
കോഴിക്കോട്: മന്ത്രി മുഹമ്മദ് റിയാസിന്റെ വിവാഹം വ്യഭിചാരമാണെന്ന പ്രസംഗത്തിലെ പരാമർശത്തിൽ തെറ്റുണ്ടെന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൾ റഹ്മാൻ കല്ലായി. വിവാഹം സംബന്ധിച്ച മതശാസനയാണ് കോഴിക്കോട് പ്രസംഗിച്ചതെന്നും ലീഗ് സംസ്ഥാന സെക്രട്ടറി വിശദീകരിച്ചു. റിയാസിന്റെ വിവാഹം അംഗീകരിക്കാൻ മുസ്ലീങ്ങൾക്ക് ഒരിക്കലും സാധിക്കില്ല. എന്നാൽ പ്രസംഗത്തിനിടെ റിയാസിന്റെ പേര് പറയേണ്ടിയിരുന്നില്ല എന്ന് പാർട്ടി പറഞ്ഞത് ഉൾകൊണ്ടുവെന്നും അബ്ദുൾ റഹ്മാൻ കല്ലായി വ്യക്തമാക്കി. പ്രസംഗത്തിന്റെ പേരിലുള്ള സിപിഎമ്മിന്റെ വേട്ടയാടലാണ് ഇപ്പോൾ നടക്കുന്നത്. മസ്‍ജിദ് പുനർ നിർമാണത്തിലെ അഴിമതി ആരോപണവും കേസും അതിന്റെ തുടർച്ചയാണെന്നും അബ്ദുറഹ്മാൻ ആരോപിച്ചു.
പരാതിക്ക് പിന്നിൽ ലീഗിലുള്ള ചിലരും
മട്ടന്നൂർ ജുമാ മസ്‍ജിദ് നിർമ്മാണത്തിൽ അഴിമതിയെന്ന പരാതിക്കും തന്റെ അറസ്റ്റിനും പിന്നിൽ ലീഗിലെ ചിലരുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൾ റഹ്മാൻ കല്ലായി. തന്റെ വലംകൈയ്യായി നിന്ന മട്ടന്നൂരിലെ നേതാവാണ് ചതിച്ചത്. ലീഗിലുള്ള ചിലർ സിപിഎമ്മിനോടൊപ്പം ചേർന്ന് തനിക്കെതിരെ നീങ്ങുകയാണ്. ഇവർക്കെതിരെ പാർട്ടി അന്വേഷണം തീരുമാനിച്ചെന്നും അബ്ദുൾ റഹ്മാൻ കല്ലായി പറഞ്ഞു.
മട്ടന്നൂർ ജുമാ മസ്‍ജിദ് നിർമാണത്തിൽ അഴിമതിയെന്ന പരാതിയിലാണ് മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുൾ റഹ്മാൻ കല്ലായിയെ അറസ്റ്റ് ചെയ്തതത്. മട്ടന്നൂർ ടൗൺ ജുമാ മസ്ജിദിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുണ്ടെന്നായിരുന്നു പള്ളി കമ്മിറ്റി ഭാരവാഹികൾക്കെതിരായി ഉയർന്ന പരാതി. വഖഫ് ബോർഡിന്‍റെ അനുമതിയില്ലാതെ നടത്തിയ നിർമാണ പ്രവൃത്തിയിൽ കോടികളുടെ വെട്ടിപ്പ് നടന്നതായാണ് പരാതി. മൂന്ന് കോടി ചെലവായ നിർമ്മാണത്തിന് പത്ത് കോടി രൂപയോളമാണ് കണക്കിൽ കാണിച്ചതെന്ന് പരാതിയിൽ പറയുന്നു. കണക്കിൽ കാണിച്ച തുകയ്ക്ക് ബില്ലുകളോ വൗച്ചറുകളോ ഇല്ല. കെട്ടിടങ്ങൾ വാടകയ്ക്ക് നൽകിയതിലും വെട്ടിപ്പ് നടന്നുവെന്ന് ആരോപണമുണ്ട്. ജമാ അത്ത് കമ്മിറ്റി ജനറൽ ബോഡി അംഗം മട്ടന്നൂർ നിടുവോട്ടുംകുന്നിലെ എം പി ശമീറിന്‍റെ പരാതിയിലാണ് മട്ടന്നൂർ മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്‍റും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുൾ റഹ്മാൻ കല്ലായി, നിലവിലെ മഹല്ല് കമ്മിറ്റി പ്രസിഡന്റ് എം.സി.കുഞ്ഞമ്മദ്, മഹല്ല് കമ്മിറ്റി സെക്രട്ടറി യു.മഹറൂഫ് എന്നിവർക്കെതിരെ കേസെടുത്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam