Latest Videos

ഇഡിയെ ചൊല്ലി ഭരണ പ്രതിപക്ഷ പോര്; സ്പീക്കറെ കടന്നാക്രമിച്ച് ചെന്നിത്തല, വിശദീകരണവുമായി ജയിംസ് മാത്യു

By Web TeamFirst Published Nov 6, 2020, 1:17 PM IST
Highlights

ലൈഫ് പദ്ധതിയിലെ ഫയലുകൾ ആവശ്യപ്പെട്ടതിന് ഇഡിയോട് നിയമസഭാ എത്തിക്സ് ആൻ്റ് പ്രിവിലേജ് കമ്മിറ്റി വിശദീകരണം തേടിയതാണ് സ്പീക്കറെ യുഡിഎഫ് ലക്ഷ്യമിടാൻ കാരണം.

തിരുവനന്തപുരം: ഇഡിക്കെതിരായ നീക്കങ്ങളിൽ സർക്കാരിനൊപ്പം സ്പീക്കറെയും കടന്നാക്രമിച്ച് പ്രതിപക്ഷനേതാവ്. സ്പീക്കറുടെ രാഷ്ട്രീയ ഇടപടെൽ മൂലമാണ് നിയമസഭാ എത്തിക്സ് കമ്മിറ്റി ഇഡിക്ക് നോട്ടീസ് നൽകാൻ കാരണമെന്ന് രമേശ് ചെന്നിത്തല വിമർശിച്ചു. ഇഡി ഇല്ലാത്ത അധികാരം പ്രയോഗിക്കുന്നത് കൊണ്ടാണ് സ്പീക്ക‌ർക്ക് പരാതി നൽകിയതെന്നാണ് ജയിംസ് മാത്യു എംഎൽഎയുടെ വിശദീകരണം

ഇഡിയെ ചൊല്ലി സംസ്ഥാനത്ത് ഭരണ-പ്രതിപക്ഷപ്പോര് രൂക്ഷം. ലൈഫ് പദ്ധതിയിലെ ഫയലുകൾ ആവശ്യപ്പെട്ടതിന് ഇഡിയോട് നിയമസഭാ എത്തിക്സ് ആൻ്റ് പ്രിവിലേജ് കമ്മിറ്റി വിശദീകരണം തേടിയതാണ് സ്പീക്കറെ യുഡിഎഫ് ലക്ഷ്യമിടാൻ കാരണം. 11ന് വെച്ചിരുന്ന എത്തിക്സ് കമ്മിറ്റി നേരത്തെയാക്കി, ഇല്ലാത്ത അധികാരം ഉപയോഗിച്ചു എന്നൊക്കെയാണ് വിമർശനം. എതിർപ്പ് ചെന്നിത്തല സ്പീക്ക‌റെ രേഖാമൂലം അറിയിച്ചു.

ഇഡിക്ക് നോട്ടീസ് നൽകാനുളള തീരുമാനത്തിൽ എത്തിക്സ് കമ്മിറ്റിയിലെ യുഡിഎഫ് അംഗം വിഎസ് ശിവകുമാർ ഇന്നലെ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. അതേ സമയം ഇഡിക്കെതിരായ പരാതിയെ  സിപിഎം എംഎൽഎ ജയിംസ് മാത്യു ന്യായീകരിക്കുന്നു. നിയമസഭ എത്തിക്സ് കമ്മറ്റി നേരത്തെ തന്നെ സ്പീക്കർ വിളിച്ചു ചേർത്തതാണെന്നും അജണ്ടയിൽ അവസാനമായി തൻ്റെ പരാതി ഉൾപെടുത്തുകയുമായിരുന്നു എന്നുമാണ് എംഎൽഎ പറയുന്നത്.

ഇഡിയുടെ അനാവശ്യ ഇടപെടൽ കാരണം ലൈഫ് മിഷൻ പദ്ധതിയാകെ അവതാളത്തിലാകുന്നുവെന്നും, ഇല്ലാത്ത അധികാരമാണ് ഇഡി പ്രയോഗിക്കാൻ ശ്രമിക്കുന്നതെന്നും ജയിംസ് മാത്യു പറയുന്നു. തൻ്റെ പരാതിയിൽ കഴമ്പുള്ളത് കൊണ്ടാണ് ഇഡിയോട് വിശദീകരണം ചോദിക്കാനുള്ള തീരുമാനം ഉണ്ടായതെന്നും ജയിംസ് മാത്യു എംഎൽഎ അവകാശപ്പെട്ടു.

ഇഡി നടപടിയെ തുണക്കുമ്പോോഴും ബിജെപി അനുകൂല നിലപാടെന്ന പഴി ഒഴിവാക്കാനും യുഡിഎഫ് ശ്രമിക്കുന്നു. വി മുരളീധരനും രവിശങ്കർപ്രസാദിനും എതിരായ പ്രതിപക്ഷ പരാതികളിൽ നിയമസഭാ എത്തിക്സ് കമ്മിറ്റി ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ലെന്നാണ് യുഡിഎഫ് വിമർശനം. 

click me!