ചെന്നിത്തലയിലെ എൽഡിഎഫ് - യുഡിഎഫ് സഖ്യം; കൂടുതൽ പ്രതിരോധത്തിലായി സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വം

By Web TeamFirst Published Jan 14, 2021, 9:56 AM IST
Highlights

യുഡിഎഫ് പിന്തുണയിൽ കിട്ടിയ പ്രസിഡന്‍റ് സ്ഥാനം രാജിവെയ്ക്കണമെന്ന ജില്ലാ കമ്മിറ്റി നിർദേശം ചെന്നിത്തല ലോക്കൽ കമ്മിറ്റി തള്ളി. 

ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ ചെന്നിത്തല തൃപ്പെരുന്തുറയിലെ എൽഡിഎഫ് - യുഡിഎഫ് സഖ്യത്തിൽ കൂടുതൽ പ്രതിരോധത്തിലായി സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വം. യുഡിഎഫ് പിന്തുണയിൽ കിട്ടിയ പ്രസിഡന്‍റ് സ്ഥാനം രാജിവെയ്ക്കണമെന്ന ജില്ലാ കമ്മിറ്റി നിർദേശം ചെന്നിത്തല ലോക്കൽ കമ്മിറ്റി തള്ളി. ബിജെപിയെ അധികാരത്തിൽ നിന്ന് ഒഴിവാക്കാൻ വിജയമ്മ ഫിലേന്ദ്രൻ പ്രസിഡന്‍റായി തുടരണമെന്ന നിലപാട് ലോക്കൽ കമ്മിറ്റി രേഖാമൂലം ജില്ലാ നേതൃത്വത്തെ അറിയിക്കും.

എൽഡിഎഫ് യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടെന്ന ബിജെപി പ്രചാരണം ശക്തമായപ്പോഴാണ് ചെന്നിത്തല പഞ്ചായത്ത് പ്രസിഡന്‍റ്, വിജയമ്മ ഫിലേന്ദ്രനോട് രാജിവെയ്ക്കാൻ സിപിഎം ജില്ലാ നേതൃത്വം നിർദേശിച്ചത്. എന്നാൽ രാജി കാര്യത്തിൽ പ്രാദേശികമായ കൂടിയാലോചന വേണമെന്നായിരുന്നു വിജയമ്മയുടെ നിലപാട്. വിജയമ്മയുടെ ഭർത്താവും ചെന്നിത്തല ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ ഫിലേന്ദ്രനും ഇതേ നിലപാടായിരുന്നു.

രാജി തീരുമാനം ചർച്ച ചെയ്യാൻ ഇന്നലെ വൈകീട്ട് കൂടിയ ചെന്നിത്തല ലോക്കൽ കമ്മിറ്റി, ജില്ലാ നേതൃത്വത്തിന്‍റെ നിർദേശം തള്ളിയിരുന്നു. വിജയമ്മ ഫിലേന്ദ്രൻ രാജിവെച്ചാൽ പഞ്ചായത്ത് ഭരണം ബിജെപിക്ക് ലഭിക്കും. അത് പ്രാദേശികമായി പാർട്ടിക്ക് ക്ഷീണമുണ്ടാക്കും. ജില്ലാ നേതൃത്വം രാജി തീരുമാനം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ പാർട്ടിയിൽ നിന്ന് രാജിവെയ്ക്കും. ഒരു വിഭാഗം ഏരിയ കമ്മിറ്റി നേതാക്കളും വിജയമ്മ സ്ഥാനം ഒഴിയേണ്ടതില്ലെന്ന നിലപാടിലാണ്. ലോക്ക‌ൽ കമ്മിറ്റി തീരുമാനം രേഖാമൂലം ജില്ലാ കമ്മിറ്റിയെ അറിയിക്കും. എന്തായാലും പ്രാദേശിക നേതൃത്വത്തിന്‍റെ വികാരം ജില്ലാകമ്മിറ്റി അംഗീകരിച്ചാൽ, തദ്ദേശസ്ഥാപനങ്ങളിലെ സഖ്യം സംബന്ധിച്ച് സിപിഎമ്മിന്‍റെ സംസ്ഥാനത്തെ പൊതുനിലപാടിലാകും മാറ്റംവരിക.

click me!