
ആലപ്പുഴ: പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നയിച്ച നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ചതുമായി ബന്ധപ്പെട്ട കേസ് അട്ടിമറിച്ചുവെന്ന ആക്ഷേപത്തിൽ എഡിജിപി എം ആർ അജിത് കുമാറിൻ്റെ ഓഫീസിൽ ജോലിചെയ്ത രണ്ട് എസ്ഐമാരെ ഇന്ന് ചോദ്യം ചെയ്യും. പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മുന്നിൽ ഹാജരാകാൻ ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകി. ഗ്രേഡ് എസ്ഐമാരായ ഗിരീഷ്, ശ്രീകാന്ത് എന്നിവർക്കാണ് ആലപ്പുഴയിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ നോട്ടീസ് നൽകിയത്. ക്രമസമാധാന എഡിജിപിയുടെ ഓഫീസിൽ റിപ്പോർട്ടുകൾ പരിശോധിച്ചിരുന്നത് ഇവരായിരുന്നു.
കേസ് അന്വേഷിച്ച മുൻ ഉദ്യോഗസ്ഥരാണ് അട്ടിമറി നടന്നുവെന്ന ആക്ഷേപം ഉന്നയിച്ചിരുന്നത്. ഗൺമാന്മാർക്കെതിരെ തെളിവില്ലെന്ന് കാട്ടി റിപ്പോർട്ട് നൽകാൻ ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് സമ്മർദം ഉണ്ടായെന്നായിരുന്നു ആരോപണം ഉയർന്നത്. എം ആർ അജിത് കുമാറിൻ്റെ ഓഫീസിലെ രണ്ട് എസ്ഐമാരാണ് സമ്മർദം ചെലുത്തിയതെന്നായിരുന്നു ആരോപണം. ഇതേ തുടർന്ന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം വരെ ഉണ്ടായെന്നാണ് മുൻ അന്വേഷണ സംഘത്തിൻ്റെ മൊഴി. ഇക്കാര്യത്തിൽ യാഥാർത്ഥ്യമുണ്ടോയെന്നാണ് എസ്ഐടി പരിശോധിക്കുന്നത്.
ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന എസ്ഐടിയിലെ അംഗമാണ് ഗിരീഷ്. ശ്രീകാന്തും ആദ്യഘട്ടത്തിൽ ഈ സംഘത്തിൽ ഉണ്ടായിരുന്നു. അതേസമയം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ ഗൺമാന്മാരുടെ ജാമ്യാപേക്ഷയിൽ ശനിയാഴ്ചയും വാദം തുടരും. കോടതിയിൽ ബുധനാഴ്ച ശക്തമായ വാദപ്രതിവാദങ്ങളാണ് നടന്നത്. അന്വേഷണ സംഘം പ്രതികൾക്കെതിരെ ജാമ്യാമില്ലാ വകുപ്പ് ചുമത്തിയതിലെ ആധികാരികതയിൽ കോടതി സംശയം പ്രകടിപ്പിച്ചു. പൊലീസ് ഫോട്ടോഗ്രാഫർ പകർത്തിയ മർദന ദൃശ്യങ്ങളും ഫൊറൻസിക് പരിശോധനാ റിപ്പോർട്ടുകളും ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam