
മലപ്പുറം: കേരളാ കോൺഗ്രസ് ഇടത് മുന്നണിക്ക് ഒപ്പം വരുന്നത് അടക്കമുള്ള കാര്യങ്ങളിൽ ഇപ്പോഴൊരു തീരുമാനം പറയാൻ കഴിയില്ലെന്ന് ഇടത് മുന്നണി കൺവീനര്‍ എ വിജയരാഘവൻ. ആദ്യം കേരളാ കോൺഗ്രസ് അവരുടെ നിലപാടെടുക്കണം. ചര്‍ച്ചകൾ പിന്നീട് നടക്കുമെന്നും എ വിജയരാഘവൻ പറഞ്ഞു.
യുഡിഎഫിൽ രാഷ്ട്രീയ പ്രതിസന്ധിയുണ്ട്. എന്തെങ്കിലും തീരുമാനമായാലേ എൽ ഡി എഫിലേക്ക് വരുന്നതടക്കമുള്ള ആലോചനകളും ചർച്ചകളുമുണ്ടാകു എന്നും വിജയരാഘവൻ മലപ്പുറത്ത് പറഞ്ഞു.
അതേസമയം ചെയർമാൻ സ്ഥാനത്തെ ചൊല്ലിയുള്ള കേരളാ കോൺഗ്രസ്(എം) ലെ തര്‍ക്കം തുടരുന്നു. സംസ്ഥാന കമ്മിറ്റി വിളിക്കാൻ പി ജെ ജോസഫ് തയ്യാറാകാത്ത സാഹചര്യത്തിൽ സമാന്തര നീക്കത്തിന് ഒരുങ്ങുകയാണ് ജോസ് കെ മാണി വിഭാഗം. സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ ഒപ്പ് വീണ്ടും ശേഖരിക്കാനാണ് തീരുമാനം. അതേസമയം, പിന്തുണ ഉറപ്പാക്കാൻ പി ജെ ജോസഫ് മലബാർ മേഖലയിലെ പ്രവർത്തകരുടെ യോഗം വിളിക്കും.
ജോസഫിന്‍റെ ഒത്ത് തീർപ്പ് ഫോർമുല തള്ളിയ ജോസ് കെ മാണി വിഭാഗം അടുത്ത നീക്കത്തിന് തയ്യാറെടുക്കുകയാണ്. സംസ്ഥാന കമ്മിറ്റി വിളിക്കണമെന്നാവശ്യപ്പെട്ട് 127 അംഗങ്ങൾ ഒപ്പിട്ട കത്ത് ജോസ് കെ മാണി വിഭാഗം പിജെ ജോസഫിന് നൽകിയിരുന്നു. ഇതിന് മറുപടിയില്ലാത്തതിനാലാണ് ബദൽ നീക്കം ആരംഭിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam