
തിരുവനന്തപുരം: എൽഡിഎഫിനും യുഡിഎഫിനും വോട്ടുചെയ്യുന്നവർ ഒരേ പേരിനു നേരെ വോട്ട് ചെയ്ത കേരളത്തിലെ ഒരേയൊരു വാർഡിൽ ജയിച്ചതും തോറ്റതും മരുതൂർ വിജയൻ. തിരുവനന്തപുരം ജില്ലയിലെ കരകുളം പഞ്ചായത്തിലെ 22-ാം വാർഡായ മരുതൂരിലായിരുന്നു വിജയന്മാരുടെ മത്സരം. രണ്ടു മുന്നണികൾക്കും ഒരേപേരിലുള്ള സ്ഥാനാർഥിയാണ് ഇവിടെ മത്സരിച്ചത്. എൽഡിഎഫിലെ മരുതൂർ വിജയനാണ് 493 വോട്ടുകൾ നേടി ജയിച്ചത്. 437 വോട്ടുകളാണ് യുഡിഎഫിന്‍റെ മരുതൂർ വിജയന് നേടാനായത്.
നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്‍റെ മുൻ പ്രസിഡന്‍റാണ് ജയിച്ച മരുതൂർ വിജയൻ. യുഡിഎഫിലെ മരുതൂർ വിജയനാകട്ടെ ഐഎൻടിയുസിയുടെ മികച്ച സംഘാടകനും പ്രവർത്തകനുമാണ്. നിലവിൽ സിപിഎം സിറ്റിങ് സീറ്റായ മരുതൂർ വാർഡ് പിടിച്ചെടുക്കാനായിരുന്നു കോൺഗ്രസും മരുതൂർ വിജയനെ നിയോഗിച്ചത്. 357 വോട്ടുകളാണ് ബിജെപി സ്ഥാനാർഥി വിശാഖിന് ഇവിടെ നേടാനായത്.
കരകുളം പഞ്ചായത്തിലെ ഭൂരിപക്ഷം സീറ്റുകളിലും എൽഡിഎഫാണ് വിജയിച്ചത്. 15 സീറ്റുകളിൽ എൽഡിഎഫ് ജയിച്ച പഞ്ചായത്തിൽ എട്ട് സീറ്റുകളിൽ യുഡിഎഫ് സ്ഥാനാർത്ഥികളും വിജയിച്ചു. കേവല ഭൂരിപക്ഷം നേടിയ എൽഡിഎഫ് ജയം ഉറപ്പിച്ചു. മരുതൂർ വിജയൻ പഞ്ചായത്ത് പ്രസിഡൻ്റാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam