പൊലീസ് ഡ്രൈവറെ മർദ്ദിച്ച കേസ്; എഡിജിപിയുടെ മകൾക്കെതിരെ നിയമോപദേശം

By Web TeamFirst Published May 27, 2020, 11:32 AM IST
Highlights

ഡ്രൈവർക്കെതിരെ എഡിജിപിയുടെ മകൾ നൽകിയ പരാതി നിലനിൽക്കില്ലെന്നും അഡ്വേക്കേറ്റ് ജനറൽ നിയമപദേശം നൽകി.

തിരുവനന്തപുരം: പൊലീസ്  ഡ്രൈവറെ മ‍ർദ്ദിച്ച കേസിൽ എഡിജിപിയുടെ മകൾക്കെതിരെ കുറ്റപത്രം സമർ‍പ്പിക്കാമെന്ന് നിയമോപദേശം. ഡ്രൈവർക്കെതിരെ എഡിജിപിയുടെ മകൾ നൽകിയ പരാതി നിലനിൽക്കില്ലെന്നും അഡ്വേക്കേറ്റ് ജനറൽ നിയമപദേശം നൽകി. ഇതിനു പിന്നാലെ കേസെടുക്കാൻ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് നീക്കം തുടങ്ങി.

ഔദ്യോഗിക കാറിൽ യാത്ര ചെയ്യുമ്പോഴാണ് ഡ്രൈവർ ഗവാസ്ക്കറെ എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ മർദ്ദിച്ചത്. കഴുത്തിന് പിന്നിൽ ഗവാസ്ക്കറിന് പരിക്കേറ്റിരുന്നു. ഗവാസ്ക്കറുടെ പരാതിയിൽ എഡിജിപിയുടെ മകള്‍ക്കെതിരെ പൊലീസ് കേസെടുത്തിന് പിന്നാലെയാണ്,  ഡ്രൈവർ അപമര്യാദയായ പെരുമാറുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന പരാതിയുമായി എഡിജിപിയടെ മകളും പൊലീസിനെ സമീപിച്ചത്. രണ്ട് കേസുകളും ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്. 

ഗവാസ്ക്കറിന് മർദ്ദനമേറ്റതിന് സാക്ഷികളും തെളിവുകളും സഹിതം ക്രൈം ബ്രാഞ്ച് എസ്പി പ്രശാന്തൻ ക്രൈം ബ്രാഞ്ച് മേധാവിക്ക് റിപ്പോർട്ട് നൽകി. എഡിജിപിയുടെ മകളുടെ പരാതിയിലും അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകി. ഗവാസ്ക്കറിനെ ആക്രമിക്കുന്നതിന് സാക്ഷികളൊന്നുമില്ലെന്നും പെണ്‍കുട്ടിയുടെ മൊഴി മാത്രമാണുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. രണ്ടു റിപ്പോർട്ടുകളും അഡ്വക്കേറ്റ് ജനറലിൻ്റെ ഉപദേശത്തിന് ക്രൈം ബ്രാഞ്ച് അയച്ചു. ഗവാസക്കർ നൽകിയ പരാതി മാത്രമേ നിലനിൽക്കുകയുള്ളൂയെന്നാണ് അഡ്വക്കേറ്റ് ജനറലിൻ്റെ നിയമോപദേശം. 

2018 ജൂണ്‍ 14നാണ് മ്യൂസിയത്ത് വച്ച് ഗവാസ്ക്കറിന് മർദ്ദനമേൽക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെ കേസുകള്‍ റദ്ദാക്കമെന്നാവശ്യപ്പെട്ട് ഗവാസ്ക്കറും എഡിജിപിയുടെ മകളും ഹൈക്കോടതിയെ സമീപിച്ചിരുന്നു. രണ്ടു ഹർജികളിലും കോടതി ഇതുവരെ തീർപ്പാക്കിയിട്ടില്ല. പക്ഷെ അന്വേഷണം സ്റ്റേ ചെയ്യാത്തിനാൽ കേസന്വേഷണം പൂർത്തിയാക്കാൻ ക്രൈം ബ്രാഞ്ച് തീരുമാനമെടുക്കുകയായിരുന്നു. എഡിജിപിയുടെ മകള്‍ക്കെതിരെ കുറ്റപത്രം ഉറപ്പായ സാഹചര്യത്തിൽ ഗവാസ്ക്കറിനെ കൊണ്ട് പരാതി പിൻവലിക്കാനുള്ള നീക്കവും സജീവമായിട്ടുണ്ട്. 

click me!