
കൊച്ചി: തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിന്റെ അലയൊളികളാണ് കേരളത്തിൽ. യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ഇതിനോടകം പ്രചാരണവും തുടങ്ങിക്കഴിഞ്ഞു. ഇടത് മുന്നണി സ്ഥാനാർത്ഥിയെ ഇന്നറിഞ്ഞേക്കും. സ്ഥാനാർഥിയെ നിശ്ചയിക്കാനുള്ള സിപിഎം ജില്ലാ കമ്മിറ്റി യോഗം ഇന്ന് നടക്കും. കെവി തോമസ് ആരെ പിന്തുണക്കുമെന്നതടക്കം കത്തി നിൽക്കവേ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ നിലപാട് വ്യക്തമാക്കുകയാണ് ഇടത് മുന്നണി കൺവീനർ ഇപി ജയരാജൻ.
ജന സമ്മിതിയുള്ള സ്ഥാനാർത്ഥിയാകും ഇടത് മുന്നണിയുടേതെന്ന് ഇപി ജയരാജൻ ആവർത്തിക്കുന്നു. തൃക്കാക്കര യുഡിഎഫ് കോട്ടയാണെന്ന ധാരണ തെറ്റാണെന്നും വികസനത്തിലൂന്നിയുള്ള പ്രചാരണമാകും മണ്ഡലത്തിലുടനീളം ഇടത് മുന്നണി നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി. കെവി തോമസിനെ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ക്ഷണിച്ച ഇപി ജയരാജൻ, സ്വന്തം നിലപാട് നിശ്ചയിക്കാനുള്ള കരുത്തുള്ള നേതാവാണ് അദ്ദേഹമെന്നും അഭിപ്രായപ്പെട്ടു. വികസന നിലപാടുള്ള ആർക്കും ഇടത് മുന്നണിയുടെ പ്രചാരണത്തിൽ സഹകരിക്കാമെന്നും ഇപി ജയരാജൻ വ്യക്തമാക്കി.
'പി ടിയേക്കാൾ ഭൂരിപക്ഷത്തിൽ ഉമ ജയിക്കും, സ്ഥാനാർത്ഥി പ്രഖ്യാപനം മുതിർന്ന നേതാക്കളുമായി ആലോചിച്ച്': വിഡി സതീശൻ
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പിടി തോമസിനേക്കാൾ ഭൂരിപക്ഷത്തിൽ ഉമാ തോമസ് വിജയിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മണ്ഡലത്തിൽ മികച്ച മുന്നൊരുക്കങ്ങൾ നടത്താൻ യുഡിഎഫിന് സാധിച്ചു. സ്ഥാനാർത്ഥി പ്രഖ്യാപനം എല്ലാ മുതിർന്ന നേതാക്കളുമായും സംസാരിച്ച ശേഷമാണെന്നും അദ്ദേഹം വിശദീകരിച്ചു. ഉമ മികച്ച സ്ഥാനാർത്ഥിയാണ്. ചിട്ടയായ പ്രവർത്തനവും നിയോജക മണ്ഡലത്തിന്റെ പാരമ്പര്യവും സ്ഥാനാർത്ഥിക്ക് ഗുണം ചെയ്യുമെന്നും സതീശൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സ്ഥാനാർത്ഥി നിർണയത്തിലെ കാലതാമസങ്ങളടക്കം തിരിച്ചടിയായിട്ടുണ്ടെന്നാണ് മുൻ തെരഞ്ഞെടുപ്പ് അനുഭവങ്ങളിൽ നിന്നും പഠിച്ചത്. അതുൾക്കൊണ്ട് തൃക്കാക്കരയിൽ നേരത്തെ തന്നെ മുന്നൊരുക്കങ്ങൾ നടത്താൻ സാധിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. എതിർപ്പുകൾ ചെറിയ പക്ഷമാണ്. മുതിർന്ന നേതാക്കൾ എതിർപ്പുയർത്തിയവരുമായി സംസാരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam