ഉമ്മൻചാണ്ടിക്ക് വേണ്ടി മുറവിളി; പ്രശ്നം കോൺഗ്രസിനകത്തെന്ന് ഹൈക്കമാന്‍റിനോട് ഘടകക്ഷികൾ

By Web TeamFirst Published Dec 28, 2020, 3:30 PM IST
Highlights

കോൺഗ്രസിന്‍റെ സംഘടനാ സംവിധാനത്തിന് അകത്ത് അതി ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടെന്ന നിലപാടാണ് ഹൈക്കമാന്‍റ് പ്രതിനിധിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഘടകകക്ഷി നേതാക്കളെല്ലാം ഏക സ്വരത്തിൽ ഉന്നയിച്ചത്.

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത തിരിച്ചടിക്ക് കാരണം കോൺഗ്രസിനകത്തെ പ്രശ്നങ്ങളാണെന്ന നിലപാടിൽ ഘടകകക്ഷികൾ ഒറ്റക്കെട്ട്. പ്രശ്ന പരിഹാര ചര്‍ച്ചകൾക്കായി തിരുവനന്തപുരത്ത് എത്തിയ ഹൈക്കമാന്റ് പ്രതിനിധി എഐസിസി ജനറൽ സെക്രട്ടറി കൂടിയായ താരിഖ് അൻവറിന് മുന്നിലാണ് കോൺഗ്രസ് ഇങ്ങനെ പോയാൽ ശരിയാകില്ലെന്ന് ഘടകക്ഷികൾ എല്ലാം ഏക സ്വരത്തിൽ ആവര്‍ത്തിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിക്ക് കാരണം കോൺഗ്രസിനകത്തെ സംഘടനാ പ്രശ്നങ്ങളാണ്. അതിന് അടിയന്തരമായ പരിഹാരം ആണ് വേണ്ടതെന്നും ഘടക കക്ഷി നേതാക്കൾ ആവര്‍ത്തിച്ചു. 

അതേ സമയം കോൺഗ്രസിനകത്ത് നേതൃമാറ്റം വേണമെന്ന ആവശ്യം ഘടകകക്ഷികളാരും ഉന്നയിച്ചിട്ടില്ല. സംഘടനാ പ്രശ്നങ്ങളുണ്ടെന്ന് ആവര്‍ത്തിക്കുമ്പോഴും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനേയോ  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയോ തൽസ്ഥാനത്ത് നിന്ന് മാറ്റിക്കൊണ്ടുള്ള പ്രശ്ന പരിഹാരം അല്ല കക്ഷി നേതാക്കൾ ആവശ്യപ്പെടുന്നതും. സംസ്ഥാന കോൺഗ്രസിൽ ഉമ്മൻചാണ്ടി കൂടുതൽ സജീവമാകണമെന്ന ആവശ്യം പക്ഷെ എല്ലാവര്‍ക്കും ഉണ്ടുതാനും. 

കോൺഗ്രസ് ഗ്രൂപ്പ് പോര് അവസാനിപ്പിച്ച് കോൺഗ്രസ് ഒറ്റക്കെട്ടായി ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് മുസ്ലീം ലീഗ് ആവശ്യപ്പെട്ടു. സംഘടനാ പ്രശ്നങ്ങൾക്ക് ഒപ്പം ഗ്രൂപ്പ് അതിപ്രസരവുമാണ് കോൺഗ്രസിനെ പിന്നോട്ടടിക്കുന്നത്. മുന്നണിയുടെ പ്രധാന ഘടക കക്ഷി എന്ന നിലയിൽ തരുത്തൽ ആദ്യം ഉണ്ടാകേണ്ടതും കോൺഗ്രസിന് അകത്താണ്. സീറ്റ് വിഭജനത്തിൽ അടക്കം വളരെ പെട്ടെന്ന് തീരുമാനം എടുക്കണം. നിയമസഭാ തെര‍ഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കെ എത്രയും പെട്ടെന്ന് പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടതെന്ന നിലപാടാണ് പികെ കുഞ്ഞാലിക്കുട്ടിയടക്കം താരിഖ് അൻവറുമായി സംസാരിച്ച മുസ്ലീം ലീഗ് നേതാക്കൾ ആവശ്യപ്പെട്ടത്. 

നിയമസഭാ തെര‍ഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കെ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുമിച്ച് നയിക്കട്ടെ എന്ന് അഭിപ്രായമാണ് ആര്‍എസ്പി ഉന്നയിച്ചത്. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഒരുമിച്ച് നയിക്കുന്ന മുന്നണി തെരഞ്ഞെടുപ്പിനെ നേരിടണം. ഉമ്മൻചാണ്ടി മുഖ്യധാരയിൽ നിന്ന് മാറി നിൽക്കുന്നത് ഗുണം ചെയ്യില്ല. മുഖ്യമന്ത്രി ആരാവണമെന്നൊക്കെ പിന്നീട് തീരുമാനിക്കാമെന്നാണ് ആര്‍എസ്പി നിലപാട്. കോൺഗ്രസിലെ സംഘടനാ പ്രശ്നങ്ങളാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ വലിയ തിരിച്ചടിക്ക് കാരണമായതെന്ന് ആര്‍എസ്പി ഹൈക്കമാന്‍റ് പ്രതിനിധികളെ അറിയിച്ചു. അത് പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്നാണ് എൻകെ പ്രേമചന്ദ്രൻ അടക്കം ആര്‍എസ്പി നേതാക്കൾ ആവശ്യപ്പെട്ടത്. 

ഉമ്മൻചാണ്ടി കോൺഗ്രസ് നേതൃത്വത്തിൽ കൂടുതൽ സജീവമാകണമെന്ന ആവശ്യം പിജെ ജോസഫിനും ഉണ്ട്.  കോൺഗ്രസിലെ ഗ്രൂപ്പ് വീതം വയ്പപ്പും വഴക്കും അടിയന്തരമായി അവസാനിപ്പിക്കണമെന്ന് പിജെ ജോസഫ് പറഞ്ഞു.  ഗ്രൂപ്പ് പ്രവര്‍ത്തനങ്ങൾ   അവസാനിപ്പിക്കാൻ കേന്ദ്രം ഇടപെടണം. എല്ലാവരും ഒരുമിച്ച് മുന്നോട്ട് പോകണം.  നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സീറ്റ് വിഭജനം ഉടൻ വേഗം പൂർത്തിയാക്കണം. പാലാ സീറ്റ് മാണി സി കാപ്പന് നൽകാൻ തയ്യാറാണെന്നും എൻസിപിയെ മുന്നണിയിലെത്തിക്കാനുള്ള ശ്രമം അടിയന്തരമായി നടത്തണമെന്നും പിജെ ജോസഫ് ആവശ്യപ്പെട്ടു. 

മറ്റ് രാഷ്ട്രീയ കക്ഷികളുടെ നേതൃപ്രശ്നം പൊതു രാഷ്ട്രീയ വിഷയമാക്കരുതെന്ന അഭിപ്രായമാണ് സിഎംപിക്ക് വേണ്ടി ഹൈക്കമാന്‍റിനോട് സംസാരിച്ച സിപി ജോൺ പങ്കുവച്ചത്. എല്ലാവരേയും തുല്യമായി പരിഗണിക്കണം. അതാത് പാർട്ടികളുടെ നേതാക്കളെ അതാത് പാർട്ടികൾ തീരുമാനിക്കും. യുഡിഎഫിൽ എല്ലാ ഘടകക്ഷികൾക്കും തുല്യരായി പരിഗണിക്കുകയാണ് വേണ്ടതെന്നും സിപി ജോൺ ആവശ്യപ്പെട്ടു. സുരക്ഷിതമായ ഒരു സീറ്റ് അടക്കം മൂന്ന് സീറ്റിലെങ്കിലും സിഎംപിക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നും സിപി ജോൺ താരിഖ് അൻവറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

click me!