ഈരാറ്റുപേട്ടയിൽ യുഡിഎഫ് ഭരണം അവസാനിച്ചു; എൽഡിഎഫിന്റെ അവിശ്വാസത്തിന് എസ്‌ഡിപിഐ പിന്തുണ

By Web TeamFirst Published Sep 13, 2021, 2:30 PM IST
Highlights

യുഡിഎഫിൽ നിന്നും കൂറുമാറിയ കോൺഗ്രസ് അംഗം അൽസന്ന പരീക്കുട്ടിയും വോട്ടെടുപ്പിൽ പങ്കെടുത്തു

ഈരാറ്റുപേട്ട: എസ്‌ഡിപിഐ അംഗങ്ങളുടെ പിന്തുണയോടെ ഈരാറ്റുപേട്ട നഗരസഭയിൽ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. രാവിലെ 11 ന് ആരംഭിച്ച ചർച്ചയിൽ നഗരസഭയിൽ 28 അംഗങ്ങളും പങ്കെടുത്തു.

യുഡിഎഫിൽ നിന്നും കൂറുമാറിയ കോൺഗ്രസ് അംഗം അൽസന്ന പരീക്കുട്ടിയും വോട്ടെടുപ്പിൽ പങ്കെടുത്തു.

 

15 വോട്ടുകളാണ് അവിശ്വാസം പാസാകാൻ വേണ്ടിയിരുന്നത്. ഒൻപത് എൽഡിഎഫ് അംഗങ്ങൾക്കൊപ്പം അഞ്ച് എസ്‌ഡിപിഐ വോട്ടുകളും കോൺഗ്രസ് അംഗത്തിന്റെ വോട്ടും അവിശ്വാസം പാസാകാൻ ലഭിച്ചു.  കൗൺസിൽ ഹാളിൽ നടന്ന യോഗത്തിൽ കൊല്ലം നഗര കാര്യ ജോയിൻറ് ഡയറക്ടർ ഹരികുമാർ വരണാധികാരി ആയിരുന്നു.

പാർട്ടി നിലപാടിന് വിരുദ്ധമായി എസ്ഡിപിഐ പിന്തുണ സ്വീകരിച്ചതിൽ സിപിഎം ജില്ലാ നേതൃത്വം പ്രതികരിക്കാൻ തയ്യാറായിട്ടില്ല. അവിശ്വാസ പ്രമേയത്തെ ആർക്കും അനുകൂലിച്ചു വോട്ടു ചെയ്യാമെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്‍റെ നിലപാട്. അൻസൽന പരീക്കുട്ടിയെ ചെയർപേഴ്സൺ സ്ഥാനാർത്ഥിയാക്കിയുള്ള നീക്കവുമായി മുന്നോട്ടുപോകുകയാണ് സിപിഎം പ്രദേശിക നേതൃത്വം.

ഇക്കാര്യത്തിൽ എസ്‍ഡിപിഐ പിന്തുണ തേടുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്. അതേസമയം നഗരസഭയിൽ സ്വീകരിച്ചത് വിവേചനത്തിനും ഏകാധിപത്യത്തിനുമെതിരായ നിലപാടാണെന്നാണ് എസ്ഡിപിഐ പറയുന്നത്. സിപിഎമ്മിന്‍റെ വ‍ർഗീയ പ്രീണനം തിരിച്ചറിയണമെന്നാണ് യുഡുഎഫ് പ്രതികരണം. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ സിപിഎം എസ്ഡിപിഐ കൂട്ടുക്കെട്ട് ബിജെപി സജീവമായി ഉയർത്തുമെന്ന് ഉറപ്പ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!