
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി പരിശോധിക്കാൻ പ്രത്യേക സമിതിക്ക് രൂപം നൽകി മുസ്ലീം ലീഗ്. കോഴിക്കോട് ചേർന്ന സംസ്ഥാന സമതിയോഗമാണ് പത്തംഗ സമിതിക്ക് രൂപം നൽകിയത്. യോഗത്തിൽ തെരഞ്ഞെടുപ്പ് പരാജയം വിശകലനം ചെയ്തെന്നും എല്ലാവരും അഭിപ്രായങ്ങൾ തുറന്നു പറഞ്ഞുവെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ യോഗത്തിന് ശേഷം പറഞ്ഞു.
പാർട്ടിയെ ശക്തിപ്പെടുത്താനുള്ള തീരുമാനം യോഗത്തിലുണ്ടായി. ഇതിനുള്ള ആദ്യ പടിയെന്നോണം തോൽവിയെക്കുറിച്ച് വിശദമായി പഠിക്കാൻ പ്രത്യേക സമിതിയെ നിയമിച്ചു. ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം, കെഎം ഷാജി, പികെ ഫിറോസ്, എൻ ഷംസുദ്ദീൻ, കെപിഎ മജീദ്, ആബിദ് ഹുസൈൻ തങ്ങൾ, അബ്ദുറഹ്‌മാൻ രണ്ടത്താണി, സി.പി ചെറിയ മുഹമ്മദ്, കുട്ടി അഹമ്മദ് കുട്ടി, പിഎം സാദിഖലി എന്നിവരടങ്ങിയ സമിതിയാണ് പരാജയത്തിൻ്റെ സാഹചര്യം പരിശോധിക്കുക. ഒരോ മണ്ഡലത്തിലേയും സാഹചര്യം സമിതി പ്രത്യേകം പരിശോധിക്കും.
കോഴിക്കോട് ചേർന്ന യോഗത്തിൽ തലമുറമാറ്റമടക്കം വിവിധ വിഷയങ്ങൾ ചർച്ചയായെന്നാണ് സൂചന. ന്യൂനപക്ഷ സ്കോളർഷിപ്പിൽ സ്വീകരിക്കേണ്ട തുടർ നടപടികളും യോഗത്തിൽ ചർച്ചയായി. കെഎം ഷാജിയുടെ വിഷയം യോഗത്തിൽ ചർച്ചയായിട്ടില്ലെന്നും വിജിലൻസ് അന്വേഷണത്തിലൂടെ ഷാജിയെ വേട്ടയാടുകയാണെന്ന നിലപാട് നേരത്തെ തന്നെ ലീഗ് സ്വീകരിച്ചിട്ടുള്ളതാണെന്നും യോഗശേഷം കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam