ഗവർണർക്കെതിരെ എൽഡിഎഫ് രാജ് ഭവൻ മാർച്ച് ഇന്ന്, മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല; ആരിഫ് ഖാൻ ദില്ലിയിൽ

By Web TeamFirst Published Nov 15, 2022, 6:31 AM IST
Highlights

പ്രതിഷേധത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കേണ്ടെന്നാണ് പാർട്ടി തീരുമാനം. പ്രതിഷേധം കണക്കിലെടുത്ത് തലസ്ഥാനത്ത് രാവിലെ മുതൽ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും.

തിരുവനന്തപുരം : ഗവർണർക്ക് എതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ന് എൽഡിഎഫിന്റെ ആഭിമുഖ്യത്തിൽ രാജ് ഭവൻ മാർച്ച്. ഒരു ലക്ഷം പേരെ അണിനിരത്തുമെന്ന് പ്രഖ്യാപിച്ച സമരം സിപിഎം ജനറൽ സെക്രട്ടരി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. പ്രതിഷേധം ദേശീയതലത്തിൽ ചർച്ചയാക്കി മാറ്റുന്നതിനായി ഡിഎംകെ രാജ്യസഭാ നേതാവ് തിരുച്ചി ശിവയെയും പങ്കെടുപ്പിക്കും. പ്രതിഷേധത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കേണ്ടെന്നാണ് പാർട്ടി തീരുമാനം. പ്രതിഷേധം കണക്കിലെടുത്ത് തലസ്ഥാനത്ത് രാവിലെ മുതൽ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും.

എൽഡിഎഫ് രാജ്ഭവൻ വളയൽ സമരം ഇന്ന് നടത്താനിരിക്കെ ഗവർണർ ദില്ലിയിൽ തുടരുകയാണ്. ഔദ്യോഗികാവശ്യങ്ങൾക്കായി പാറ്റ്നയിൽ പോയ ഗവർണ്ണർ ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ദില്ലിയിൽ തിരിച്ചെത്തും. തുടർന്ന് കേരള ഹൗസിൽ വിശ്രമിക്കുന്ന ആരിഫ് മുഹമ്മദ് ഖാൻ വൈകുന്നേരം ആറരയ്ക്ക് പൊതു പരിപാടിയിൽ പങ്കെടുക്കും. കുഫോസ് വിസി നിയമനത്തിൽ ഹൈക്കോടതിയിൽ നിന്ന് സർക്കാരിന് തിരിച്ചടിയേറ്റ സാഹചര്യത്തിൽ ഗവർണർ പ്രതികരിച്ചേക്കും. 

മാർച്ച് തടയണം, ബിജെപി പൊതുതാല്പര്യ ഹർജി ഹൈക്കോടതിയിൽ 

രാജ്ഭവനിലേക്ക് എൽഡിഎഫ് നടത്തുന്ന മാർച്ച് തടയണം എന്നാവശ്യപ്പെട്ടു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ നൽകിയ പൊതുതാല്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സർക്കാർ ജീവനക്കാരെയും തൊഴിലുറപ്പ് തൊഴിലാളികളെയും നിർബന്ധിച്ച് മാർച്ചിൽ പങ്കെടുപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നാണ് ഹർജിയിലെ ആരോപണം. സംസ്ഥാനത്തിന്റെ ഭരണത്തലവനായ ഗവര്‍ണര്‍ക്കെതിരെ സമരം ചെയ്യുന്നതില്‍ നിന്നും ജീവനക്കാരെ തടയണം എന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. സമരത്തിൽ പോകുന്ന ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകണമെന്നും ആവശ്യമുണ്ട്.ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ചിൽ ആണ് പരിഗണനയ്ക്ക് വരുന്നത്.  

 

click me!