
കോഴിക്കോട്: മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ച നീണ്ടുപോകുന്നതിനിടെ പാണക്കാട്ട് ഇന്ന് മുസ്ലിം ലീഗിന്റെ നേതൃയോഗം. വി ഡി സതീശനുള്ള പിന്തുണയിൽ ഉറച്ച് നിൽക്കാനാണ് ലീഗിന്‍റെ തീരുമാനം. മുഖ്യമന്ത്രി ആരെന്ന് തീരുമാനം വന്നാൽ ലീഗിന്‍റെ തുടർനടപടികളും ചർച്ചയാകും. ലീഗിൽ നിന്നും ആരൊക്കെ മന്ത്രിമാരാകുമെന്നതിലും ഇന്ന് തീരുമാനമുണ്ടാകും. ലീഗിന്‍റെ ഉന്നതാധികാര സമിതിയിലെ പന്ത്രണ്ടോളം പേരാണ് ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുക. മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച ശേഷം യോഗം ചേരാൻ ആയിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ ലീഗിന്‍റെ അഭിപ്രായം പരിഗണിക്കാതെ കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചാൽ എന്തു നിലപാട് സ്വീകരിക്കണം എന്ന് ഇന്നത്തെ യോഗം ചർച്ച ചെയ്യും. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ ലീഗ് നേതാക്കൾക്കും അണികൾക്കുമുണ്ടായ അതൃപ്തിയും ചർച്ച ചെയ്യും.
കോണ്‍ഗ്രസിനോട് ഇനി അനുനയത്തിലുള്ള സമീപനമാവില്ല എന്നാണ് ലീഗ് നേതാക്കൾ നൽകുന്ന സൂചന. സതീശൻ അല്ലെങ്കിൽ തെരഞ്ഞെടുക്കപ്പെട്ട ഏതെങ്കിലും എംഎൽഎ തന്നെ മുഖ്യമന്ത്രിയാകണം എന്ന നിലപാടിൽ ലീഗ് ഉറച്ചുനിൽക്കുകയാണ്. ദീപാദാസ് മുൻഷി അടക്കമുള്ള നേതാക്കളുമായി ലീഗ് നിരന്തരം ചർച്ച നടത്തുന്നുണ്ട്. ജനവികാരം മാനിച്ചായിരിക്കണം തീരുമാനം എന്ന അഭിപ്രായമാണ് ലീഗ് തുടക്കം മുതൽ സ്വീകരിച്ചത്.
കേരളത്തിന്‍റെ പുതിയ മുഖ്യമന്ത്രി ആരെന്ന് ഇന്ന് പ്രഖ്യാപിച്ചേക്കും. കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല ക്യാമ്പുകൾ ആകാംക്ഷയിലാണ്. ദില്ലിയിൽ ഇന്നലെ നടന്ന അതി നിർണായക ചർച്ചയിൽ ഹൈക്കമാൻഡ് വിളിപ്പിച്ച കേരളത്തിലെ നേതാക്കളിൽ ഭൂരിപക്ഷവും പിന്തുണച്ചത് കെ സി വേണുഗോപാലിനെയാണെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. കെ സിയെ തന്നെയാകും ഹൈക്കമാൻഡ് പ്രഖ്യാപിക്കുകയെന്നാണ് ഗ്രൂപ്പ് വിലയിരുത്തുന്നത്. ഏകപക്ഷീയ പ്രഖ്യാപനം ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് വി ഡി, ആർ സി പക്ഷങ്ങൾ. എംഎൽഎമാരുടെ നമ്പറിന് അപ്പുറത്താണ് കേരളത്തിലെ സ്ഥിതി എന്ന് ഹൈക്കമാൻഡ് മനസ്സിലാക്കിയെന്നാണ് ഇരു പക്ഷങ്ങളും വിലയിരുത്തുന്നത്. അതേസമയം കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ തനിക്ക് മുൻവിധിയില്ലെന്ന് നേതാക്കളോട് രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ സാഹചര്യം അറിയാനാണ് കൂടിയാലോചനയ്ക്ക് വിളിച്ചത്. എല്ലാ വശങ്ങളും ആലോചിച്ചായിരിക്കും തീരുമാനമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
കേരളത്തിലെ മുഖ്യമന്ത്രി തർക്കം രൂക്ഷമാകുന്നതിനിടെ ഹൈക്കമാൻഡിനും രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ വയനാട്ടിൽ പോസ്റ്റർ പ്രതിഷേധം. വയനാട് ഡി സി സി ഓഫീസിന് സമീപമാണ് ഇംഗ്ലീഷിൽ എഴുതിയ പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. കെ സി വേണുഗോപാലിനെ പിന്തുണച്ചാൽ കേരളത്തിലെ ജനങ്ങൾ നിങ്ങൾക്ക് മാപ്പ് തരില്ലെന്നും, വയനാട് ഇനി അടുത്ത അമേഠിയായി മാറുമെന്നുമാണ് പോസ്റ്ററുകൾ മുന്നറിയിപ്പ് നൽകുന്നത്. കെ സി വേണുഗോപാൽ രാഹുൽ ഗാന്ധിയുടെ വെറുമൊരു പെട്ടിയെടുപ്പുകാരൻ ആണെന്നും പോസ്റ്ററിൽ വിമർശനമുണ്ട്. ഈ സാഹചര്യത്തിൽ രാഹുലിന്‍റെയും പ്രിയങ്കയുടെയും വിഡ്ഢിത്തരങ്ങൾക്ക് കേരളം മാപ്പ് നൽകില്ലെന്നും പോസ്റ്ററിൽ പറയുന്നു. വയനാടിനെ രാഹുൽ ഗാന്ധിയും പ്രിയങ്കയും മറന്നേക്കൂ എന്നും ഇനി ഇവിടെ നിന്ന് ജയിക്കില്ലെന്നും പോസ്റ്ററുകൾ വ്യക്തമാക്കുന്നു. ആരുടെയും പേരില്ലാതെയാണ് ഈ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam