
തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദേശ നിക്ഷേപമാകാമെന്ന് എൽഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജൻ. ഉന്നത വിദ്യാഭ്യാസ വികസനത്തിന് ഗുണം ചെയ്യുന്ന എന്തിനേയും സ്വാഗതം ചെയ്യും. വിദേശ നിക്ഷേപത്തെ സ്വാഗതം ചെയ്യുന്നത് സിപിഎമ്മിന്റെ നയം മാറ്റമല്ലെന്നും കാലത്തിന് അനുസരിച്ചുള്ള മാറ്റമാണെന്നും അദ്ദേഹം പറഞ്ഞു. തെറ്റ് എല്ലാ കാലത്തും തെറ്റും ശരി എല്ലാ കാലത്തും ശരിയും ആകില്ലെന്നും സ്വാശ്രയ സമരത്തെ കുറിച്ച് ഇപി പറഞ്ഞു. സ്വകാര്യ സർവ്വകലാശാലകളെ കേരളം നിരുത്സാഹപ്പെടുത്തില്ല. പക്ഷേ കേരളത്തിന് എന്തെങ്കിലും ദോഷമുണ്ടെന്ന് കണ്ടാൽ മാത്രം ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു,