എകെജി സെന്‍ററുള്ള കുന്നുകുഴി വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി എ ജി ഒലീന തോറ്റു

By Web TeamFirst Published Dec 16, 2020, 11:11 AM IST
Highlights

കഴിഞ്ഞ തവണ സിപിഎമ്മിന്റെ യുവ നേതാവ് ഐ പി ബിനുവാണ് ഇവിടെ മത്സരിച്ച് വിജയിച്ചത്. ഇക്കുറി സീറ്റ് വനിതാ സംവരണമായതോടെയാണ് ഐ പി ബിനു മാറി നിന്നത്

തിരുവനന്തപുരം: കോർപ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന്റെ മേയർ സ്ഥാനാർത്ഥി എ ജി ഒലീനയ്ക്ക് തോൽവി. യുഡിഎഫ് സ്ഥാനാര്‍ത്ഥി മേരി പുഷ്പമാണ് ജയിച്ചത്. മേരിക്ക് 1254 വോട്ട് ലഭിച്ചപ്പോൾ 933 വോട്ടാണ് എജി ഒലീനക്ക് കിട്ടിയത്. സിപിഎമ്മിന്റെ എകെജി സെന്റർ നിൽക്കുന്ന കുന്നുകുഴി വാർഡിലായിരുന്നു മത്സരം നടന്നത്. കോർപറേഷനിൽ മുന്നിൽ നിൽക്കുമ്പോഴും കുന്നുകുഴി വാർഡിലെ പരാജയം സിപിഎമ്മിന് കനത്ത തിരിച്ചടിയാണ്. 

കഴിഞ്ഞ തവണ സിപിഎമ്മിന്റെ യുവ നേതാവ് ഐ പി ബിനുവാണ് ഇവിടെ മത്സരിച്ച് വിജയിച്ചത്. ഇക്കുറി സീറ്റ് വനിതാ സംവരണമായതോടെയാണ് ഐ പി ബിനു മാറി നിന്നത്. തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയ നാല് പേരിൽ മറ്റൊരാളായ എസ് പുഷ്പലതയും തോറ്റു. നെടുങ്കാട് വാർഡിൽ നിന്നാണ് പുഷ്പലത പരാജയപ്പെട്ടത്. ബിജെപി സ്ഥാനാർത്ഥിയായ കരമന അജിത്താണ് ഇവിടെ ജയിച്ചത്.

184 വോട്ടുകൾക്കാണ് എസ് പുഷ്പലത പരാജയപ്പെട്ടത്. കഴിഞ്ഞ തവണ 85 വോട്ടിന് ഇതേ വാർഡിൽ നിന്ന് ജയിച്ച സ്ഥാനാർത്ഥി കൂടിയാണിവർ. ഇത്തവണ വനിതാ സംവരണമുള്ള തിരുവനന്തപുരത്ത് മേയർ സ്ഥാനാർത്ഥിയായി എൽഡിഎഫ് ഉയർത്തിക്കാട്ടിയത് ഏറെക്കാലത്തെ തദ്ദേശഭരണസ്ഥാനങ്ങളിൽ പ്രവർത്തിച്ച് പരിചയമുള്ള എസ് പുഷ്പലതയെയാണ്.

click me!