ഹൈടെക് സ്‌കൂൾ പദ്ധതിയെക്കുറിച്ചുള്ള പ്രസ്‌താവന; ചെന്നിത്തലക്കെതിരെ വക്കീൽ നോട്ടീസ്

By Web TeamFirst Published Nov 15, 2020, 4:31 PM IST
Highlights

ഹൈടെക് സ്കൂള്‍ നവീകരണ പദ്ധതിയെ കുറിച്ച് തെറ്റിദ്ധണയുണ്ടാക്കുന്ന പ്രസ്താവനകള്‍ നടത്തിയതിനാണ് രമേശ് ചെന്നിത്തലക്കെതിരെ ലീഗല്‍ നോട്ടീസ് അയച്ചത്. 

തിരുവനന്തപുരം: ഹൈടെക് സ്‌കൂൾ പദ്ധതിയെക്കുറിച്ചുള്ള പ്രസ്‌താവനയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വക്കീല്‍ നോട്ടീസ്. ഹൈടെക് സ്കൂള്‍ നവീകരണ പദ്ധതിയെ കുറിച്ച് തെറ്റിദ്ധണയുണ്ടാക്കുന്ന പ്രസ്താവനകള്‍ നടത്തിയതിനാണ് രമേശ് ചെന്നിത്തലക്കെതിരെ പദ്ധതി നടപ്പാകുന്ന കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന് (കൈറ്റ്) വേണ്ടി സോളിസിറ്റേര്‍സ് ഇന്ത്യ ലോ ഓഫീസ് ലീഡ് പാർട്ണറും സുപ്രീംകോടതി അഭിഭാഷകനായ അ‍ഡ്വ. ദീപക് പ്രകാശ് ലീഗല്‍ നോട്ടീസ് അയച്ചത്. 

നവംബര്‍ 7 ന് മലയാള മനോരമ ദിനപത്രത്തില്‍ വന്ന ഒരു വാര്‍ത്തയെ ദുർവ്യാഖ്യാനം ചെയ്ത് പ്രതിപക്ഷ നേതാവ് പൊതുപരിപാടിയിലൂടെയും ഫേസ്ബുക്കിലൂടെയും തെറ്റായ പ്രസ്താവനകള്‍ നടത്തിയിരുന്നു. എന്നാല്‍ ആ ദിവസം തന്നെ വാര്‍ത്തയിലെ വിവരങ്ങളും കൈറ്റ് നടപ്പാക്കുന്ന ഹൈടെക് സ്കൂള്‍ പദ്ധതിയുമായി ഒരു ബന്ധവുമില്ലെന്നും തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അന്ന് കൈറ്റ് പത്രക്കുറിപ്പ് ഇറക്കിയിരുന്നു. കൈറ്റിന്റെ പത്രക്കുറിപ്പിനെത്തുടര്‍ന്ന് നവംബര്‍ 8 ന് മലയാള മനോരമ ദിനപ്പത്രം ഈ വിശദീകരണം വ്യക്തമായി പ്രസിദ്ധീകരിച്ചിരുന്നു.

പിന്നാലെ, വസ്തുതകള്‍ വ്യക്തമാക്കിയും ഇതുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും ലഭ്യമാക്കാന്‍ സന്നദ്ധത അറിയിച്ചും കൈറ്റ് പ്രതിപക്ഷ നേതാവിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍, അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ വീണ്ടും ആവര്‍ത്തിച്ച സാഹചര്യത്തിലാണ് പ്രസ്താവന നിരുപാധികം പിന്‍വലിച്ചില്ലെങ്കില്‍ സിവില്‍-ക്രിമിനല്‍ നിയമ നടപടികളുമായി മുന്നോട്ടുപോവും എന്ന് കാണിച്ച് ലീഗല്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്.
 

click me!