കൊച്ചി കോർപ്പറേഷൻ യുഡിഎഫിൽ നിന്നും തിരികെ പിടിച്ച് എൽഡിഎഫ്

By Web TeamFirst Published Dec 16, 2020, 3:03 PM IST
Highlights

കൊച്ചിയിൽ അപ്രതീക്ഷിത മുന്നേറ്റം നടത്തിയ എൻഡിഎ അഞ്ച് സീറ്റുകളിലാണ് വിജയിച്ചത്. 2015-ൽ രണ്ട് വാ‍ർഡുകളിൽ മാത്രം വിജയിച്ച അവ‍ർ അവിടെ മികച്ച മുന്നേറ്റമാണ് ഇക്കുറി നടത്തിയത്. 

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ ശക്തി കേന്ദ്രമായ കൊച്ചി കോർപ്പറേഷനിൽ യുഡിഎഫിന് കനത്ത ആഘാതം നൽകി എൽഡിഎഫ് മുന്നേറ്റം. 74 അംഗ കൊച്ചി കോർപ്പറേഷൻ കൗൺസിലിലേക്ക് 34 പേരും ഒരു എൽഡിഎഫ് വിമതനും വിജയിച്ചിട്ടുണ്ട്. കേവലഭൂരിപക്ഷത്തിന് 38 പേരുടെ പിന്തുണയാണ് വേണ്ടത്. 

കൊച്ചി കോ‍ർപ്പറേഷനിൽ എൽഡിഎഫ് തന്നെ അധികാരത്തിൽ എത്തുമെന്ന് മുന്നണിയുടെ മേയർ സ്ഥാനാ‍ർത്ഥി എം.അനിൽ കുമാ‍ർ പറഞ്ഞു. ഭരിക്കാനുള്ള ഭൂരിപക്ഷം ഇതിനോടകം മുന്നണി കരസ്ഥമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് പറഞ്ഞു. 

കഴിഞ്ഞ തവണ 36 സീറ്റുകളിൽ ജയിച്ച കോൺ​ഗ്രസിന് ഇക്കുറി ആ പ്രകടനം ആവർത്തിക്കാനായില്ല. നിലവിൽ 30 സീറ്റുകളിൽ യുഡിഎഫ് കൊച്ചിയിൽ ജയിച്ചിട്ടുണ്ട്. മൂന്ന് കോൺ​ഗ്രസ് വിമതരും ഒരു ലീ​ഗ് വിമതനും ഇവിടെ വിജയിച്ചിട്ടുണ്ട്. ഇവരുടെ പിന്തുണയുണ്ടെങ്കിൽ പോലും അധികാരത്തിലേക്ക് എത്താൻ യുഡിഎഫിന് ഇക്കുറി സാധിച്ചേക്കില്ല. 

കൊച്ചിയിൽ അപ്രതീക്ഷിത മുന്നേറ്റം നടത്തിയ എൻഡിഎ അഞ്ച് സീറ്റുകളിലാണ് വിജയിച്ചത്. 2015-ൽ രണ്ട് വാ‍ർഡുകളിൽ മാത്രം വിജയിച്ച അവ‍ർ അവിടെ മികച്ച മുന്നേറ്റമാണ് ഇക്കുറി നടത്തിയത്. യുഡിഎഫിൻ്റെ മേയർ സ്ഥാനാർത്ഥി വേണു​ഗോപാലിനെ പരാജയപ്പെടുത്തിയാണ് ഒരു ബിജെപി സ്ഥാനാ‍ർത്ഥി അവിടെ ജയിച്ചു കയറിയത്.

അധികാരത്തിലെത്താൻ ഏത് മുന്നണിയെ പിന്തുണയ്ക്കണം എന്നു തീരുമാനിച്ചിട്ടില്ലെന്ന് വിമത സ്ഥാനാർത്ഥിയായി മത്സരിച്ചു ജയിച്ച അഷ്റഫ് പറഞ്ഞു. 
കൊച്ചിയിൽ ഭരണത്തിലെത്താൻ സാധിക്കുന്ന മുന്നണിയെ പിന്തുണയ്ക്കുമെന്നും പിന്തുണ തേടി യുഡിഎഫ്  -  എൽഡിഎഫ് നേതാക്കൾ തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആരോടും തനിക്ക് തൊട്ടുകൂടായ്മയില്ലെന്നും പിന്തുണ പ്രഖ്യാപിക്കുന്ന കാര്യത്തിൽ വൈകിട്ട് യോ​ഗം വിളിച്ച് തീരുമാനമെടുക്കുമെന്നും അഷ്റഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

click me!