
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് സർക്കാർ നിയമസഭയിൽ വയ്ക്കാനിരിക്കെ ബദൽ ധവളപത്രത്തിനു എൽഡിഎഫ് നീക്കം. സർക്കാരിന്‍റെ ധവളപത്രം നോക്കിയായിരിക്കും തുടർ നടപടി. കണക്കുകൾ അംഗീകരിക്കാനാകുന്നത് അല്ലെങ്കിൽ ബദൽ ധവളപത്രം ഇറക്കാനാണ് തീരുമാനം. 2011 ൽ എൽഡിഫ് ബദൽ ധവളപത്രം ഇറക്കിയിരുന്നു.
മുൻ കാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖർ അധ്യക്ഷനായ വിദഗ്ധ സമിതിയാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിശോധിച്ച് ധവളപത്രം തയ്യാറാക്കിയത്. കെ എം ചന്ദ്രശേഖര്‍ അധ്യക്ഷനായ സമിതി തയ്യാറാക്കിയ ധവളപത്രത്തിൽ സാമ്പത്തിക പ്രതിസന്ധിക്കുള്ള പരിഹാര നിര്‍ദ്ദേശങ്ങളുമുണ്ടാകും. ഇന്ന് രാവിലെ മന്ത്രിസഭാ യോഗം ധവളപത്രത്തിന് അന്തിമ അംഗീകാരം നൽകും. സെന്‍റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസ് (സിഡിഎസ്) ഡയറക്ടർ ഡി വീരമണി, മുൻ സിഡിഎസ് ഡയറക്ടർ ഡി നാരായണ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാലാണ് സമിതിയുടെ കൺവീനർ.
സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് അധികാരത്തിലെത്തിയാൽ ധവളപത്രം പുറത്തിറക്കുമെന്നത് യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പിന് മുൻപ് പ്രഖ്യാപിച്ചിരുന്നു. സർക്കാർ രൂപീകരണത്തിന് പിന്നാലെ ധനവകുപ്പിന്‍റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി വി ഡി സതീശൻ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. കഴിഞ്ഞ പത്ത് വർഷത്തിനിടെ സംസ്ഥാന സർക്കാരിന്‍റെ വരുമാന - ചെലവ് കണക്കുകൾ, വരുമാനച്ചോർച്ച, നികുതി പിരിവിലെ വീഴ്ചകൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള വിശദമായ വിലയിരുത്തലുകൾ ധവളപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. വിവിധ പദ്ധതികൾക്കായി കേന്ദ്ര സർക്കാരിൽ നിന്ന് ലഭിച്ച ഫണ്ടുകളുടെ വിനിയോഗം, ഫണ്ട് വകമാറ്റി ചെലവഴിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ, ധനകാര്യ മാനേജ്മെന്റിലെ വീഴ്ചകൾ ഉൾപ്പെടെയുള്ള കാര്യങ്ങളും റിപ്പോർട്ടിലുണ്ടാവും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam