
പത്തനംതിട്ട: റാന്നി പഞ്ചായത്തിലെ ബിജെപി അംഗങ്ങളുടെ പിന്തുണയോടെ നേടിയ പ്രസിഡന്റ് സ്ഥാനം രാജി വെക്കാൻ കേരള കോൺഗ്രസിന് എൽഡിഎഫ് നിർദ്ദേശം. ഇന്ന് ചേർന്ന എൽഡിഎഫ് ജില്ലാ കമ്മറ്റി യോഗത്തിലാണ് രാജി വെക്കാൻ കേരള കോൺഗ്രസിന് നിർദ്ദേശം നൽകിയത്. മുന്നണി വിരുദ്ധമായ ഒരു തീരുമാനവും റാന്നിയിൽ ഉണ്ടാവില്ലന്ന് കേരള കോൺഗ്രസ് യോഗത്തിൽ ഉറപ്പ് നൽകി.
റാന്നി പഞ്ചായത്തിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്‍റെ കേരള കോൺഗ്രസ് സ്ഥാനാര്‍ത്ഥിക്കായിരുന്നു ബിജെപി അംഗങ്ങൾ വോട്ട് ചെയ്തത്. ഇവരുടെ പിന്തുണയോടെ എല്‍ഡിഎഫിന്‍റെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ജയിച്ചത് വലിയ വിവാദമായിരുന്നു. ഇതോടെയാണ് എൽഡിഎഫ് രാജി ആവശ്യപ്പെട്ടത്.
റാന്നി പഞ്ചായത്തിലെ 13 സീറ്റുകളില്‍ 5 സീറ്റ് വീതം എല്‍ഡിഎഫും യുഡിഎഫും രണ്ട് സീറ്റ് ബിജെപിയും ഒരു സ്വതന്ത്രനുമാണ് നേടിയിരുന്നത്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പുറമെ രണ്ട് ബിജെപി അംഗങ്ങളും ഒരു സ്വതന്ത്രനുമാണ് എല്‍ഡിഎഫിന് പിന്തുണ നൽകിയത്.