുടെ അന്തിമതീരുമാനത്തിനും തുടര്‍ നടപടികള്‍ക്കുമായി കാത്തിരിക്കുകയാണ് ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ സുപ്രധാന വിധി വന്നിട്ട്  ഇന്ന് ഒരു വര്‍ഷം തികയുകയാണ്. വിധിക്കെതിരെയുള്ള 56 പുനഃപരിശോധന ഹര്‍ജികളിലും നിരവധി കോടതി അലക്ഷ്യ ഹര്‍ജികളിലും  സുപ്രീംകോടതി തീരുമാനം അടുത്ത മാസം ഉണ്ടാകാനാണ് സാധ്യത. ജസ്റ്റിസ് ദീപക് മിശ്രക്ക് പകരം ഭരണഘടന ബെഞ്ചിൽ എത്തിയ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നിലപാടാകും ഇനി സുപ്രീംകോടതി തീരുമാനത്തിൽ നിര്‍ണായകമാവുക.

Read Also: ശബരിമല യുവതീപ്രവേശന വിധിക്ക് ഒരു വയസ്സ്; പുനഃപരിശോധന ഹര്‍ജികളിൽ വിധി അടുത്തമാസം ഉണ്ടായേക്കും 

ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ വലിയ ചര്‍ച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ച അപൂര്‍വ്വം കേസുകളിലൊന്നായിരുന്നു ശബരിമല യുവതീപ്രവേശം. വിശ്വാസത്തിനുള്ള ഭരണഘടനാവകാശം എല്ലാവര്‍ക്കും ഒരുപോലെ ആകണം എന്നതായിരുന്നു ശബരിമല വിധിയുടെ അന്തസത്ത. വിധി നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം വലിയ പ്രതിഷേധങ്ങളുണ്ടാക്കി. മുൻ ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചിൽ ജസ്റ്റിസ് ഇന്ദുമൽഹോത്ര ഒഴികെയുള്ള നാല് ജഡ്ജിമാരാണ് ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച് വിധിയെഴുതിയത്. ക്ഷേത്രാചാരങ്ങളിൽ കോടതി ഇടപെടരുത് എന്ന നിലപാടാണ് ഇന്ദു മല്‍ഹോത്ര സ്വീകരിച്ചത്. 

സുപ്രീംകോടതിയുടെ ചരിത്രത്തിൽ ഏറ്റവും അധികം പുനഃപരിശോധന ഹര്‍ജികൾ എത്തിയ കേസുകളുടെ കൂട്ടത്തിലേക്കും ശബരിമല എത്തി.പുനഃപരിശോധന ഹര്‍ജികളിൽ ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് വാദം കേട്ടത്. ഭരണഘടന ബെഞ്ചിലുള്ള ജസ്റ്റിസുമാരായ റോഹിന്‍റൻ നരിമാൻ, ഡി വൈ ചന്ദ്രചൂഡ്, എ എൻ കാൻവീൽക്കര്‍ എന്നിവര്‍ ശബരിമല വിധിയിൽ ഉറച്ചുനിന്നാൽ ഭൂരിപക്ഷ തീരുമാനപ്രകാരം പുനഃപരിശോധന ഹര്‍ജികൾ തള്ളിപ്പോകും. പക്ഷേ,, വിശ്വാസത്തിന്‍റെ ഭരണഘടന അവകാശത്തിൽ വിശദമായ പരിശോധന വേണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് തോന്നിയാൽ കേസ് ഏഴംഗ ഭരണഘടന ബെഞ്ചിലേക്ക് വിടാം.

Read Also: ശബരിമലയിൽ തിരുപ്പതിമോഡൽ ദർശനം; പൊലീസിന് പുതിയ പദ്ധതി

സുപ്രീംകോടതി വിധി മറികടക്കാൻ കേന്ദ്രം ഓര്‍ഡിനൻസ് കൊണ്ടുവരുമെന്ന ചര്‍ച്ചകൾ തെരഞ്ഞെടുപ്പ് കാലത്ത് സജീവമായിരുന്നു. പുനഃപരിശോധന ഹര്‍ജികളിലെ തീരുമാനം നോക്കി മതി അത്തരം നീക്കങ്ങളെന്നാണ് ഇപ്പോൾ കേന്ദ്രസര്‍ക്കാരിന്‍റെ നിലപാട്. നവംബര്‍ 17ന് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് രഞ്ജൻ ഗൊഗോയി വിരമിക്കും. അയോദ്ധ്യ കേസിലെ വിധി കൂടി എഴുതേണ്ട സാഹചര്യത്തിൽ നവംബറിന് മുമ്പ് ശബരിമല വിധി പ്രതീക്ഷിക്കാം. പുനഃപരിശോധ ഹര്‍ജികൾ തള്ളിയാൽ വിധി നടപ്പാക്കുക എന്നത് സംസ്ഥാനസര്‍ക്കാരിന്  വലിയ വെല്ലുവിളിയാകും. ഹര്‍ജികൾ അംഗീകരിച്ചാൽ പഴയ നിലപാട് തന്നെയാകുമോ സര്‍ക്കാരിന് എന്നതിലും നിലവില്‍ വ്യക്തതയില്ല. 

click me!