
തിരുവനന്തപുരം: കിഫ്ബി വിവാദത്തിൽ ധനമന്ത്രി തോമസ് ഐസകിനെതിരെ സ്വദേശി ജാഗരൺ മഞ്ച് നേതാവ് രഞ്ജിത് കാർത്തികേയൻ. കിഫ്ബി ഹർജിക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന എന്ന ആരോപണം ധനമന്ത്രിയുടെ സ്ഥാനത്തിന് ചേരാത്തതതാണ്.
ഈ ആരോപണം തെളിയിക്കാൻ താൻ ധനമന്ത്രിയെ വെല്ലുവിളിക്കുന്നതാണ് രഞ്ജിത്ത് കാർത്തികേയൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കിഫ്ബിയിൽ നടക്കുന്നത് സാമ്പത്തിക കെടുകാര്യസ്ഥതയാണ്. കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടനെ താൻ നേരിട്ട് വക്കാലത്ത് ഏൽപിച്ചതല്ല. താൻ കേസ് നടത്താൻ ഏൽപിച്ച ഒരു നിയമകമ്പനിയുടെ ഒരു ഭാഗം മാത്രമാണ് അയാൾ.
കിഫ്ബി പദ്ധതിയെ തകർക്കാൻ ഗൂഢാലോചന നടന്നതിനുള്ള തെളിവുകൾ ധനമന്ത്രിയുടെ കൈയിലുണ്ടെങ്കിൽ അതു പുറത്തു വിടാൻ തയ്യാറാവണം. ധനമന്ത്രി നാട്ടുകാരോട് കള്ളം പറഞ്ഞുവെന്നും രഞ്ജിത്ത് കാർത്തികേയൻ പറഞ്ഞു.
കിഫ്ബി പദ്ധതിക്കെതിരായ സിഎജി റിപ്പോർട്ടിനെതിരെ ധനമന്ത്രി തോമസ് ഐസക് നേരിട്ട് രംഗത്തു വന്നോതോടെയാണ് ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ആരംഭിച്ചത്. കിഫ്ബി വായ്പ്പകൾ അനധികൃതമെന്നും, ഭരണഘടനാ വിരുദ്ധമെന്നുമുള്ള കണ്ടെത്തലുകൾ ഓഡിറ്റ് വേളയിൽ ഒരിക്കൽപ്പോലും ഉന്നയിക്കപ്പെടാത്തതാണെന്നും റിപ്പോർട്ടിൽ ഇവ ഇടംപിടിച്ചത് ഗൂഢാലോചനയാണെന്നും മന്ത്രി പറഞ്ഞിരുന്നു.
മുൻ വർഷങ്ങളിലൊന്നും പറയാത്ത കാര്യം ഇക്കുറി സിഎജിയുടെ കണ്ടെത്തലായി പുറത്തു വന്നതിലും ഇതേ വിഷയമുന്നയിച്ച് സ്വദേശി ജാഗരൺ മഞ്ച് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലും ഗൂഢാലോചന നടന്നതായും ധനമന്ത്രി ആരോപിച്ചിരുന്നു.
ബിജെപി നേതാവ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഹാജരായത് കെപിസിസി സെക്രട്ടറി മാത്യു കുഴൽനാടനാണെന്നും, ഹർജിയുമായി ബന്ധപ്പെട്ട് തൃശൂരിൽ വെച്ച് കൂടിയാലോചന നടത്തിയവരെക്കുറിച്ചറിയാം എന്നും ധനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam