
ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്കിതിരെ എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. ബിനീഷിന് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയുന്നതിനായാണ്, അറസ്റ്റിലായി അറുപത് ദിവസം പൂർത്തിയാകും മുന്‍പേ കേസില്‍ ഇഡി പ്രാഥമിക കുറ്റപത്രം നല്‍കിയത്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായി 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം കോടതിയില്‍ സമർപ്പിച്ചില്ലെങ്കില്‍ പ്രതിക്ക് സ്വാഭാവിക ജാമ്യം ലഭിക്കും എന്നിരിക്കെ, ഇത് തടയുന്നതിനുവേണ്ടിയാണ് ബിനീഷിനെതിരെ അന്വേഷണ സംഘം പ്രാഥമിക കുറ്റപത്രം നല്‍കിയത്. ബെംഗളൂരു സിറ്റി സെഷന്‍സ് കോടതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ രാഹുല്‍സിന്‍ഹ കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രം പ്രതികളെ വായിച്ചു കേൾപ്പിക്കുന്നതടക്കമുള്ള നടപടികളാണ് ഇനി കോടതിയില്‍ നടക്കുക. നിലവില്‍ പരപ്പന അഗ്രഹാര ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ബിനീഷ് കോടിയേരി.
ബെംഗളൂരു മയക്കുമരുന്ന് കേസ് രണ്ടാം പ്രതി മുഹമ്മദ് അനൂപുമായി നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം തുടങ്ങിയ എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേററ് ഒക്ടോബർ 29 നാണ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ 7 വർഷത്തിനിടെ ബിനീഷ് വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ 5.17 കോടി രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നും , ഇതില്‍ 1.22 കോടി രൂപയ്ക്ക് മാത്രമാണ് ആദായ നികുതി റിട്ടേൺ സമർപ്പിച്ചതെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍. ബാക്കി തുക മയക്കുമരുന്ന് ഇടപാടിലൂടെ സമ്പാദിച്ച പണമാണെന്നാണ് ഇഡി കോടതിയില്‍ വാദിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam