കെപിസിസി പുന:സംഘടന ഈ മാസം 25നുള്ളിൽ പൂർത്തിയാക്കാൻ നേതാക്കൾക്കിടിയിൽ ധാരണ

By Web TeamFirst Published Sep 16, 2021, 7:49 AM IST
Highlights

 കെപിസിസി പുന:സംഘടന ഈ മാസം 25നുള്ളിൽ പൂർത്തിയാക്കാൻ നേതാക്കൾക്കിടിയിൽ ധാരണ. പുതിയ ഭാരവാഹികൾക്ക് കൃത്യമായി ചുമതലകൾ വീതിച്ചു നൽകും. 

തിരുവനന്തപുരം: കെപിസിസി പുന:സംഘടന ഈ മാസം 25നുള്ളിൽ പൂർത്തിയാക്കാൻ നേതാക്കൾക്കിടിയിൽ ധാരണ. പുതിയ ഭാരവാഹികൾക്ക് കൃത്യമായി ചുമതലകൾ വീതിച്ചു നൽകും. ഉമ്മൻചാണ്ടിയും ചെന്നിത്തലയും നൽകുന്ന പേരുകൾ കൂടി പരിഗണിക്കുമെന്നാണ് സതീശനും സുധാകരനും നൽകിയ ഉറപ്പ്.

ഒരു വശത്ത് കൊഴിഞ്ഞുപോക്ക് തുടരുമ്പോൾ മറുവശത്ത് മാറ്റങ്ങളുമായി മുന്നോട്ട് പോകാൻ തന്നെയാണ് കെപിസിസി നേതൃത്വത്തിൻറെ നിലപാട്. പുന:സംഘടന അതിവേഗം തീർക്കാനാണ് ധാരണ. അഞ്ച് വർഷം ഭാരവാഹികളായവരെ ഒഴിവാക്കി പുതിയ  ടീമിനെ കൊണ്ട് വരും. ഒരാൾക്ക് ഒരു പദവി ഉറപ്പാക്കാൻ ജനപ്രതിനിധികളെയും മാറ്റും. രാഷ്ട്രീയകാര്യസമിതിയും അഴിച്ചുപണിയും. 

പുതിയ ഭാരവാഹികൾക്ക് വിദ്യാർത്ഥി-യുവജന, ട്രേഡ് യൂണിയൻ സംഘടനകളുടെ ചുമതലകൾ കൃത്യമായി വീതിച്ചുനൽകും. ഭാരവാഹികളുടെ പ്രവർത്തനം വിലയിരുത്തും. ഡിസിസി പട്ടികയിൽ ഉടക്കിയെങ്കിലും സമവായത്തിലെത്തിയ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പുന:സംഘടയുമായി പൂർണ്ണമായും സഹകരിക്കുന്നു. ഇരുവരും നൽകുന്ന പേരുകൾ പരിഗണിക്കാമെന്ന് തന്നെയാണ് സുധാകരനും സതീശനും അറിയിച്ചത്. 

അതേസമയം അംഗസംഖ്യ 51 ൽ ഒതുക്കലാണ് കടമ്പ. കൂടുതൽ പേരെ എക്സ് ഓഫീഷ്യോ അംഗങ്ങളായി ഉൾപ്പെടുത്താനാണ് ധാരണ. കൊഴിഞ്ഞുപോക്കിന് കാരണം പുതിയ നേതൃത്വത്തിൻറെ ഉരുക്ക് മുഷ്ടി നിലപാടാണെന്ന പരാതി എ-ഐ ഗ്രൂപ്പുകൾക്കുണ്ട്. അതേ സമയം എന്തും പറയാവുന്ന സ്ഥിതിയിൽ നിന്നും അച്ചടക്കമുള്ള പാർട്ടിയിലേക്കുള്ള മാറ്റത്തിന് പിന്തുണ കൂടുന്നുണ്ടെന്നാണ് നേതൃത്വത്തിൻറ വിലയിരുത്തൽ. ഉമ്മൻചാണ്ടിയെയും ചെന്നിത്തലയെയും അനുനയിപ്പിച്ച് പുന:സംഘടന പൂർത്തിയാക്കാനായാൽ നേട്ടമാകുമെന്നാണ് സതീശൻറെയും സുധാകരൻറെയും കണക്ക് കൂട്ടൽ.

click me!