മട്ടന്നൂരിലെ പള്ളി നിർമ്മാണത്തിൽ ഏഴ് കോടിയുടെ അഴിമതി നടത്തിയെന്ന കള്ളക്കേസിൽ തന്നെ കുടുക്കാൻ ലീഗിലെ ചിലരും രംഗത്തുണ്ട്.

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ മകളെ മന്ത്രി മുഹമ്മദ് റിയാസ് കല്യാണം കഴിച്ചതിനെരിരെ പ്രസംഗിച്ചതിന് തന്നെ അഴിമതിക്കേസിൽ കുടുക്കി വേട്ടയാടുകയാണെന്ന് മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി. റിയാസ് മറ്റൊരുമതത്തിൽപ്പെട്ടയാളെ വിവാഹം ചെയ്താൽ അത് വ്യഭിചാരമാണെന്നത് മതശാസനയാണ്. അന്നത്തെ പ്രസംഗം തെറ്റാണെന്ന തോന്നൽ ഇല്ല. അതേസമയം റിയാസിന്റെ പേര് പറയേണ്ടിയിരുന്നില്ല എന്ന് പാർട്ടി പറ‌ഞ്ഞതും താൻ ഉൾകൊണ്ടിട്ടുണ്ട്. മട്ടന്നൂരിലെ പള്ളി നിർമ്മാണത്തിൽ ഏഴ് കോടിയുടെ അഴിമതി നടത്തിയെന്ന കള്ളക്കേസിൽ തന്നെ കുടുക്കാൻ ലീഗിലെ ചിലരും രംഗത്തുണ്ട്. വലം കൈയായി നിന്ന മട്ടന്നൂരിലെ നേതാവാണ് ചതിച്ചതെന്നും കല്ലായി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മട്ടന്നൂർ ജുമാ മസ്ജിദ് നിർമ്മാണത്തിൽ അഴിമതിയെന്ന പരാതിയിലാണ് മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുല്‍റഹിമാൻ കല്ലായിയെ അറസ്റ്റ് ചെയ്തതത്. മട്ടന്നൂർ ടൗൺ ജുമുഅ മസ്ജിദിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുണ്ടായെന്ന പരാതിയിലാണ് പള്ളി കമ്മിറ്റി ഭാരവാഹികൾക്കെതിരെ മട്ടന്നൂർ പൊലീസ് കേസെടുത്തത്. വഖഫ്‌ ബോർഡിന്‍റെ അനുമതിയില്ലാതെ നടത്തിയ നിർമാണപ്രവൃത്തിയിൽ കോടികളുടെ വെട്ടിപ്പ്‌ നടന്നതായാണ്‌ പരാതി.

മൂന്ന് കോടി ചിലവായ നിർമ്മാണത്തിന് പത്ത് കോടിരൂപയോളമാണ് കണക്കിൽ കാണിച്ചതെന്ന് പരാതിയിൽ പറയുന്നു. കണക്കിൽ കാണിച്ച തുകയ്ക്ക് ബില്ലുകളോ വൗച്ചറുകളോ ഇല്ല. കെട്ടിടങ്ങൾ വാടകയ്ക്ക് നൽകിയതിലും വെട്ടിപ്പ് നടന്നുവെന്ന് ആരോപണമുണ്ട്. ജമാഅത്ത് കമ്മറ്റി ജനറൽ ബോഡി അംഗം മട്ടന്നൂർ നിടുവോട്ടുംകുന്നിലെ എം പി ശമീറിന്‍റെ പരാതിയിലാണ് മട്ടന്നൂർ മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്‍റും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുർറഹ്മാൻ കല്ലായി, നിലവിലെ മഹല്ല് കമ്മിറ്റി പ്രസിഡന്റ് എം സി കുഞ്ഞമ്മദ്, മഹല്ല് കമ്മിറ്റി സെക്രട്ടറി യു മഹറൂഫ് എന്നിവരുടെ പേരിൽ കേസെടുത്തത്.