ബിജെപി പിന്തുണച്ചു; എല്‍ഡിഎഫ് അവിശ്വാസ പ്രമേയം പാസായി, കോട്ടയത്ത് യുഡിഎഫിന് ഭരണ നഷ്ടം

By Web TeamFirst Published Sep 24, 2021, 1:48 PM IST
Highlights

അവിശ്വാസ പ്രമേയത്തില്‍ നിന്ന് 22 കോണ്‍​ഗ്രസ് അം​ഗങ്ങള്‍ വിട്ടുനിന്നിരുന്നു. ഒരു സിപിഎം സ്വതന്ത്ര്യന്‍റെ വോട്ട് അസാധുവായി. 

കോട്ടയം: കോട്ടയം നഗരസഭയില്‍ യുഡിഎഫിന് (udf) ഭരണം നഷ്ടമായി. എല്‍ഡിഎഫിന്‍റെ (ldf) അവിശ്വാസ പ്രമേയത്തെ 29 അം​ഗങ്ങള്‍ അനുകൂലിച്ചതോടെയാണ് യുഡിഎഫിന്‍റെ ഭരണം നഷ്ടമായത്. എട്ട് ബിജെപി അംഗങ്ങളുടെ പിന്തുണയോടെയാണ് എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായത്. അവിശ്വാസ പ്രമേയത്തില്‍ നിന്ന് 22 കോണ്‍​ഗ്രസ് അം​ഗങ്ങള്‍ വിട്ടുനിന്നിരുന്നു. ഒരു സിപിഎം സ്വതന്ത്ര്യന്‍റെ വോട്ട് അസാധുവായി.

ഭരണസ്തംഭനം ആരോപിച്ചാണ് കോട്ടയം നഗരസഭയിൽ എൽഡിഎഫ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. യുഡിഎഫിനെ ദുര്‍ബലപ്പെടുത്താന്‍ ഏത് ചെകുത്താനുമായും സിപിഎം കൂട്ടുകൂടുകയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ പ്രതികരണം. സിപിഎം വര്‍ഗീയതയെ കൂട്ടുപിടിക്കുകയാണ്. കോട്ടയം ഈരാറ്റുപേട്ട നഗരസഭകളില്‍ ഇത് വ്യക്തം ആണെന്നുമായിരുന്നു സതീശന്‍റെ വിമര്‍ശനം.

ഈരാറ്റുപേട്ട നഗരസഭയിലും യുഡിഎഫിന് ഭരണം നഷ്ടമായിരുന്നു. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം എസ്‌ഡിപിഐ പിന്തുണയോടെ പാസാവുകയായിരുന്നു. 28 അംഗ നഗരസഭയിൽ യുഡിഎഫിന് 14  അംഗങ്ങളാണുണ്ടായിരുന്നത്. എൽഡിഎഫിന് ഒന്‍പത് അംഗങ്ങളും. ലീഗ് ചെയർപേഴ്‍സന്‍ സുഹറ അബ്ദുൾ ഖാദറിനോട് വിയോജിപ്പുണ്ടായിരുന്ന കോൺഗ്രസ് അംഗം അൻസൽന പരീക്കുട്ടിയുടെ പിന്തുണയോടെയാണ് എൽഡിഎഫ് അവിശ്വാസം കൊണ്ടുവന്നത്. പ്രമേയം അഞ്ച് അംഗങ്ങളുള്ള എസ്‍ഡിപിഐ കൂടി പിന്തുണച്ചതോടെ പാസാവുകയായിരുന്നു.

 

 

click me!