തിരുവനന്തപുരം ലുലു ഹയാത്ത് ഉദ്ഘാടന വേദിയിൽ കൊമ്പു കോര്‍ത്ത് മന്ത്രിമാര്‍; വേദിയിലും അകലമിട്ട് സതീശനും തരൂരും

By Web TeamFirst Published Nov 24, 2022, 4:35 PM IST
Highlights

ഇടഞ്ഞു നിൽക്കുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശനും ശശി തരൂരും ഉദ്ഘാടന വേദിയിൽ ഒന്നിച്ചെത്തിയതും കൗതുകം സൃഷ്ടിച്ചു. 

തിരുവനന്തപുരം: കേരളത്തിന്റെ ടൂറിസം വളർച്ചയെ ചൊല്ലി പൊതു വേദിയിൽ  വാക് പോരുമായി മുഖ്യമന്ത്രിയും കേന്ദ്ര സഹമന്ത്രി വി.മുരളീധരനും. തിരുവനന്തപുരത്ത് പഞ്ചനക്ഷത്ര ഹോട്ടലായ ഹയാത്ത് റീജിയൻസിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു ഏറ്റുമുട്ടൽ. അതേ വേദിയിൽ വി. മുരളീധരന് മറുപടിയുമായി ടൂറിസം മന്ത്രി മുഹമ്മദ് റിയാസും എത്തിയത് കൗതുകമായി. 

നമ്മുടെ നാടിൻ്റെ ആഭ്യന്തര വരുമാനത്തിൻ്റെ പത്ത് ശതമാനത്തിലധികം വിനോദസഞ്ചാരമേഖലയിൽ നിന്നാണ്. ഞാൻ ഈ കണക്ക് പറയുന്നത്. മറ്റു ചിലര്‍ കേരളത്തിൻ്റെ വരുമാനം വേറെ നിലയിലാണെന്ന് പറഞ്ഞ് സ്ഥാപിക്കാൻ ശ്രമിക്കുന്നത് കൊണ്ടാണ് - മുഖ്യമന്ത്രി

കേരളം മദ്യവും ലോട്ടറിയും  വിറ്റാണ് പണം ഉണ്ടാക്കുന്നതെന്ന് ഒരു മാസം മുന്പ്  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരുന്നു. അതിനുള്ള മറുപടി എന്ന നിലയ്ക്കാണ് മുഖ്യമന്ത്രിയുടെ പരോക്ഷ പരാമര്‍ശം. ഇത് തിരിച്ചറിഞ്ഞ് അതേ വേദിയിൽ മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്ത് എത്തി.  

കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ വിനോദസഞ്ചാരമേഖലയിൽ വലിയ കുതിപ്പ് ഉണ്ടായിട്ടുണ്ട്. എന്നാൽ ഗുജറാത്തിലെ സാമ്പത്തിക മുന്നേറ്റവും അതവിടെ സൃഷ്ടിച്ച വ്യവസായ -നിക്ഷേപ സൗഹൃദ അന്തരീക്ഷം നമ്മൾ കാണണം. മിന്നൽ ഹര്‍ത്താലും പണിമുടക്കുമില്ലാത്ത ഒരു സാഹചര്യം അവിടെയുണ്ട് - വി.മുരളീധരൻ

ഗുജറാത്തിനെ പുകഴ്ത്തി കേന്ദ്ര മന്ത്രി സംസാരിച്ച് നിര്‍ത്തിയതിന് തൊട്ട് പിന്നാലെയായിരുന്നു ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ ഊഴം . പ്രതിപക്ഷ നേതാവ്  വി.ഡി. സതീശൻ, ശശിതരൂർ എംപി തുടങ്ങി നിരവധി ക്ഷണിതാക്കൾ വേദിയിലുണ്ടായിരുന്നു.

കേരളത്തിലേക്ക് കൊവിഡിന് ശേഷം ആളുകൾ കടന്നുവരാനുള്ള ഒരു കാരണം ജനങ്ങളുടെ പ്രത്യേകതയാണ്. സുന്ദരമായ ഭൂപ്രകൃതിക്കൊപ്പം ജനങ്ങളുടെ ഐക്യവും മതനിരപേക്ഷതയും സൗഹാര്‍ദ്ര മനോഭാവവും ഇവിടേയ്കക് ആളുകളെ ആകര്‍ഷിക്കുന്നു - മുഹമ്മദ് റിയാസ് ടൂറിസം മന്ത്രി 
   
കേരളത്തിൽ ലുലു ഹയാത്തിന്റെ മൂന്നാമത്തെ നക്ഷത്ര ഹോട്ടലാണ് തിരുവനന്പുരത്ത് ഉദ്ഘാടനം ചെയ്തത്.   500 കോടി മുതൽ മുടക്കിൽ അടുത്ത  ഹോട്ടലിന്റെ നിർമാണം ജനുവരിയിൽ  കോഴിക്കോട് തുടങ്ങുമെന്ന് ചെയർമാൻ എംഎ യൂസഫലി  പ്രഖ്യാപിച്ചു. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഒപ്പം കോണ്‍ഗ്രസിൽ ഇടഞ്ഞു നിൽക്കുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശനും ശശി തരൂരും ഉദ്ഘാടന വേദിയിൽ ഒന്നിച്ചെത്തിയതും കൗതുകം സൃഷ്ടിച്ചു. 


 

click me!