
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോർജും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും തമ്മിലുള്ള പരസ്യപ്പോര് ഇടതുമുന്നണി ചർച്ച ചെയ്തു പരിഹരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വീണം - ചിറ്റയം പോര് സിപിഎം - സിപിഐ ജില്ലാ നേതൃത്വം തമ്മിലുള്ള ഉരസലിലേക്ക് കൂടി വഴി മാറുന്ന സാഹചര്യത്തിലാണ് കാനം നിലപാട് വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ പരസ്യ പ്രതികരണത്തിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ട്വൻ്റി ട്വൻ്റിയോടൊപ്പം കൈ കോർത്തു കൊണ്ട് ആം ആദ്മി അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ ഇന്നലെ പ്രഖ്യാപിച്ച നാലാം മുന്നണി ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമായി ഒതുങ്ങുമെന്ന് പറഞ്ഞ കാനം കെജ്രിവാൾ കേരള രാഷ്ട്രീയത്തെ ചെറുതായി കാണരുതെന്നും കൂട്ടിച്ചേർത്തു.
വീണ- ചിറ്റയം പോര് സിപിഎം- സിപിഐ ഭിന്നതയിലേക്ക്?
ആരോഗ്യ മന്ത്രി വീണ ജോർജും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും തമ്മിലുള്ള പോര് മുറുകുന്നു. പരസ്യമായി വിമർശിച്ച ചിറ്റയം ഗോപകുമാറിന്റെ നിലപാടിനെതിരെ വിണാ ജോർജ് എൽഡിഎഫിൽ പരാതി നൽകി. ചില ഗൂഡ ലക്ഷ്യങ്ങളോടെയാണ് ചിറ്റയം പെരുമാറുന്നതെന്നാണ് മന്ത്രിയുടെ ആരോപണം
ഡെപ്യൂട്ടി സ്പീക്കർ ഉന്നയിച്ച അതിരൂക്ഷ വിമർശനങ്ങൾക്ക് മുന്നണിക്ക് നൽകിയ പരാതിയിലൂടെ മന്ത്രിയുടെ മറുപടി. അടിസ്ഥാന രഹിതവും വസ്തത വിരുദ്ധവുമായ കാര്യങ്ങളാണ് ചിറ്റയം ഗോപകുമാർ പറഞ്ഞതെന്നാണ് വീണ ജോർജിന്റെ വിശദീകണം. ഫോൺ വിളിച്ചാൽ എടുക്കില്ലെന്ന ചിറ്റയത്തിന്റെ ആരോപണത്തിൽ മന്ത്രിയുടെ മറുപടി വേണമെങ്കിൽ ഫോൺ കോൾ വിവരങ്ങൾ പരിശോധിക്കാമെന്ന് ..
സർക്കാരിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ചുള്ള പ്രദർശന വിപണന മേളയിലേക്ക് ക്ഷണിക്കേണ്ടത് മന്ത്രി അല്ലെന്നും ജില്ലാ ഭരണകൂടമാണെന്നും വീണ ജോർജ് പറയുന്നു. സർക്കാർ പരിപാടി ബഹിഷ്കരിച്ച ഡെപ്യൂട്ടി സ്പീക്കറുടെ നിലപാടിനെതിരാണ് പത്തനംതിട്ടയിലെ സി പി എം നേതൃത്വം. മകളുടെ കല്യാണത്തിന് വിളിച്ചില്ലെന്ന് പറയുന്നത് പോലെ വിചിത്രമാണ് അടൂർ എംഎൽഎയുടെ ആരോപണമെന്നാണ് സി പി എം ജില്ല സെക്രടറിയുടെ വിശദീകരണം.
എന്നാൽ സർക്കാർ പരിപാടിയുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മാത്രമാണ സിപിഎം മന്ത്രിക്ക് പ്രതിരോധം തീർക്കുന്നത്. മന്ത്രി ഫോൺ എടുക്കുന്നില്ലെന്ന പരാതി മുമ്പും സിപിഎമിന് മുന്നിലെത്തിയിട്ടുണ്ട്. പത്തനംതിട്ടയിൽ നിന്നുള്ള മുൻ സംസ്ഥാന കമിറ്റി അംഗവരെ പരാതി നൽകിയവരുടെ പട്ടികയിലുണ്ട്. കായംകുളം എം എൽ യു പ്രതിഭ പേര് പറയാതെ നടത്തിയ വിമർശനവും വീണ ജോർജിനെതിരായിരുന്നു.
മന്ത്രിയുടെ പരാതി സ്വീകരിച്ച എൽഡിഎഫ് വിഷയം ഉടൻ ചർച്ചക്കെടുക്കുമെന്നാണ് സൂചന. ത്യക്കാക്കര ഉപതെരെഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ പരസ്യ ആരോപണ പ്രത്യരോപണങ്ങൾ അവസാനിപ്പിക്കാനാണ് ഇരു പാർട്ടികളുടെയും സംസ്ഥാന നേതൃത്വം നൽകിയിരിക്കുന്ന നിർദേശം. മന്ത്രിയുടെ പരാതിയോട് ചിറ്റയം ഗോപകുമാർ പ്രതികരിച്ചിട്ടില്ല
അതേസമയം ആരോഗ്യ മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറും തമ്മിലുള്ള പോരിനെ ചൊല്ലി പത്തനംതിട്ടയിൽ സിപിഎമ്മും സിപിഐയും തമ്മിൽ തർക്കം രൂക്ഷമാകുന്ന സ്ഥിതിയാണ്. സംസ്ഥാന നേതൃത്വത്തിന്റെ പരിഗണയിലുള്ള വിഷയത്തിൽ സിപിഎം ജില്ലാ സെക്രട്ടറി നടത്തിയ പ്രതികരണത്തിനെതിരെ സിപിഐ രംഗത്തെത്തി. അതേസമയം മുന്നണിക്കുള്ളിൽ പരിഹരിക്കേണ്ട വിഷയത്തിൽ പൊതു ചർച്ച വേണ്ടെന്ന നിലപാടിലാണ് എൽഡിഎഫ്
ജില്ലയിലെ സിപിഎം സിപിഐ കലഹം കൊടുമ്പിരി കൊണ്ടു നിൽക്കുന്നതിനിടയിലാണ് ക്യാമ്പിനറ്റ് റാങ്കിലുള്ള ജനപ്രതിനിധികൾ പരസ്പരം പോരടിക്കുന്നത്. മന്ത്രിക്ക് സിപിഎമ്മിന്റേയും ഡെപ്യൂട്ടി സ്പീക്കർക്ക് സിപിഐയുടെയും പിന്തുണ കിട്ടിയതോടെയാണ് താഴെ തട്ടിലും പാർട്ടികൾ തമ്മിലുള്ള ഭിന്നത രൂക്ഷമായത്.
വീണ ജോർജും ചിറ്റയം ഗോപകുമാറും മുന്നണി നേതൃത്വത്തിന് പരാതി കൊടുത്തതിന് പിന്നെലെ പരസ്യ പ്രതികരണങ്ങൾക്കില്ലെന്ന നിലപാടിലായിരുന്നു സിപിഐ ജില്ലാ നേതൃത്വം . എന്നാൽ സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഇന്നലെ ചിറ്റയം ഗോപകുമാറിനെതിരെ നടത്തിയ പരിഹാസമാണ് സിപിഐയെ ചെടുപ്പിച്ചത്. സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രതികരണം നിർഭാഗ്യമാണെന്ന് പറയുന്ന സി പി ഐ ജില്ലാ സെക്രടറി എ പി ജയൻ അതേ നാണയത്തിൽ തിരിച്ചടിച്ചു
മകളുടെ കല്യാണത്തിന് അച്ഛനെ വിളിച്ചില്ലെന്ന് പറയും പോലെയാണ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മന്ത്രി വീണ ജോർജിനെതിരെ പരാതി ഉന്നയിക്കുന്നതെന്നായിരുന്നു സിപിഎം പത്തനംതിട്ട ജില്ല സെക്രട്ടറി കെ പി ഉദയഭാനുവിൻ്റെ വിമർശനം. എന്നാൽ അച്ഛനെ കാഴ്ചക്കാരാക്കി നാട്ടുകാർ മകളുടെ കല്ല്യാണം നടത്തുന്ന അവസ്ഥയാണെന്നായിരുന്നു ഇതിനുള്ള സിപിഐ ജില്ലാ സെക്രട്ടറിയുടെ മറുപടി.
മുന്നണിയിലെ പ്രധാന പാർട്ടികളുടെ തർക്കം ജില്ലാ എൽ ഡി എഫിനും തലവേദനയാണ്. പത്തനംതിട്ടയിലെ അങ്ങാടിക്കൽ സഹകരണ ബാങ്കിലെ തെരഞ്ഞെടുപ്പ തുടർന്നുണ്ടായ സംഘർഷത്തിന് പോലും എൽഡിഎഫ് നേതൃത്വത്തിന് പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല.