
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ഇന്ന് ചേരും. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്വീകരിക്കേണ്ട നയസമീപനങ്ങൾ ചർച്ചയാകും. 'ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപി' എന്ന ആക്ഷേപത്തിലൂന്നി തെരഞ്ഞെടുപ്പ് പ്രചരണം സജീവമാക്കാനാണ് സിപിഎം തീരുമാനം. എല്ലിന്‍ കഷണം കാണിച്ചാല്‍ ഓടുന്ന ജീവികള്‍ എന്ന് പരിഹസിച്ച് മുഖ്യമന്ത്രി തന്നെ വിമര്‍ശനത്തിന് തുടക്കമിട്ടു. ന്യൂനപക്ഷ വോട്ടുകളാണ് ലക്ഷ്യം.
സ്ഥാനാര്‍ത്ഥികള്‍ അതാത് മണ്ഡലങ്ങളില്‍ ഒരു റൗണ്ട് പര്യടനം പൂര്‍ത്തിയാക്കിയ വേളയിലാണ് തെരഞ്ഞെടുപ്പ് രംഗത്ത് കിട്ടാവുന്ന ഏറ്റവും വലിയ അവസരം പത്മജ വേണുഗോപാലിന്‍റെ തീരുമാനത്തിലൂടെ എല്‍ഡിഎഫിന് കിട്ടിയിരിക്കുന്നത്. കരുണാകരന്‍റെ മകള്‍ക്കാകാമെങ്കില്‍ ഇനിയാര്‍ക്ക് ആയിക്കൂടാ ഇതാണ് സിപിഎം ചോദിക്കുന്നത്. കെ സുധാകരന്‍റെ മൃദുഹിന്ദുത്വ നിലപാടടക്കം കോണ്‍ഗ്രസ് നേതാക്കളില്‍ പലരും ബിജെപിയുമായി ബന്ധം വക്കുന്നുവെന്ന് വര്‍ഷങ്ങളായി സിപിഎം ആരോപണമുന്നയിക്കുന്നുണ്ട്. ദേശീയ തലത്തില്‍ 11 മുന്‍മുഖ്യമന്ത്രിമാര്‍ ഇപ്പോള്‍ ബിജെപിക്കൊപ്പമാണ്. വിവിധ സംസ്ഥാനങ്ങളില്‍ ദിവസേനയെന്നോണം കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുന്നു. ഇതൊക്കെ പരത്തി പറഞ്ഞുകൊണ്ടിരുന്ന സിപിഎമ്മിന് ഇന്ന് വീണ് കിട്ടിയത് ഏറ്റവും വലിയ ആയുധമാണ്. പ്രമുഖര്‍ തന്നെ വിഷയം ചൂടോടെ ഏറ്റുപിടിച്ചു. ബിജെപിക്ക് ബദലായി കോണ്‍ഗ്രസിനെ എങ്ങനെ കാണാനാകും ഇതാണ് മുഖ്യമന്ത്രിയുടെ ചോദ്യം
പൗരത്വ വിഷയം, ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെയുള്ള നിലപാട്, ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം എന്നിവയാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് സിപിഎമ്മിനോട് സ്നേഹം കൂടുതലാണ്. അപ്പോഴും മുസ്ലിം ലീഗിനെ അപ്പാടെ തള്ളിപ്പറഞ്ഞ് ഇടത് ചേരിക്കൊപ്പം വരാനൊന്നും അവര്‍ തയ്യാറല്ല. ലീഗ് അണികളെ കൂടി വിശ്വാസത്തിലെടുക്കാനുള്ള തന്ത്രങ്ങളാണ് സിപിഎം മെനയുന്നത്. ഇനിയും പലരും തങ്ങള്‍ക്കൊപ്പം വരുമെന്ന് ബിജെപി നേതാക്കള്‍ ആവര്‍ത്തിക്കുന്നു. പലരുമായും പലവട്ടം ചര്‍ച്ച ചെയ്തെന്നും അവര്‍ പരസ്യമായി വ്യക്തമാക്കുന്നു. നിര്‍ണായക തെരഞ്ഞെടുപ്പാണിതെന്നും കോണ്‍ഗ്രസിന് വോട്ട് ചെയ്താല്‍ അവര്‍ ഏത് സമയത്തും കാലുമാറും ഇതായിരിക്കും സിപിഎം ലളിതമായി പറയുന്നത്. സെക്രട്ടേറിയറ്റ് യോഗത്തിലും തുടര്‍ന്ന് നടക്കുന്ന എല്‍ഡിഎഫ് യോഗത്തിലും ഇക്കാര്യങ്ങളായിരിക്കും ചര്‍ച്ചയാകുക. പത്മജ വേണുഗോപാലിന്‍റെ തീരുമാനം ഏല്‍പിച്ച ഷോക്കിലുള്ള കോണ്‍ഗ്രസ് നേതൃത്വമാകട്ടെ പ്രമുഖരാരെങ്കിലും ഇനി പോകുമോ എന്ന ആശങ്കയിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam