മുഖ്യമന്ത്രി കൂടുതൽ ശോഭയോടെ ജ്വലിച്ചു നിൽക്കുന്നു, അൻവറിന്റെ വർത്തമാനം കൊണ്ട് കെടുത്താനാവില്ല; ടിപി രാമകൃഷ്ണൻ

Published : Sep 26, 2024, 06:15 PM ISTUpdated : Sep 26, 2024, 07:48 PM IST
മുഖ്യമന്ത്രി കൂടുതൽ ശോഭയോടെ ജ്വലിച്ചു നിൽക്കുന്നു, അൻവറിന്റെ വർത്തമാനം കൊണ്ട് കെടുത്താനാവില്ല; ടിപി രാമകൃഷ്ണൻ

Synopsis

പിവി അൻവർ ഉയർത്തിയ പുതിയ വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു ടിപി രാമകൃഷ്ണൻ. പിണറായി എന്ന സൂര്യൻ കെട്ടുപോയെന്നും കത്തിജ്വലിച്ചു നിന്ന സൂര്യനായിരുന്നുവെന്നും അൻവർ വിമർശിച്ചിരുന്നു. ഇതിനോടാണ് എൽഡിഎഫ് കൺവീനറുടെ പ്രതികരണം. 

കോഴിക്കോട്: പിവി അൻവർ എംഎൽഎ പാർട്ടി ശത്രുക്കൾക്ക് വേണ്ടി പ്രവർത്തിക്കുന്നുവെന്ന് കരുതേണ്ടി വരുമെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. മുഖ്യമന്ത്രി കൂടുതൽ ശോഭയോടെ ജ്വലിച്ചു നിൽക്കുകയാണെന്നും ആർക്കും അത് കെടുത്താനാകില്ലെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. പിവി അൻവർ ഉയർത്തിയ പുതിയ വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു ടിപി രാമകൃഷ്ണൻ. പിണറായി എന്ന സൂര്യൻ കെട്ടുപോയെന്നും കത്തിജ്വലിച്ചു നിന്ന സൂര്യനായിരുന്നുവെന്നും അൻവർ വിമർശിച്ചിരുന്നു. ഇതിനോടാണ് എൽഡിഎഫ് കൺവീനറുടെ പ്രതികരണം. 

മുഖ്യമന്ത്രി കൂടുതൽ ശോഭയോടെ ജ്വലിച്ചു നിൽക്കുന്നു. ജനങ്ങൾ നൽകിയ സൂര്യശോഭയാണ്. അൻവറിന്റെ ഈ വർത്തമാനം കൊണ്ട് അത് കെടുത്താനാവില്ലെന്നും രാമകൃഷ്ണൻ പറഞ്ഞു. അൻവർ നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്. അത് പൂർത്തിയാകും മുമ്പ് ഏതെങ്കിലും ആക്ഷേപം പരസ്യമായി ഉന്നയിക്കുന്നത് ശരിയല്ല. മുഖ്യമന്ത്രി വ്യക്തമാക്കിയത് പാർട്ടി നിലപാടാണ്. മുഖ്യമന്ത്രി സിപിഎമ്മിൻ്റെ പോളിറ്റ് ബ്യൂറോ അംഗമാണ്. അൻവർ ശത്രുക്കളുടെ കയ്യിൽ കളിക്കുകയാണ്. അൻവറിൻ്റെ ചെയ്തികൾ തെറ്റാണ്. മുഖ്യമന്ത്രി ജനങ്ങളിൽ നിന്നും നേടിയ അംഗീകാരമാണ്. ജനങ്ങൾ നൽകിയിട്ടുള്ള സൂര്യതേജസാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ തേജസ് കൃത്രിമമായി നിർമ്മിച്ചതല്ല. മുഖ്യമന്ത്രി ചതിച്ചു എന്നത് അടിസ്ഥാനരഹിതമാണ്. 

ജനങ്ങളുടെ വിശ്വാസത്തിന് വിരുദ്ധമായി അൻവർ പ്രവർത്തിക്കുകയാണ്. അൻവർ നിലപാട് തിരുത്തണം. സിപിഎം അംഗമാണെങ്കിൽ അൻവറിനെ സസ്പെൻഡ് ചെയ്യാം. അൻവർ സ്വതന്ത്ര എംഎൽഎയാണ്. ഓരോ ദിവസവും ഓരോ പുതിയ ആരോപണങ്ങളാണ് അൻവർ ഉന്നയിക്കുന്നത്. അത് ശരിയായ രീതിയല്ലെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. 

മുഖ്യമന്ത്രി പിണറായി വിജയനെതിരെ തുറന്നടിച്ച പിവി അന്‍വര്‍ പിണറായി വിജയനെ കണ്ടത് അച്ഛന്‍റെ സ്ഥാനത്താണ് എന്നിട്ടും അദ്ദേഹം എന്നെ ചതിച്ചെന്ന് വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു. പിണറായി വിജയന്‍ എന്ന സൂര്യൻ കെട്ടുപോയി. മുഖ്യമന്ത്രിയുടെ ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്കായി. മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പ് വഹിക്കാനുള്ള അര്‍ഹത ഇല്ലെന്നും അന്‍വര്‍ ആഞ്ഞടിച്ചു. പാർട്ടിയിൽ അടിമത്തമാണെന്നും അന്‍വര്‍ കുറ്റപ്പെടുത്തി. 
 
അഞ്ച് മിനിട്ട് നേരമേ മുഖ്യമന്ത്രിയുമായി സംസാരിച്ചുള്ളൂ. ഉള്ള് തുറന്ന് എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നു. എന്നാല്‍, നിസഹായാവസ്ഥയാണ് മുഖ്യമന്ത്രി  പ്രകടിപ്പിച്ചത്. പി ശശി കാട്ടുകള്ളനാണ്. കാട്ടു കള്ളനെ താഴെ ഇറക്കണമെന്ന് ഞാൻ നിശ്ചയിച്ചു. കത്തിജ്വലിച്ചു നിന്ന സൂര്യനായിരുന്നു പിണറായി വിജയന്‍. എന്നാല്‍, ആ സൂര്യൻ കെട്ടുപോയി. തെളിവ് നൽകിയിട്ടും വിജിലൻസ് അന്വേഷണത്തിന് 6 മാസം സമയം നൽകി. സ്പോട്ടിൽ സസ്പെൻഡ് ചെയ്യേണ്ട ആളാണ് അജിത്ത് കുമാർ. എന്നാൽ വിജിലൻസ് അന്വേഷണത്തിലൂടെ ആറുമാസം കൂടി സമയം നൽകുകയാണ് ചെയ്തതെന്നും അന്‍വര്‍ കുറ്റപ്പെടുത്തി. മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ച രീതി തെറ്റായിപ്പോയി. തന്നെ കള്ളകടത്തുകാരുടെ ആളായിട്ടാണ് മുഖ്യമന്ത്രി ചിത്രീകരിച്ചത്. മുഖ്യമന്ത്രിയുടെ പ്രസ്താവന തനിക്ക് വലിയ ഡാമേജ് ഉണ്ടാക്കി. മുഖ്യമന്ത്രിയെ പാർട്ടിയും തിരുത്തിയില്ലെന്ന് അൻവർ കുറ്റപ്പെടുത്തി. 

കരിപ്പൂർ എയർപോർട്ട് സ്വർണക്കടത്ത് സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കാൻ മുഖ്യമന്ത്രി തയ്യാറുണ്ടോയെന്നും അൻവർ ചോദിച്ചു. പി ശശിയും എഡിജിപി അജിത് കുമാറും സുജിത്ത് ദാസും ചേർന്ന് എത്ര സ്വർണ്ണം തട്ടിയെടുത്തുവെന്ന് അന്വേഷിക്കണം. അതല്ല എഡിജിപി എം ആർ അജിത്ത് കുമാർ എഴുതി കൊടുക്കുന്ന വാറോല വായിക്കേണ്ട ഗതികേടിലാണോ മുഖ്യമന്ത്രിയെന്നും അൻവർ ചോദിച്ചു. 

മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് പി വി അൻവർ; 'കാട്ടുകള്ളൻ പി ശശിയാണ് മുഖ്യമന്ത്രിയെ വികൃതമാക്കുന്നത്'

https://www.youtube.com/watch?v=Ko18SgceYX8


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

റിപ്പബ്ലിക് ദിനാഘോഷം വിപുലമായി സംഘടിപ്പിക്കാൻ നിർദ്ദേശം; തലസ്ഥാന നഗരത്തിൽ ഗവർണർ ദേശീയ പതാക ഉയർത്തും
ബംഗാളിൽ നിന്ന് ട്രെയിനിലെത്തി ആലുവയിലിറങ്ങി; ഓട്ടോയിൽ കയറിയ ഇതര സംസ്ഥാന തൊഴിലാളികളെ അന്വേഷണ സംഘം പിന്തുടർന്നു, കഞ്ചാവുമായി അറസ്റ്റിൽ